സംഭവസ്ഥലത്ത് നിന്നും പകർത്തിയ, വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ തീ താഴേക്ക് വീഴുമ്പോൾ ആളുകൾ ഭയന്ന് പരക്കംപായുന്നതാണ് കാണുന്നത്.
വെടിക്കെട്ടു പോലെയുള്ള ചില പരിപാടികൾ നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ അപകടമായിത്തീരാം. അതുപോലെ ഒരു സംഭവമാണ് ഇപ്പോൾ ചൈനയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഫയർവർക്ക് ഡ്രോൺ ഷോയിൽ പിഴവ് സംഭവിക്കുകയും കാണികളുടെ മേലേക്ക് തീ വീഴുകയുമായിരുന്നു. ഒക്ടോബർ 2 -ന് ഹുനാൻ പ്രവിശ്യയിലെ ലിയുയാങ് നഗരത്തിലെ സ്കൈ തിയേറ്ററിലാണ് സംഭവം നടന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
'ഒക്ടോബർ: ദ സൗണ്ട് ഓഫ് ബ്ലൂമിംഗ് ഫ്ലവേഴ്സ് (October: The Sound of Blooming Flowers)' എന്ന് പേരിട്ടിരിക്കുന്ന ഷോ, കരയിലും വെള്ളത്തിലും എങ്ങനെ ഫയർ വർക്സ്, ഡ്രോണുകളും ഉപയോഗിച്ച് ഒരു 3D ദൃശ്യാനുഭവം സൃഷ്ടിക്കാം എന്ന തരത്തിലാണ് ഡിസൈൻ ചെയ്തിരുന്നത്. എന്നാൽ, പിഴവ് മൂലം തുടങ്ങി അധികം വൈകും മുമ്പ് തന്നെ പരിഭ്രാന്തി സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് ഇത് മാറുകയായിരുന്നു.
സംഭവസ്ഥലത്ത് നിന്നും പകർത്തിയ, വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ തീ താഴേക്ക് വീഴുമ്പോൾ ആളുകൾ ഭയന്ന് പരക്കംപായുന്നതാണ് കാണുന്നത്. അതിനിടയിൽ തല രക്ഷിക്കാനായി ആളുകൾ കസേര എടുത്ത് തലയ്ക്ക് മുകളിൽ പിടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. ആളുകൾ എങ്ങനെയെങ്കിലും അവിടെ നിന്നും രക്ഷപ്പെടാനായി ഓടിപ്പോകാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ഉദ്യോഗസ്ഥർ ഒരു മൈൽ ചുറ്റളവിൽ ഒഴിപ്പിക്കൽ മേഖല (evacuation zone) ആയി പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് അധികൃതർ പിന്നീട് സ്ഥിരീകരിച്ചു. അസാധാരണമായി വരണ്ട കാലാവസ്ഥയായിരുന്നു അന്ന്, അതാവാം ചിലപ്പോൾ പിഴവിന് കാരണമായിട്ടുണ്ടാവുക എന്നാണ് പറയുന്നത്.


