സമൂഹ മാധ്യമ പ്രാങ്ക്‌സ്റ്ററായ അമീൻ മൊജിറ്റോയ്ക്ക്, അപരിചിതരെ ഒഴിഞ്ഞ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെക്കുന്നതായി അഭിനയിച്ചതിന് 12 മാസം തടവ് ശിക്ഷ. ഈ പ്രവൃത്തി തമാശയല്ലെന്നും പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണെന്നും ഫ്രഞ്ച് കോടതി വിധിച്ചു.
പൊതുസ്ഥലങ്ങളിൽ അപരിചിതരായ ആളുകളെ ഒഴിഞ്ഞ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെക്കാൻ ശ്രമിക്കുന്നതായി അഭിനയിച്ച് കൊണ്ട് തരംഗമുണ്ടാക്കിയ സമൂഹ മാധ്യമ പ്രാങ്ക്‌സ്റ്ററായ അമീൻ മൊജിറ്റോയ്ക്ക് 12 മാസം തടവ് ശിക്ഷ. ഇതിൽ ആറ് മാസം ജയിലിൽ കഴിയണം. ഇലാൻ എം. എന്ന യഥാർത്ഥ പേരുള്ള അമീൻ മൊജിറ്റോ, പ്രകോപനപരവും ചിലപ്പോൾ ഞെട്ടിക്കുന്നതുമായ പ്രാങ്ക് വീഡിയോകളിലൂടെയാണ് ഓൺലൈനിൽ പ്രശസ്തി നേടിയത്. ഏറ്റവും വിവാദമായ ഒരു വീഡിയോയിൽ, കാൽ നടയാത്രികരെ സമീപിച്ച് ഒരു സിറിഞ്ച് ഉപയോഗിച്ച് കുത്തിവെക്കുന്നതായി അഭിനയിക്കുന്ന രംഗങ്ങളായിരുന്നു അദ്ദേഹം ചിത്രീകരിച്ചിരുന്നത്.
കോടതിയുടെ കണ്ടെത്തൽ
സിറിഞ്ചുകൾ ഒഴിഞ്ഞതായിരുന്നെങ്കിലും, ഈ പ്രവൃത്തി ആളുകളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചെയ്ത ഈ വീഡിയോകൾ അതിവേഗം വൈറലാവുകയും വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. മൊജിറ്റോയുടെ "സിറിഞ്ച് പ്രാങ്കുകൾ" തമാശയല്ലെന്നും, മറിച്ച് പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും അപകടത്തിലാക്കുകയും ചെയ്യുന്നതിന് തുല്യമാണെന്നും ഫ്രഞ്ച് കോടതി വിധിച്ചു. ഈ പെരുമാറ്റം ദുരുദ്ദേശപരവും അശ്രദ്ധവുമാണെന്ന് പ്രോസിക്യൂട്ടർമാർ വിശേഷിപ്പിച്ചു. ഇരകൾക്ക് ഇത് മാനസിക ആഘാതമുണ്ടാക്കിയെന്നും അവർ ചൂണ്ടിക്കാട്ടി. വിചാരണയ്ക്കിടെ, തങ്ങൾക്ക് ദോഷകരമായ വസ്തുക്കൾ കുത്തിവെക്കപ്പെടുമോയെന്ന് ഭയന്നിരുന്നെന്നും സംഭവത്തിൽ മാനസികമായി തളർന്നുപോയെന്നും നിരവധി ഇരകൾ മൊഴി നൽകി.
ശിക്ഷ
മൊജിറ്റോയ്ക്ക് 12 മാസത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്, അതിൽ ആറ് മാസം ജയിലിൽ കഴിയണം, ബാക്കി ആറ് മാസം താൽക്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ബന്ധപ്പെട്ട വീഡിയോകൾ നീക്കം ചെയ്യാനും ഭാവിയിൽ സമാനമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനും കോടതി ഉത്തരവിൽ പറയുന്നു. തന്‍റെ പ്രവൃത്തികൾ തമാശ മാത്രമായിരുന്നുവെന്നും ആരെയും ഉപദ്രവിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും മൊജിറ്റോ വാദിച്ചു. താൻ ആളുകളെ ചിരിപ്പിക്കാനാണ് ആഗ്രഹിച്ചത്, ഭയപ്പെടുത്താനായിരുന്നില്ല, വീഡിയോകളുടെ അനന്തരഫലങ്ങളിൽ ഖേദം പ്രകടിപ്പിച്ച് കൊണ്ട് മൊജിറ്റോ കോടതിയിൽ പറഞ്ഞു.
മൊജിറ്റോയുമായി ബന്ധപ്പെട്ട ആദ്യത്തെ വിവാദമല്ലിത്. മുൻപുള്ള പ്രാങ്ക് വീഡിയോകളുമായി ബന്ധപ്പെട്ട് ശല്യപ്പെടുത്തൽ, ആക്രമണം, പൊതുജനശല്യം തുടങ്ങിയ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഈ കേസ് ഫ്രാൻസിൽ പ്രാങ്ക് സംസ്കാരത്തിന്‍റെ പരിധിയെക്കുറിച്ചും സമൂഹ മാധ്യമങ്ങളിലെ ഉത്തരവാദിത്തത്തെക്കുറിച്ചും ഒരു വലിയ ചർച്ചയ്ക്ക് തുടക്കമിട്ടു. 'പൊതു സുരക്ഷ തുടങ്ങുന്നിടത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം അവസാനിക്കുന്നുവെന്നായിരുന്നു പ്രോസിക്യൂട്ടർമാർ അഭിപ്രായപ്പെട്ടത്.
നിർണ്ണായക വിധി
ഇൻഫ്ലുവൻസർമാരുടെയും പ്രാങ്ക് ഉള്ളടക്കങ്ങളുടെയും നിയന്ത്രണത്തിനായുള്ള ശ്രമങ്ങളിലെ ഒരു നാഴികക്കല്ലായിട്ടാണ് ഈ വിധി വിലയിരുത്തപ്പെട്ടത്. തങ്ങളുടെ വീഡിയോകളിൽ സംശയമില്ലാത്ത പൊതുജനങ്ങളെ ഉൾപ്പെടുത്തുമ്പോൾ, ഉള്ളടക്ക നിർമ്മാതാക്കൾ തങ്ങളുടെ പ്രവൃത്തികൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അധികാരികൾ ഊന്നിപ്പറഞ്ഞു. ഇപ്പോൾ മൊജിറ്റോ കസ്റ്റഡിയിലാണ്, ആറ് മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. കൂടുതൽ നിയമപരമായ പരിശോധനകൾക്കായി അദ്ദേഹത്തിന്‍റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ നിർജ്ജീവമാക്കിയെന്നും റിപ്പോർട്ടുണ്ട്.


