Asianet News MalayalamAsianet News Malayalam

36 -കാരിയായ പ്രധാനമന്ത്രിയുടെ ഡാന്‍സ് വീഡിയോ ചോര്‍ന്നു, അടിച്ചു പൂസായെന്ന് വിവാദം, അല്ലെന്ന് മറുപടി!

ഒരു പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ല സന്നാ മരിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍, പ്രധാനമന്ത്രി ആയാലും ജീവിതാനന്ദങ്ങളില്‍നിന്നും വിട്ടു നില്‍ക്കേണ്ടതില്ല എന്നാണ് അവരെ അനുകൂലിക്കുന്നവര്‍ പറയുന്നത്. 

Finland PM Sanna Marins leaked party video goes viral
Author
Finland, First Published Aug 19, 2022, 1:30 PM IST

വിവാദങ്ങള്‍ പുത്തരിയല്ല ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്നാ മരിന്. വെറും 36 വയസ്സു മാത്രമുള്ള, സുന്ദരിയായ സന്നാ മരിന്റെ പാര്‍ട്ടി വീഡിയോകളും ഫോട്ടോകളുമെല്ലാം വിവാദമായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും ഇവ ഇടയാക്കാറുണ്ട്. എന്നാല്‍, ഇത്തവണ സന്നാ മരിനു നേരെയുയര്‍ന്നത് ഗുരുതരമായ ആരോപണമാണ്. നിരോധിത മയക്കുമരുന്ന് ഉപയോഗിച്ച് കൂട്ടുകാര്‍ക്കൊപ്പം നൃത്തം ചെയ്്തു എന്നാണ് പുതിയ ആരോപണം. സന്നാ മരിന്റെ പുതിയൊരു വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്നാണ് ഈ വിവാദം. ഒരു പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ല സന്നാ മരിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍, പ്രധാനമന്ത്രി ആയാലും ജീവിതാനന്ദങ്ങളില്‍നിന്നും വിട്ടു നില്‍ക്കേണ്ടതില്ല എന്നാണ് അവരെ അനുകൂലിക്കുന്നവര്‍ പറയുന്നത്. അതിനിടെ, താന്‍ ഒരിക്കലും മയക്കുമരുന്നുപയോഗിച്ചിട്ടില്ല എന്നും എന്ത് പരിശോധനയ്ക്കും തയ്യാറാണെന്നും വ്യക്തമാക്കി പ്രധാനമന്ത്രി തന്നെ രംഗത്തുവന്നു. 

റസുഹൃത്തുക്കളുമായും ഫിന്നിഷ് പൊതുപ്രവര്‍ത്തകരുമായും സന്ന മാരിന്‍ അടിച്ചുപൂസായ വിധത്തില്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ ബുധനാഴ്ചയാണ്  ചോര്‍ന്നത്. ഒരു സംഘം സ്ത്രീകള്‍ക്കൊപ്പം പ്രധാനമന്ത്രി ആടിപ്പാടി നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയായിലുള്ളത്. ഫിന്‍ലാന്‍ഡിലെ സെലബ്രിറ്റികളും രാഷ്ട്രീയ പ്രമുഖരുമെല്ലാം അടങ്ങിയ കൂട്ടത്തിനു നടുവിലാണ് പ്രധാനമന്ത്രിയുടെ നൃത്തം. അടിച്ചു പൂസായി പ്രധാനമന്ത്രി നൃത്തം ചെയ്യുന്നു എന്ന രീതിയിലാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചത്. തുടര്‍ന്ന്, നിരോധിത മയക്കുമരുന്നായ കൊക്കൈന്‍ ഉപയോഗിച്ചുള്ള പാര്‍ട്ടിയാണ് നടന്നതെന്ന് ആരോപണം ഉയര്‍ന്നു. അതോടൊപ്പം, ഇവരുടെ രാജിക്കു വേണ്ടിയുള്ള മുറവിളികളും ഉയര്‍ന്നുവന്നു. സോഷ്യല്‍ മീഡിയാ സ്‌റ്റോറി ആയി പുറത്തുവന്ന വീഡിയോ വൈറലായതിനെ  തുടര്‍ന്ന്, സന്ന മരിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.  

ചില മാധ്യമങ്ങള്‍ പ്രധാനമന്ത്രി സന്ന മരിന്‍ ഉള്‍പ്പെട്ട പാര്‍ട്ടി സംഘത്തെ ജൗഹോജെംഗി എന്നാണ് വിശേഷിപ്പിച്ചത്. 'മയക്കുമരുന്നു കൂട്ടം' എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ചോര്‍ന്ന പാര്‍ട്ടി വീഡിയോകളില്‍ ഒന്നില്‍ കൊക്കെയ്‌നെ കുറിച്ച് പറയുന്നത് കേള്‍ക്കാമെന്ന് ഫിന്നിഷ് മാധ്യമമായ 'വൈല്‍' (Yleisradio Oy ) റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ വാക്ക് ജല്ലുജെങ്കി ( ഫിന്നിഷ് ലഹരിപാനീയമായ ജലോവിന) ആയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ്  സോഷ്യല്‍ മീഡിയയില്‍ പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ആരോപണങ്ങള്‍ കടുത്തതോടെ പ്രധാനമന്ത്രി സ്വമേധയാ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയ ആകുന്നതാണ് നല്ലതെന്ന് എംപി മിക്കോ കര്‍ണ ഉള്‍പ്പെടെയുള്ളവര്‍ ട്വീറ്റ് ചെയ്തിരുന്നു.

ഈ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് ആവശ്യമെങ്കില്‍ താന്‍ മയക്കുമരുന്ന് പരിശോധനയ്ക്ക്  വിധേയയാവാമെന്ന് സന്നാ മരിന്‍ മാധ്യമങ്ങളോട് പറഞ്ഞു.  തനിക്ക് ഒന്നും മറയ്ക്കാനില്ല. ഒരിക്കലും മയക്കുമരുന്ന് കഴിച്ചിട്ടില്ല. ആഴ്ചകള്‍ക്ക് മുമ്പ് ഒരു സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് ഇപ്പോള്‍ പുറത്തുവന്ന വീഡിയോകള്‍ ചിത്രീകരിച്ചതെന്നും ഹെല്‍സിങ്കിയിലെ രണ്ട് ബാറുകളില്‍ അതിഥികളോടൊപ്പം സമയം ചിലവഴിച്ചെന്നും എന്നാല്‍, താന്‍ അമിതമായി മദ്യപിച്ചിരുന്നില്ലെന്നും മാരിന്‍ പറഞ്ഞു. കൂട്ടുകാരുമൊത്തുള്ള നൈറ്റ് ഔട്ട് മാത്രമായിരുന്നു അത് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന വിശേഷണത്തോടെ അധികാരത്തിലെത്തിയ വ്യക്തിയാണ് സന്ന മരിന്‍. പക്ഷെ ഇതാദ്യമല്ല ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി വിവാദങ്ങളില്‍ പെടുന്നത്. നൈറ്റ് ക്ലബ്ബുകളിലും മ്യൂസിക് പാര്‍ട്ടികളിലും ഒക്കെ പങ്കെടുക്കുന്ന സന്നാ മരിന്റെ വീഡിയോകള്‍ ഇതിനുമുമ്പും ലീക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കാലത്ത് തന്റെ പേഴ്‌സണല്‍ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചതിന് തൊട്ടു പിന്നാലെ നിശാ ക്ലബ്ബിലെത്തിയ സന്ന മരിന്റെ നടപടി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. 
 

Follow Us:
Download App:
  • android
  • ios