നദിയിലേക്ക് ചാടിയതും താൻ ചെയ്തത് തെറ്റായിപ്പോയി എന്ന് തോന്നിയ മാലതി തിരികെ കരയിലേക്ക് നീന്തി. കരയിലെത്തിയപ്പോഴാണ് ഇവരുടെ ശ്രദ്ധയിൽ ഒരു വലിയ മുതല പെട്ടത്.

ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്ന് ഞെട്ടിക്കുന്നതും എന്നാൽ വിചിത്രവുമായ ഒരു സംഭവമാണ് ഇപ്പോൾ വാർത്തയാവുന്നത്. ഭർത്താവിനോട് വഴക്കിട്ട ഒരു സ്ത്രീ ഗംഗാനദിയിൽ ചാടി. പക്ഷേ, നദിക്കുള്ളിൽ മുതലയെ കണ്ടതും ഭയന്നുപോയ അവർ ജീവൻ രക്ഷിക്കാനായി നദിക്കരയിൽ ഉണ്ടായിരുന്ന ഒരു മരത്തിൽ കയറുകയായിരുന്നു. അഹിർവാനിൽ താമസിക്കുന്ന സുരേഷിന്റെ ഭാര്യ മാലതി എന്ന സ്ത്രീയാണ് ആദ്യം ഗംഗാനദിയിൽ ചാടി ജീവൻ അവസാനിപ്പിക്കാൻ ശ്രമിക്കുകയും പിന്നീട് മുതലയിൽ നിന്ന് രക്ഷപ്പെടാൻ മരത്തിൽ കയറുകയും ചെയ്തത്. മരത്തിൽ കയറിയ ഇവർ ഒരു രാത്രി മുഴുവൻ മുതലയെ ഭയന്ന് മരത്തിനു മുകളിൽ ഇരുന്നു.

റിപ്പോർട്ടുകൾ പ്രകാരം സുരേഷും ഭാര്യ മാലതിയും തമ്മിൽ വാക്കു തർക്കങ്ങളും വഴക്കും സ്ഥിരമായിരുന്നു. സെപ്റ്റംബർ 6 ശനിയാഴ്ച രാത്രിയും ഇരുവരും തമ്മിൽ വഴക്കുണ്ടാക്കി. സുരേഷ് മാലതിയോട് ചായ ഉണ്ടാക്കാൻ ആവശ്യപ്പെടുകയും എന്നാൽ അവർ അത് നിഷേധിക്കുകയും തനിച്ച് ഉണ്ടാക്കി കുടിക്കാൻ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് ഇരുവരും തമ്മിലുള്ള തർക്കം ആരംഭിച്ചത്. പിന്നീട് അത് വലിയ വഴക്കിൽ എത്തിച്ചേരുകയും മാലതി വീടുവിട്ട് ഇറങ്ങിപ്പോകുകയുമായിരുന്നു.

തുടർന്ന് ഇവർ ജാജ്മൗവിലെ ഗംഗാ പാലത്തിൽ നിന്ന് ഗംഗാ നദിയിലേക്ക് ചാടി. നദിയിലേക്ക് ചാടിയതും താൻ ചെയ്തത് തെറ്റായിപ്പോയി എന്ന് തോന്നിയ മാലതി തിരികെ കരയിലേക്ക് നീന്തി. കരയിലെത്തിയപ്പോഴാണ് ഇവരുടെ ശ്രദ്ധയിൽ ഒരു വലിയ മുതല പെട്ടത്. ഒടുവിൽ മുതലയിൽ നിന്ന് രക്ഷപ്പെടാൻ സമീപത്തു കണ്ട മരത്തിൽ അഭയം തേടി. രാത്രി മുഴുവൻ മരത്തിൽ തന്നെ ഇരുന്ന ഇവർ നേരം പുലർന്നപ്പോൾ പ്രദേശവാസികളെ സഹായത്തിനായി വിളിക്കുകയായിരുന്നു.

തനിക്ക് സംഭവിച്ച കാര്യങ്ങൾ പ്രദേശവാസികളോട് പറഞ്ഞതോടെ അവർ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി സുരക്ഷിതമായി ഇവരെ മരത്തിൽ നിന്നും താഴെ ഇറക്കുകയും ചെയ്തു.