മണി ഹീസ്റ്റല്ല, ഇത് ഷാംപെയ്‍ൻ ഹീസ്റ്റ്; മോഷ്ടിച്ചത് അഞ്ചുകോടിയുടെ ഷാംപെയ്‍ൻ
പിടിവീഴും എന്നായപ്പോൾ ലോറിയുടെ ഡ്രൈവർ വാഹനത്തിന്റെ വേഗത കുറച്ച് അതിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

ഫ്രാൻസിൽ കള്ളന്മാർ കൊള്ളയടിച്ചു കൊണ്ടുപോയത് രണ്ടു ലോഡ് ഷാംപെയിൻ. €600,000 വില വരുന്ന ഷാംപെയ്നാണ് മോഷണം പോയത്. ഇന്ത്യൻ രൂപയിൽ ഏകദേശം അഞ്ച് കോടിക്ക് മുകളിൽ വരും ഇത്. റീംസിന് സമീപത്ത് ശനിയാഴ്ചയാണ് സംഭവം നടന്നത്. ഷാംപെയ്‍ൻ നിറച്ച രണ്ട് ലോറികൾ മോഷണം പോവുകയായിരുന്നു.
വാഹനങ്ങൾക്ക് രണ്ടിനും ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ചതിനാൽ തന്നെ വാഹനങ്ങൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. റീംസിനും പാരീസിനും ഇടയിലുള്ള A4 മോട്ടോർവേയിലായിരുന്നു വാഹനം. പൊലീസ് വാഹനം ട്രാക്ക് ചെയ്ത് അതിനെ പിന്തുടരുകയായിരുന്നു. വഴിയെ ഷാംപെയ്ൻ മുഴുവനും പിടിച്ചെടുക്കാൻ സാധിച്ചു എങ്കിലും കള്ളന്മാർ രക്ഷപ്പെട്ടു കളഞ്ഞു.
റീംസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽ നിന്നും വെള്ളിയാഴ്ച രാത്രിക്കും ശനിയാഴ്ച രാവിലെയ്ക്കും ഇടയിൽ എപ്പോഴോ ആണ് ലോറികൾ മോഷണം പോയത് എന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലെ പാരിസിയൻ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഷാംപെയ്‌നിന്റെ ഏറ്റവും പ്രശസ്തമായ ബ്രാൻഡുകളിലൊന്നായ Moët & Chandon കുപ്പികളാണ് മോഷണം പോയ ലോറികളിൽ ഉണ്ടായിരുന്നത്. ഓരോ ലോഡിനും 300,000 യൂറോ വിലയുണ്ടായിരുന്നു.
ശനിയാഴ്ച പുലർച്ചെ സെൻട്രൽ പാരീസിൽ നിന്ന് 20 കിലോമീറ്റർ (12 മൈൽ) അകലെയായി പോണ്ടോൾട്ട്-കോംബോൾട്ടിനടുത്തുള്ള A4 -ലാണ് ലോറികൾ ട്രാക്ക് ചെയ്തത്. രണ്ട് പൊലീസ് വാഹനങ്ങളാണ് ഈ ലോറികളെ അതിസാഹസികമായി പിന്തുടർന്നത്. എന്നാൽ, മോഷ്ടാക്കൾ അതിനേക്കാൾ വിദഗ്ദ്ധമായി ഇവരിൽ നിന്നും രക്ഷപ്പെടാനും ശ്രമിച്ചു കൊണ്ടിരുന്നു.
പിടിവീഴും എന്നായപ്പോൾ ലോറിയുടെ ഡ്രൈവർ വാഹനത്തിന്റെ വേഗത കുറച്ച് അതിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഇത്തിരി ദൂരം ചെന്നപ്പോൾ രണ്ടാമത്തെ ലോറിയും നിർത്തി അതിൽ നിന്നും ഡ്രൈവർ രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം