27 ബിസി -യില്‍ റോം ഭരിച്ചിരുന്ന ആദ്യത്തെ ചക്രവർത്തിയായ അഗസ്റ്റസ് ഒക്ടാവിയന്‍റെ യുവപ്രതിമയായിരിക്കാം ഇതെന്നും ആര്‍ക്കിയോളജിസ്റ്റ് പറയുന്നു.

ഇസെർനിയ എന്ന പട്ടണത്തിൽ നിന്നും കണ്ടെത്തിയ ഒരു പ്രതിമ ഇപ്പോൾ അവിടെയുള്ള പുരാവസ്തു ​ഗവേഷകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. റോമിലെ ആദ്യത്തെ ചക്രവർത്തിയായ അഗസ്റ്റസിന്റെ 2,000 വർഷം പഴക്കമുള്ളൊരു മാർബിളിൽ നിർമ്മിച്ച തലയാണ് മോളിസിലെ ഇറ്റാലിയൻ പട്ടണമായ ഇസെർനിയയിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. 2013 -ലെ ശക്തമായ മഴയെത്തുടർന്ന് തകർന്ന മധ്യകാലഘട്ടത്തിലെ മതിൽ നന്നാക്കാനുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങളിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. പുരാവസ്തു ഗവേഷകനായ ഫ്രാൻസെസ്കോ ജിയാൻകോളയാണ് ഈ അസാധാരണമായ കണ്ടെത്തൽ നടത്തിയത്. ഇത്രയും വലിയൊരു കണ്ടുപിടിത്തം നടത്താനാവുമെന്ന് പ്രതീക്ഷിച്ചതല്ല എന്ന് ജിയാൻകോള സിഎന്‍എന്നിനോട് പറഞ്ഞു. 

"മതിലിനു പുറകില്‍ കുഴിച്ചുകൊണ്ടിരിക്കവെയാണ് മണ്ണിന്‍റെ നിറം മാറിക്കിടക്കുന്നത് പോലെ തോന്നിയത്. അതിനാൽ ഞങ്ങൾ കൃത്യമായ ട്രോവലുകൾ ഉപയോഗിച്ച് കുഴിക്കുന്നത് തുടർന്നു, ഒരു മാർബിൾ കഷ്ണം പുറത്തുവന്നു. അത് പരിശോധിച്ചപ്പോള്‍ മുടിയും കണ്ണുകളുടെ ആകൃതിയും കാരണം അത് അഗസ്റ്റസിന്റെ പ്രതിമയാണ് എന്ന് തിരിച്ചറിയുകയായിരുന്നു" എന്നും അദ്ദേഹം പറയുന്നു. അത് തിരിച്ചറിഞ്ഞ ഉടനെ ജിയാന്‍കോള മേയറെയും കള്‍ച്ചറല്‍ ഹെറിറ്റേജ് മിനിസ്ട്രിയെയും ബന്ധപ്പെട്ടു. 

35 സെന്‍റി.മീറ്റര്‍ (13.78 ഇഞ്ച്) ഉള്ള തലയുടെ പ്രതിമ 20 ബിസി -ക്കും 10 എഡി -ക്കും ഇടയിലുണ്ടായിരുന്നതാണ് എന്നാണ് കണക്കാക്കുന്നത് എന്ന് ആര്‍ക്കിയോളജിസ്റ്റായ മറിയ ഡിലേറ്റ കൊളംബോ പറയുന്നു. "ഇതൊരു പ്രധാനപ്പെട്ട പ്രതിമയാണ്. പക്ഷേ, അത് ഇവിടെ ഉണ്ടായിരുന്നു എന്നത് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. സാമ്രാജ്യകുടുംബത്തിന്റെ ആരാധനയ്ക്കായി സമർപ്പിക്കപ്പെട്ട ഒരു ക്ഷേത്രത്തിലോ മന്ദിരത്തിലോ ഇത് സ്ഥാപിച്ചിരിക്കാം. എന്നാല്‍, അവ എവിടെയായിരുന്നുവെന്ന് നമുക്കറിയാത്തതിനാൽ ഇവ വെറും അനുമാനങ്ങൾ മാത്രമായിരുന്നു" എന്നും മരിയ പറയുന്നു. ഈ കണ്ടുപിടിത്തം നടന്നപ്പോള്‍ സന്തോഷം കൊണ്ട് തന്‍റെ സഹപ്രവര്‍ത്തകരില്‍ പലരും കരഞ്ഞു. തനിക്ക് എന്നെന്നും ഓര്‍ത്തുവയ്ക്കാനുള്ള നിമിഷമായിരുന്നു ആ പ്രതിമ കണ്ടെടുത്ത നേരം എന്നും മരിയ പറയുന്നു. 

രണ്ട് മീറ്റര്‍ (ആറടി) ഉയരമുണ്ടായിരുന്ന ഒരു പ്രതിമയില്‍ നിന്നും ഛേദിക്കപ്പെട്ടതായിരിക്കാം ആ തല. ഇറ്റാലിയന്‍ നവോദ്ധാന കലാകാരനായിരുന്ന മൈക്കലാഞ്ചലോ ഉപയോഗിച്ചിരുന്ന അതേ ലുനിജിയാന മാര്‍ബിള്‍ തന്നെയാണ് ഇതിന്‍റെയും നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 27 ബിസി -യില്‍ റോം ഭരിച്ചിരുന്ന ആദ്യത്തെ ചക്രവർത്തിയായ അഗസ്റ്റസ് ഒക്ടാവിയന്‍റെ യുവപ്രതിമയായിരിക്കാം ഇതെന്നും ആര്‍ക്കിയോളജിസ്റ്റ് പറയുന്നു. 

പുരാതന ലോകത്ത് എസെർനിയ എന്നറിയപ്പെട്ടിരുന്ന ഇസെർനിയ, സാംനൈറ്റ്സ് എന്ന ഇറ്റാലിയൻ ജനതയുടെ വസതിയായിരുന്നു. പിന്നീട് ഇത് റോമൻ കോളനിയായി. രണ്ടാം ലോകമഹായുദ്ധസമയത്ത് ഈ നഗരം ഭാഗികമായി നശിപ്പിക്കപ്പെട്ടുവെങ്കിലും പുനർനിർമിച്ചു. "ഇസെർനിയയ്ക്ക് വളരെ പുരാതന ചരിത്രമുണ്ട്... നഗരത്തില്‍ മുഴുവൻ പുരാവസ്തു അവശിഷ്ടങ്ങൾ ഉണ്ട്" നഗര മേയർ ജിയാക്കോമോ ഡി അപ്പോളോണിയോ സിഎൻഎന്നിനോട് പറഞ്ഞു. "ഇസെർനിയയെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ട ഒരു കണ്ടെത്തലാണ്, കാരണം ഇത് പ്രത്യേക പ്രാധാന്യമുള്ള കെട്ടിടങ്ങളുടെ സാന്നിധ്യം പ്രകടമാക്കുന്നു." എന്നും അവര്‍ പറഞ്ഞു. 

ഖനനത്തിൽ ശൂന്യമായ മധ്യകാല ശവകുടീരങ്ങളും ടെറാക്കോട്ട കരകൗശല വസ്തുക്കളും കണ്ടെത്തിയെന്നും മേയർ പറഞ്ഞു. നിലവില്‍ കണ്ടെത്തിയ പ്രതിമയുടെ തലയെ കുറിച്ച് പഠനം നടത്തുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona