തുടക്കത്തിൽ ബുദ്ധിമുട്ട് തോന്നിയെങ്കിലും, പഞ്ചറായ ടയറിന്റെ അകത്തെ ട്യൂബ് നന്നാക്കാനും, ടയറുകൾ ഗ്രീസ് ചെയ്യാനും, തിരികെ ഫിറ്റ് ചെയ്യാനും ഒക്കെ അവർ പഠിച്ചു. ഇതോടെ ലക്ഷ്മിയ്ക്ക് ആത്മവിശ്വാസമായി. പതുക്കെ ബാക്കി ജോലികളും പഠിച്ചെടുത്തു.
തെലങ്കാന(Telangana)യിലെ കോതഗുഡെമിന് സമീപമുള്ള ഒരു വിദൂര ഗ്രാമത്തിലാണ് യെദലപ്പള്ളി ആദിലക്ഷ്മി(Yedalapally Adilaxmi) താമസിക്കുന്നത്. സ്ത്രീകൾക്ക് ഏത് ജോലിയും ഇച്ഛാശക്തിയോടും നിശ്ചയദാർഢ്യത്തോടും ചെയ്യാൻ കഴിയുമെന്ന് അവർ തെളിയിക്കുന്നു. തെലങ്കാനയിലെ ആദ്യ സ്ത്രീ മെക്കാനിക്കാണ്(first woman mechanic in Telangana) ആദിലക്ഷ്മി.
അവരുടെ ഭർത്താവിന് ഒരു ഓട്ടോമൊബൈൽ റിപ്പയർ കടയുണ്ട്. ഭർത്താവിനെ സഹായിക്കാൻ നിന്ന ലക്ഷ്മിയ്ക്ക് ഇപ്പോൾ അത്യാവശ്യം എല്ലാം മെക്കാനിക് പണികളും അറിയാം. കോതഗുഡെം നഗരത്തിനടുത്തുള്ള സുജാത നഗറിലെ അവരുടെ ഗാരേജിൽ മോട്ടോർ സൈക്കിളുകളുടെ മാത്രമല്ല കാറുകളുടെയും ട്രാക്ടറുകളുടെയും ട്രക്കുകളുടെയും ടയറുകൾ വരെ ലക്ഷ്മി എളുപ്പത്തിൽ ഉറപ്പിക്കുന്നു. രണ്ട് കുട്ടികളുടെ അമ്മയായ അവർ കഴിഞ്ഞ അഞ്ച് വർഷമായി ഈ ജോലി ചെയ്യുന്നു. പഞ്ചർ ഒട്ടിക്കാനും, ടയർ മാറ്റാനും എല്ലാം അവർ ഇതിനിടയിൽ പഠിച്ചു. ഭാരമുള്ള ടയറുകൾ ഉയർത്താനും, അത് ശരിയാക്കാനും ഒരു സ്ത്രീക്ക് കഴിയുമെന്ന് വിശ്വസിക്കാൻ ആദ്യം ആളുകൾ തയ്യാറായില്ല. പരമ്പരാഗതമായി പുരുഷന്മാർ ചെയ്യുന്ന ഈ ജോലി ആദ്യമായി ഒരു സ്ത്രീ ചെയ്യുന്നത് കണ്ട് അവർ ഞെട്ടി.
2010 -ലാണ് ആദിലക്ഷ്മിയും വീരഭദ്രനും വിവാഹിതരാകുന്നത്. താമസിയാതെ ഒരു മെച്ചപ്പെട്ട ഉപജീവനമാർഗം തേടി ഇരുവരും സുജാത നഗറിലേക്ക് മാറി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ, ദമ്പതികൾ ഒരു ലക്ഷം രൂപ വായ്പയെടുത്ത് ഒരു മെക്കാനിക്ക്, വെൽഡിംഗ് ഷോപ്പ് ആരംഭിച്ചു. ഭർത്താവിനെ സഹായിക്കാൻ അവരും ജോലി പഠിക്കാൻ തുടങ്ങി. ഇപ്പോൾ അവർ ഈ ജോലിയിൽ ഒരു വിദഗ്ദ്ധയാണ്. ആദ്യ കാലത്ത്, ഭർത്താവ് ഇല്ലാത്തപ്പോൾ കടയിലെത്തുന്നവരെ മടക്കി അയക്കാൻ ലക്ഷ്മി നിർബന്ധിതയായി. തനിക്ക് ഇതൊന്നും അറിയില്ലല്ലോ എന്ന ചിന്ത അവരിൽ നിസ്സഹായതയും നിരാശയും നിറച്ചു. "ഞങ്ങൾക്ക് ആ രീതിയിൽ പലപ്പോഴും വരുമാനം നഷ്ടപ്പെട്ടു. ഒടുവിൽ ഇത് പഠിച്ചെടുക്കണെമെന്ന് ഞാൻ തീരുമാനിച്ചു," അവർ ഡെക്കാൻ ന്യൂസിനോട് പറഞ്ഞു.
തുടക്കത്തിൽ ബുദ്ധിമുട്ട് തോന്നിയെങ്കിലും, പഞ്ചറായ ടയറിന്റെ അകത്തെ ട്യൂബ് നന്നാക്കാനും, ടയറുകൾ ഗ്രീസ് ചെയ്യാനും, തിരികെ ഫിറ്റ് ചെയ്യാനും ഒക്കെ അവർ പഠിച്ചു. ഇതോടെ ലക്ഷ്മിയ്ക്ക് ആത്മവിശ്വാസമായി. പതുക്കെ ബാക്കി ജോലികളും പഠിച്ചെടുത്തു. ആദിലക്ഷ്മി ഒരു മികച്ച വെൽഡർ കൂടിയാണ്. പക്ഷേ, ആ ജോലി അവരുടെ കാഴ്ചശക്തിയെ ബാധിച്ചു. കാഴ്ചശക്തി വീണ്ടെടുക്കാൻ അവർക്ക് വലിയൊരു തുക ചെലവഴിക്കേണ്ടി വന്നു. “വെൽഡിംഗിന്റെ വെളിച്ചം എന്റെ കണ്ണുകൾക്ക് സഹിക്കാൻ കഴിയാത്തതിനാൽ, ഞാൻ ആ ജോലി നിർത്തി” അവർ പറഞ്ഞു.
പ്രൈമറി വിദ്യാഭ്യാസം മാത്രമേയുള്ളുവെങ്കിലും, ജീവിതത്തിലെ വെല്ലുവിളികളെ എങ്ങനെ നേരിടണമെന്ന് അഞ്ജനാപുരം സ്വദേശിയായ ലക്ഷ്മിക്ക് ആരും പറഞ്ഞ് കൊടുക്കേണ്ട. “സ്ത്രീ ശാക്തീകരണത്തെ കുറിച്ചൊന്നും എനിക്കറിയില്ല, പക്ഷേ, എന്റെ കുടുംബത്തിന് സാമ്പത്തിക ഭദ്രത വേണമെന്ന് ഞാൻ ആഗ്രഹിച്ചു. അങ്ങനെയാണ് എന്റെ ഭർത്താവിന് ഒരു കൈത്താങ്ങാകാൻ ഞാൻ തീരുമാനിച്ചത്” അവർ വിശദീകരിച്ചു. അവരുടെ ഭർത്താവിന് അവരുടെ ജോലിയിൽ അഭിമാനം മാത്രമേയുള്ളൂ. “കുടുംബത്തിന്റെ ക്ഷേമത്തിനായി അവൾ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് വിവരിക്കാൻ എനിക്ക് വാക്കുകളില്ല. അവളെ എന്റെ ഭാര്യയായി കിട്ടിയതിൽ ഞാൻ ഭാഗ്യവാനാണെന്ന് മാത്രമേ എനിക്ക് പറയാൻ കഴിയൂ” അദ്ദേഹം പറഞ്ഞു.
