നിയമം നിലവിൽ വന്ന ശേഷം ആദ്യമായി വിവാഹിതരായത് സ്വവർഗാനുരാഗിയായ ഹാവിയർ സിൽവയും അദ്ദേഹത്തിന്റെ പങ്കാളി ജെയിം നാസറുമാണ്.
38 -കാരിയായ കോൺസുലോ മൊറേൽസ് ആരോസും(Consuelo Morales Aros), അവളുടെ പങ്കാളി പബ്ല ഹ്യൂസർ അമയ(Pabla Heuser Amaya)യും വലിയ ആഹ്ലാദത്തിലാണ്. ചിലി(Chile)യിൽ സ്വവർഗവിവാഹം(same-sex marriage) അനുവദിക്കുന്ന സുപ്രധാന നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം 16 വർഷമായി ഒരുമിച്ചു താമസിക്കുന്ന ഈ രണ്ട് സ്ത്രീകളും വ്യാഴാഴ്ച വിവാഹിതരായി. ഇത് ചിലിയിലെ രണ്ട് സ്ത്രീകൾ തമ്മിലുള്ള ആദ്യത്തെ വിവാഹമാണ്.
2015 മുതൽ ചിലിയിൽ സ്വവർഗ ദമ്പതികൾക്ക് സിവിൽ യൂണിയനുകളിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, കുട്ടികളെ പരിചരിക്കുന്നതും മറ്റുമായി ബന്ധപ്പെട്ട് വിവാഹിതരായവർക്കുള്ള അവകാശങ്ങളേക്കാൾ കുറവായിരുന്നു ഇവർക്കുള്ള അവകാശങ്ങൾ. ഏതായാലും ഇപ്പോൾ സ്വവർഗദമ്പതികളുടെ അവകാശങ്ങളിൽ മാറ്റം വന്നിരിക്കയാണ്.

രണ്ടുവയസ്സുള്ള മകൾ ജോസഫയ്ക്ക് വേണ്ടിയാണ് താനും പബ്ലയും വിവാഹിതരാകുന്നതെന്ന് കോൺസുലോ പറയുന്നു. "ഞങ്ങൾ രണ്ടുപേരും അവളുടെ മാതാപിതാക്കളാകുക എന്നത് ഞങ്ങളുടെ സ്വപ്നമായിരുന്നു" കോൺസുലോ പറയുന്നു. കൃത്രിമബീജസങ്കലനത്തിലൂടെയാണ് കുഞ്ഞ് ജനിച്ചത്. എന്നാൽ, അണ്ഡം നൽകിയത് കോൺസുലോയും കുഞ്ഞിനെ പ്രസവിച്ചത് പബ്ലയുമായിരുന്നു. അതിനാൽ തന്നെ കുഞ്ഞിന് മേൽ നിയമപരമായ അവകാശം പബ്ലയ്ക്ക് മാത്രമായിരുന്നു.
കോൺസുലോയെ സംബന്ധിച്ചിടത്തോളം, ജോസഫയുടെ വൈദ്യപരിചരണത്തിൽ അവൾക്ക് നിയമപരമായ കാര്യമൊന്നുമില്ലെന്നാണ് ഇതിനർത്ഥം. അവൾ പബ്ലയിൽ നിന്ന് വേർപിരിഞ്ഞാൽ, ജോസഫയുടെ കസ്റ്റഡിയോ വളർത്തുന്ന കാര്യമോ വരുമ്പോൾ അവൾക്ക് നിയമപരമായ അവകാശങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. വിവാഹം കഴിക്കുന്നത് ജോസഫയെ പബ്ലയുടെ മകളായി മാത്രമല്ല, കോൺസുലോയുടെ മകളായും രജിസ്റ്റർ ചെയ്യാൻ രണ്ട് സ്ത്രീകളെയും അനുവദിക്കും. തങ്ങളുടെ മകൾക്ക് ഒടുവിൽ ഒരു അമ്മയ്ക്ക് പകരം അവൾക്ക് അർഹമായ രണ്ട് അമ്മമാർ ഉണ്ടാകും എന്നതിൽ താൻ ത്രില്ലിലാണെന്ന് പബ്ല പറയുന്നു.
ചിലിയിലെ എൽജിബിടി കമ്മ്യൂണിറ്റി, സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കാൻ വളരെക്കാലമായി ശ്രമിച്ചിരുന്നു, എന്നാൽ, അതിനുള്ള ഒരു ബിൽ കോൺഗ്രസിൽ നാല് വർഷത്തോളം തുടർന്നു. 2017 -ൽ ഇടതുപക്ഷ പ്രസിഡന്റ് മിഷേൽ ബാഷെലെറ്റ് അവതരിപ്പിച്ച ഈ ബിൽ ഒടുവിൽ 2021 ഡിസംബറിൽ അവരുടെ വലതുപക്ഷ പിൻഗാമിയായ സെബാസ്റ്റ്യൻ പിനേര വഴി അവതരിപ്പിക്കപ്പെട്ടു. പിനേരയുടെ ചില പാർട്ടി സഹപ്രവർത്തകരെയും കത്തോലിക്കാ സഭയെയും ഇത് ഞെട്ടിച്ചു. മൂന്ന് മാസത്തിന് ശേഷം അത് നിലവിൽ വന്നു.
നിയമം നിലവിൽ വന്ന ശേഷം ആദ്യമായി വിവാഹിതരായത് സ്വവർഗാനുരാഗിയായ ഹാവിയർ സിൽവയും അദ്ദേഹത്തിന്റെ പങ്കാളി ജെയിം നാസറുമാണ്. കോൺസുലോയെയും പബ്ലയെയും പോലെ, അവരും മാതാപിതാക്കളെന്ന നിലയിൽ പൂർണ്ണമായ നിയമപരമായ പദവി നേടാൻ ആഗ്രഹിക്കുന്നു. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്, 20 മാസം പ്രായമുള്ള ക്ലെമന്റേയും നാല് മാസം പ്രായമുള്ള ലോല മരിയയും.

വാടകഗർഭപാത്രത്തിലൂടെയാണ് കുഞ്ഞുങ്ങൾ ജനിച്ചത്. ജെയിം ക്ലെമെന്റെയുടെ ജീവശാസ്ത്രപരമായ പിതാവാണ്. ലോല മരിയയുടെ ജീവശാസ്ത്രപരമായ പിതാവാണ് ഹാവിയർ. ഇപ്പോൾ ക്ലെമന്റേയുടെയും ലോല മരിയയുടെയും മാതാപിതാക്കളായി നിയമപരമായി അംഗീകാരം നേടാൻ കഴിയുമെന്നതിൽ തങ്ങൾക്ക് ആശ്വാസമുണ്ടെന്ന് ദമ്പതികൾ പറയുന്നു.
