ലോകരാജ്യങ്ങളിൽ പലതും കഴിഞ്ഞ ഒരാഴ്ചയായി കൊവിഡ് മഹാമാരിയുമായി ജീവന്മരണ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കെ, കൊറോണാ വൈറസിനെ കീഴടക്കിക്കഴിഞ്ഞിരുന്ന ദക്ഷിണ കൊറിയയിൽ തെരഞ്ഞെടുപ്പിന്റെ തിരക്കായിരുന്നു. ഒടുവിൽ പോളിംഗ് കഴിഞ്ഞ്, വ്യാഴാഴ്ച ഫലം പ്രഖ്യാപിക്കപ്പെട്ടപ്പോൾ റെക്കോർഡ് ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറിയിരിക്കുകാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ചായ്വുള്ള സഖ്യം. കൊറോണാ വൈറസിനെതിരായ ഗവൺമെന്റിന്റെ വീറുറ്റ പോരാട്ടമാണ് മൂൺ ജേ ഇന്നിനെ വീണ്ടും അധികാരത്തിലെത്തിയത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. 

ചൈനയ്ക്ക് ശേഷം കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യമായിരുന്നു ദക്ഷിണ കൊറിയ. 10,653 പേര്‍ക്കാണ് ഇതുവരെ ദക്ഷിണ കൊറിയയില്‍ കൊവിഡ് 19 ബാധിച്ചത്. ഇതില്‍ 232 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 7,937 പേര്‍ക്ക് ഇതിനോടകം തന്നെ രോഗം ഭേദമായി. കൊറോണവൈറസിനെ ഇത്ര പെട്ടന്ന് നിയന്ത്രണത്തിലാക്കാൻ ദക്ഷിണ കൊറിയയെ സഹായിച്ചത് അവരുടെ വളരെ സക്രിയമായ ടെസ്റ്റിങ് സ്ട്രാറ്റജി ആണ്. WHO 'യുടെ 'ടെസ്റ്റ്, ട്രേസ്, ഐസൊലേറ്റ്, ട്രീറ്റ്' എന്ന വിജയമന്ത്രത്തിന്റെ ഏറ്റവും ഫലപ്രദമായ മാതൃകയാണ് നമ്മൾ ദക്ഷിണ കൊറിയയിൽ കണ്ടത്. 546,463 പേരെയാണ്  ആകെ 'ദ കൊറിയ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍' (കെസിഡിസി), കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്.  

 

 

കൊവിഡ് മഹാമാരിക്ക് ശേഷം വരുന്ന ആദ്യത്തെ തെരഞ്ഞെടുപ്പ് എന്ന നിലയിൽ ലോകമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു ദക്ഷിണ കൊറിയയിലെ തെരഞ്ഞെടുപ്പ്.  കടുത്ത സുരക്ഷാ മുൻകരുതലുകൾ പാലിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പാണ് അവിടെ നടന്നത്. 14,000 -ലധികം വരുന്ന പോളിംഗ് സ്റ്റേഷനുകൾ പലവുരു സാനിറ്റൈസ് ചെയ്തു സർക്കാർ. വോട്ടർമാരോടെല്ലാം തന്നെ മാസ്ക് ധരിച്ചു കൊണ്ടുമാത്രം വരണം എന്ന് ആവശ്യപ്പെട്ടിരുന്നു. അതും കർശനമായി പാലിച്ചു. വരുന്നവരെ ഒക്കെ തെർമൽ സ്‌ക്രീനിങ്ങിനു വിധേയരാക്കി. അവരെ സാനിറ്റൈസ് ചെയ്തു മാത്രം പോളിംഗ് ബൂത്തിലേക്ക് കയറ്റി. പ്ലാസ്റ്റിക് ഗ്ലൗസ് ധരിച്ചു മാത്രം അകത്തേക്ക് വിട്ടു. അവരെ സാമൂഹിക അകലം പാലിച്ചു കൊണ്ടാണ് വരിനിർത്തിയത് പോലും. ഇത്രയൊക്കെ സുരക്ഷാ ബഹളങ്ങൾ ഉണ്ടായിരുന്നിട്ടും റെക്കോർഡ് പോളിംഗ് ആയിരുന്നു.  66.2 ശതമാനം. 1992 -നു ശേഷമുള്ള ഏറ്റവും കൂടിയ പോളിംഗ് നിരക്കാണിത് എന്ന് ദക്ഷിണ കൊറിയയിലെ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.  

കൊവിഡ് ബാധിച്ചു കിടന്ന 2800 പേർക്കും മെയിൽ വഴിയും, പ്രത്യേകം ബൂത്തുകൾ സജ്ജീകരിച്ച് നേരിട്ട് വന്നും വോട്ടുചെയ്യാൻ അവസരം നൽകി. ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 13,000 -ലധികം പേർക്ക് പോളിംഗ് കഴിഞ്ഞ ശേഷം അവസരം നൽകി. മൂൺ ജേ ഇന്നിന്റെ ഡെമോക്രാറ്റിക് പാർട്ടിയുടെ ജനപിന്തുണ കൊവിഡ് ബാധ തുടങ്ങിയ ഫെബ്രുവരി മാസത്തിൽ കാര്യമായി ഇടിഞ്ഞിരുന്നു. അതിനുമുമ്പും സാമ്പത്തിക മാന്ദ്യവും അഴിമതി ആരോപണങ്ങളും ഒക്കെ കാരണം ജനങ്ങളുടെ ഈർഷ്യക്ക് പാത്രമായിരിക്കുകയായിരുന്ന പാർട്ടിക്ക് മുന്നിൽ 'ഉർവ്വശീശാപം ഉപകാരം' എന്ന മട്ടിലായിരുന്നു കൊവിഡ് 19 എന്ന മഹാമാരിയുടെ വരവ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അസാമാന്യമായ ഒത്തിണക്കത്തോടെ പ്രവർത്തിച്ച ഗവൺമെന്റും പാർട്ടിയും അതോടെ അത്രയും നാളുണ്ടായിരുന്ന കയ്പ്പിനെ ആരോഗ്യരംഗത്തെ ഒരേയൊരു മാസത്തെ പ്രകടനത്തിലൂടെ മധുരമാക്കി മാറ്റിയെടുത്തു. പുരോഗമനാത്മകമായ നിലപാടുകളോട് കൂടിയ മൂൺ ജേ ഇന്നിന്റെ പാർട്ടി നടത്തിയത് വളരെ മികച്ച രീതിയിലുള്ള പ്രചാരണങ്ങളും, പ്രതിരോധപ്രവർത്തനങ്ങളും, ചികിത്സാ പദ്ധതികളും ആയിരുന്നു.

 

 

ആകെ 300 സീറ്റുള്ള പാർലമെന്റിൽ 60% അതായത് 180  സീറ്റും ഡെമോക്രാറ്റിക് പാർട്ടി നേടി. കഴിഞ്ഞ തവണ 120 സീറ്റുകൾ ഉണ്ടായിരുന്നേടത്താണ് 50 % അഭിവൃദ്ധി സീറ്റുകളുടെ കാര്യത്തിൽ ഇടതുപക്ഷത്തിന് ദക്ഷിണ കൊറിയയിൽ ഉണ്ടായിട്ടുള്ളത്. " രാജ്യത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ഞങ്ങൾ നടത്തിയ ഭഗീരഥപ്രയത്നത്തിന് കിട്ടിയ അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പ് വിജയം" എന്നാണ് മൂൺ ജേ ഇൻ പറഞ്ഞത്. മഹാമാരിയോടുള്ള പോരാട്ടത്തിൽ തങ്ങളുടെ കർശന നിയന്ത്രണങ്ങളോട് സഹകരിച്ച ജനങ്ങളോട് അദ്ദേഹം നിറഞ്ഞ നന്ദിയും രേഖപ്പെടുത്തി. സിയൂൾ പ്രവിശ്യയിൽ 80 ശതമാനം സീറ്റുകളും നേടിയത് ഡെമോക്രാറ്റിക് പാർട്ടി തന്നെയായിരുന്നു.

 

 

രാജ്യത്തെ പൊതുജനാരോഗ്യത്തിനോ സാമ്പത്തിക രംഗത്തിനോ കാര്യമായ ചേതമൊന്നും പറ്റാതെ തന്നെ കൊവിഡ് പോരാട്ടം പൂർത്തിയാക്കി, സുരക്ഷിതമായ ദക്ഷിണ കൊറിയയുടെ മാതൃക ലോകാരോഗ്യ സംഘടനയുടെ പ്രശംസക്ക് പാത്രമായിരുന്നു. ഇപ്പോൾ ശരാശരി 25-30  കേസുകൾ മാത്രമാണ് പ്രതിദിനം കൊറിയയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മഹാമാരിയെ കൈകാര്യം ചെയ്തതിൽ കാണിച്ച അതെ കാര്യക്ഷമത തെരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്തുന്നതിൽ കാണിച്ചതും ഭരണകക്ഷിക്ക് ഗുണം ചെയ്തതായി മാധ്യമങ്ങൾ അഭിപ്രായപ്പെടുന്നുണ്ട്. 

എന്തായാലും, കൊവിഡ് കാലത്തെ പോരാട്ടങ്ങളിൽ കാഴ്ചവെക്കുന്ന സ്തുത്യർഹമായ പ്രകടനങ്ങൾ വരുംകാലത്ത് വോട്ടായി മാറും എന്ന പ്രതീക്ഷയാണ്, ദക്ഷിണ കൊറിയൻ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ലോകത്തിന്റെ മറ്റുഭാഗങ്ങളിലുള്ള ഭരണകക്ഷികൾക്കും പകർന്നു നൽകുന്നത്.