മത്സ്യത്തൊഴിലാളി കടലിലകപ്പെട്ടത് രണ്ടാഴ്ച, അതിജീവിച്ചത് ഇത് കഴിച്ച്...
"ഞാൻ ദൂരെ ഒരു ലൈഫ് റാഫ്റ്റ് പോലെ എന്തോ കാണുകയായിരുന്നു. ഉടനെ തന്നെ അകത്തേക്ക് ഓടി, ബൈനോക്കുലറെടുത്തു നോക്കി" എന്ന് റയാൻ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടാഴ്ചയായി കടലിൽ കാണാതായ ഒരു മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി. യുഎസിന്റെ പടിഞ്ഞാറൻ തീരത്ത് നിന്നും 70 മൈൽ (110 കിലോമീറ്റർ) അകലെയാണ് ഒരു ലൈഫ് റാഫ്റ്റിൽ ജീവനോടെ പൊങ്ങിക്കിടക്കുന്ന നിലയിൽ തൊഴിലാളിയെ കണ്ടെത്തിയത്. രണ്ടാഴ്ചക്കാലം താൻ ജീവനോടെ പിടിച്ചുനിന്നത് സാൽമൺ മത്സ്യം കഴിച്ചാണ് എന്നാണ് മത്സ്യത്തൊഴിലാളി തന്നെ രക്ഷപ്പെടുത്തിയവരോട് വെളിപ്പെടുത്തിയത്.
ഒക്ടോബർ 12 -ന് വൈകുന്നേരമാണ് അദ്ദേഹം വാഷിംഗ്ടണിലെ ഗ്രേ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി പോകുന്നത്. രക്ഷാപ്രവർത്തകരുടെ പേരോ അവർ എങ്ങനെയാണ് മത്സ്യത്തൊഴിലാളിയെ കണ്ടെത്തിയത് എന്നോ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയില്ല. എന്നാൽ, സിയാറ്റിലിലെ കിംഗ്-ടിവി റിപ്പോർട്ട് ചെയ്തത് ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവർ ദ്വീപിലെ സൂക്ക് പട്ടണത്തിൽ നിന്നുള്ള റയാൻ പ്ലെയിൻസും അമ്മാവൻ ജോണും ആണ് മത്സ്യത്തൊഴിലാളിയെ കടലിൽ കണ്ടെത്തിയത് എന്നാണ്.
"ഞാൻ ദൂരെ ഒരു ലൈഫ് റാഫ്റ്റ് പോലെ എന്തോ കാണുകയായിരുന്നു. ഉടനെ തന്നെ അകത്തേക്ക് ഓടി, ബൈനോക്കുലറെടുത്തു നോക്കി" എന്ന് റയാൻ മാധ്യമങ്ങളോട് പറഞ്ഞു. ഉടനെ തന്നെ റയാനും ജോണും ചേർന്ന് അയാളെ അവിടെ നിന്നും വലിച്ചെടുത്തു. ആ മത്സ്യത്തൊഴിലാളി തന്നെ കെട്ടിപ്പിടിച്ചു എന്നും അത് വളരെ വൈകാരികമായ നിമിഷമായിരുന്നു എന്നും ജോൺ പറയുന്നു. അയാൾക്ക് ഉടനെ തന്നെ റയാനും ജോണും വെള്ളവും ബ്രേക്ക്ഫാസ്റ്റുണ്ടാക്കി അതും കഴിക്കാൻ നൽകി. മൂന്ന് കുപ്പി വെള്ളമാണ് അയാൾ ഒറ്റയിരിപ്പിൽ കുടിച്ചുതീർത്തത്. താൻ രണ്ടാഴ്ചയായി കടലിൽ തനിച്ച് കഴിയുകയായിരുന്നു എന്നും കയ്യിലുള്ള ഭക്ഷണമെല്ലാം തീർന്നപ്പോൾ സാൽമൺ മത്സ്യത്തെ പിടിച്ച് അതിനെ കഴിച്ചാണ് അതിജീവിച്ചത് എന്നും അയാൾ പറഞ്ഞു.
കനേഡിയൻ കോസ്റ്റ് ഗാർഡും മറ്റൊരു കനേഡിയൻ റെസ്ക്യൂ ഏജൻസിയും ചേർന്നാണ് പിന്നീട് ഇയാളെ തിരികെ കരയിലേക്ക് കൊണ്ടുവരുന്നത്. ശേഷം മത്സ്യത്തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായിക്കാം: കാലുകുത്താൻ പോലുമിടമില്ല; ബംഗളൂരുവിൽ നിന്നുള്ള ട്രെയിൻയാത്രയും വൈറൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: