ജയിൽ ഡയറക്ടർ ജനറൽ ആനന്ദ് കുമാർ ഇങ്ങനെ ഒരു നേട്ടം ഉണ്ടാക്കിയെടുത്തതിന് എല്ലാ ജീവനക്കാരെയും തടവുകാരെയും അഭിനന്ദിച്ചു.

ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ഫുഡ് ഔട്ട്‍ലെറ്റുകൾക്കുമെല്ലാം റേറ്റിം​ഗ് കൊടുക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ, ഒരു ജയിലിലെ ഭക്ഷണത്തിന് റേറ്റിം​ഗ് കൊടുക്കുന്നത് നാം കണ്ടിട്ടുണ്ടോ? എന്നാൽ, ഭക്ഷണത്തിന് ഫൈവ് സ്റ്റാർ റേറ്റിം​ഗ് കിട്ടിയ ജയിലുകൾ നമ്മുടെ രാജ്യത്തുണ്ട്. ഉത്തർ പ്രദേശിലെ ഒരു ജയിലാണ് ഫുഡ് വാച്ച് ഡോ​ഗ് ഇപ്പോൾ 'എക്സലന്റ്' ആയി രേഖപ്പെടുത്തിയിരിക്കുന്നത്. 

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജയിലിനാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ഫൈവ്സ്റ്റാ‍ർ റേറ്റിംഗും 'ഈറ്റ് റൈറ്റ് കാമ്പസ്' പദവിയും ലഭിച്ചിരിക്കുന്നത്. ഇനി എങ്ങനെയാണ് ഈ നേട്ടം ഉണ്ടായത് എന്നല്ലേ? ഇവിടുത്തെ അടുക്കളയിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം, സംഭരിക്കുന്ന രീതി, ശുചിത്വം എന്നിവയെല്ലാം FSSAI ടീമിന്റെ അളവുകോലുകൾക്ക് അനുസൃതമായതിനാലാണ് അവ എക്സലന്റാണ് എന്ന് രേഖപ്പെടുത്തിയതും 'ഈറ്റ് റൈറ്റ് ക്യാമ്പസ്' പദവി ലഭിച്ചതും. 

ജയിൽ ഉദ്യോഗസ്ഥരും തടവുകാരും ചേർന്ന് ഇവിടം സുന്ദരമായി സൂക്ഷിക്കാനും ശുചിത്വം, ഭക്ഷ്യസുരക്ഷ എന്നിവ ഉറപ്പാക്കാനും വിപുലമായി പ്രവർത്തിച്ചു എന്ന് ഭക്ഷ്യസുരക്ഷാ വാച്ച്ഡോഗ് പത്രക്കുറിപ്പിൽ അറിയിച്ചു. ഭക്ഷണം തയ്യാറാക്കുമ്പോൾ വൃത്തിയുള്ള ഏപ്രണുകൾ, ഫുൾസ്ലീവ് ഗ്ലൗസ്, ക്യാപ്പുകൾ എന്നിവയെല്ലാം ജീവനക്കാർ ഉപയോഗിച്ചു എന്നും വിലയിരുത്തപ്പെട്ടു.

ജയിൽ ഡയറക്ടർ ജനറൽ ആനന്ദ് കുമാർ ഇങ്ങനെ ഒരു നേട്ടം ഉണ്ടാക്കിയെടുത്തതിന് എല്ലാ ജീവനക്കാരെയും തടവുകാരെയും അഭിനന്ദിച്ചു. ഭക്ഷണം തയ്യാറാക്കുമ്പോൾ ശുചിത്വവും ഗുണനിലവാരവും വൃത്തിയും ഇതുപോലെ നിലനിർത്തുന്നതിന് നിരന്തരം പരിശ്രമിക്കണം എന്നും അദ്ദേഹം ജീവനക്കാരോട് നിർദ്ദേശിച്ചു. 

എന്നാൽ, ഇങ്ങനെ ഒരു നേട്ടമുണ്ടാക്കുന്ന ആദ്യത്തെ ജയിലല്ല ഇത്. ഉത്തർ പ്രദേശിലെ ഫറൂഖാബാദ് ജയിലും നേരത്തെ ഈ ടാ​ഗ് നേടിയെടുത്തിരുന്നു. 

(ചിത്രം പ്രതീകാത്മകം)