ജോർജിയയിലെ മഞ്ഞുമൂടിയ വടക്കൻ മലനിരകളിൽ പാർക്കുന്ന ഷാത്തിലി പ്രവിശ്യയിലെ അനാത്തോറി ഗ്രാമവാസികളോട് അവിടത്തെ മലഞ്ചെരിവുകളിൽ ഒറ്റപ്പെട്ടു കാണുന്ന കുടുസ്സായ കൽപ്പുരകളെപ്പറ്റി, അവയ്ക്കുള്ളിൽ അടക്കം ചെയ്യപ്പെട്ടുകിടക്കുന്ന അസ്ഥികൂടങ്ങളെപ്പറ്റി ഒക്കെ ചോദിച്ചാൽ അവർ ഒരു കഥപറയും. അവിശ്വസനീയമായ ഒരു കഥ. അവരുടെ ഗ്രാമത്തിന്റെ സ്വന്തം ഇതിഹാസം. 

 

 

കഴിഞ്ഞ നൂറ്റാണ്ടിൽ എപ്പോഴോ ഉണ്ടായ ഒരു പ്ളേഗ്, അത് കൊക്കാസാസിൽ മരണം വിതച്ചുകൊണ്ട് പടർന്നുപിടിച്ച നാളുകളിൽ ഒന്നിൽ, സഞ്ചാരിയായൊരു വ്യാപാരി ആ മഹാമാരിയെ മനഃപൂർവ്വമല്ലെങ്കിലും തന്നോടൊപ്പം അനാത്തോറി ഗ്രാമത്തിലേക്ക് കൊണ്ടുവരുന്നു. ജോർജിയൻ ഭാഷയിൽ 'സാമി' എന്നറിയപ്പെടുന്ന ആ പ്ളേഗ് വളരെ പെട്ടെന്നുതന്നെ പടർന്നു പിടിക്കാൻ തുടങ്ങി. അത് ഈ ഗ്രാമത്തിലെ ചിലരെയും ബാധിച്ചു. തങ്ങൾക്ക് വ്യാപാരിയിൽ നിന്ന് പകർന്നു കിട്ടിയ ആ രോഗം വൈകാതെ തങ്ങളുടെ ഗ്രാമത്തെ മുച്ചൂടും മുടിക്കും എന്ന് തിരിച്ചറിഞ്ഞ ആ നിസ്വാർത്ഥരായ ഗ്രാമീണർ ഒന്നൊന്നായി തങ്ങളുടെ രോഗ ശയ്യകളിൽ നിന്നെണീറ്റ്, രണ്ടു നദികൾ സംഗമിക്കുന്ന ഒരു മലഞ്ചെരുവിലേക്ക് വേച്ചുവേച്ചു നടന്നു ചെന്നു. ചിലർ ആ സംഗമസ്ഥാനത്തെ കയങ്ങളിലേക്ക് ചാടി സ്വന്തം ജീവൻ ത്യജിച്ചു. തങ്ങളിലെ രോഗത്തെ ആ നദിയിൽ മുക്കി ഇല്ലാതാക്കി. ഒരാൾക്കുപോലും പകർന്നു നൽകാതെ അവർ അത്  അവിടെ അവസാനിപ്പിച്ചു.

 

 

മറ്റു ചിലരാവട്ടെ, ഇത്തരം മഹാവ്യാധികളെ മുന്നിൽ കണ്ടുകൊണ്ട് മുന്നേ കൂടി ഗ്രാമത്തിലെ പ്രബുദ്ധരായ ഭരണാധികാരികൾ പണിതീർത്തിരുന്ന കൽപ്പുരകൾക്കുള്ളിൽ ഒരാളെയും കാണാൻ കൂട്ടാക്കാതെ ഇരിപ്പുറപ്പിച്ചു. അങ്ങനെ ഇരുന്ന് അവർ വിശപ്പും രോഗപീഡയും സഹിച്ച്, സ്വന്തം ജീവിതം അനാത്തോറി ഗ്രാമത്തിലെ മറ്റുള്ളവരുടെ ആയുരാരോഗ്യസൗഖ്യത്തിനായി ബലികഴിച്ചു. അങ്ങനെ അന്ന് അനാത്തോറി ഗ്രാമവാസികളിൽ ചിലർ സ്വന്തം ജീവിതത്തിനേക്കാൾ ഉപരിയായി സമൂഹത്തിന്റെ ആരോഗ്യത്തിന് മുൻഗണന നൽകി, കൽപ്പുരകളിൽ മരണത്തെ കാത്തു കിടന്നതാകും ഒരു പക്ഷേ, ലോകത്തിലെ മഹാമാരീബന്ധിതമായ ആദ്യത്തെ സ്വയം ക്വാറന്റൈൻ. 

 

 

വീരോചിതമായ ഈ ആത്മത്യാഗത്തിന്റെ കഥകൾ ജോർജിയൻ, ഇംഗ്ലീഷ് മാധ്യമങ്ങൾ ഇതിഹാസ സമാനമായ പരിചരണത്തോടെയാണ് ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. നാഷണൽ ജ്യോഗ്രഫിക് ചാനലിൽ വന്ന ഡോക്യുമെന്ററിയിൽ, ഇടുങ്ങിയ കൽപ്പുരകൾക്കുള്ളിലേക്ക് സ്വയം കയറിയിരുന്ന് ഓരോ കട്ടയായി അടുക്കി വെച്ച് സ്വയം ഐസൊലേറ്റ് ചെയ്യുന്ന ഗ്രാമവാസികളെക്കുറിച്ചുള്ള വിശദമായ വർണ്ണനകൾ ഉണ്ടായിരുന്നു. 2019 -ൽ ഈ വീരകഥ ഒരു സിനിമാരൂപവും പ്രാപിക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. 

 

 

എന്നാൽ ജോർജ്ജിയക്കാരിയായ നരവംശ ഗവേഷക ഷോറീന കർട്ട്സികിഡ്‌സേ പറയുന്നത് മേൽപ്പറഞ്ഞ വീരേതിഹാസങ്ങൾ തെളിയിക്കുന്ന രേഖകളൊന്നും തന്നെ കണ്ടെടുക്കപ്പെട്ടിട്ടില്ലെന്നാണ്. എന്നാൽ ഉള്ളിൽ തലയോട്ടികളും അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങളുമായി കണ്ടെടുക്കപ്പെടുന്ന ഇത്തരം കൽപ്പുരകൾക്ക് പിന്നിലെ രഹസ്യത്തിന്റെ  ചുരുൾ അഴിയണമെങ്കിൽ, സമീപപ്രദേശങ്ങളായ ചെച്നിയ, ഇങ്‌ഷെറ്റിയ എന്നിവയിലെ മൃത്യുഗൃഹങ്ങൾ (necropolis) പരിശോധിക്കണം എന്നാണ് അവർ പറയുന്നത്. വേണ്ടപ്പെട്ടവർ മരിക്കുമ്പോൾ മണ്ണിൽ കുഴികൾ തീർത്ത് മറവുചെയ്യാതെ, ഭൂമിക്ക് മുകളിൽ കൽപ്പുരകൾ തീർത്ത് അവരെ 'ബഹുമാനപൂർവ്വം' സംസ്കരിക്കുന്ന പതിവ് ഇവിടങ്ങളിൽ ഉണ്ട്. അതുപോലുള്ള ശവക്കല്ലറകൾ മാത്രമാകും ഇവയും എന്നാണ് ഷോറീനയുടെ അഭിപ്രായം. ഇത് തന്റെ ഊഹം മാത്രമാണ് എന്നും, ഈ കൽപ്പുരകൾ മഹാവ്യാധികാലത്തെ ഐസൊലേഷൻ റൂമുകൾ ആകാനുള്ള സാധ്യതയും പൂർണ്ണമായി തള്ളിക്കളയാനാവില്ല എന്നും അവർ പറയുന്നുണ്ട്.