കരയിലെ മരങ്ങളെയും മറ്റ് സസ്യങ്ങളെയും പോലെ ഫൈറ്റോപ്ലാങ്ക്ടണും പ്രകാശസംശ്ലേഷണത്തിലൂടെയാണ് ഊർജ്ജം നേടുന്നത്. ഇവ കാര്‍ബണ്‍ ആഗിരണം ചെയ്യുന്നതോടൊപ്പം ഓക്സിജന്‍ ഉത്പാദനത്തിലും ഏറെ വിലപ്പെട്ട സംഭാവന നല്‍കുന്നു.
മൂന്ന് ഭാഗവും സമുദ്രങ്ങളാല്‍ ചുറ്റപ്പെട്ട ഇന്ത്യന്‍ ഉപഭൂഖണ്ഡം ഇന്ന് കൊടുങ്കാറ്റുകളുടെ നടുവിലാണ്. ഈ വര്‍ഷം ആറ് മാസങ്ങള്‍ക്കിടെ ഇന്ത്യന്‍ ഉപഭൂഖണ്ഡം നാലോളം ചുഴലിക്കാറ്റുകള്‍ക്ക് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. ആഗോള താപനം ഉയരുന്നതിന്‍റെ ഫലമായി കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് സമുദ്രങ്ങള്‍ ചൂട് പിടിപ്പിക്കുകയും ഇത് വഴി ഭാവിയില്‍ ചുഴലിക്കാറ്റുകള്‍ രൂക്ഷമാകുമെന്നും പഠനങ്ങള്‍ പറയുന്നു. ഒരേ സമയം കരയെയും സമുദ്രത്തെയും സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്ക് വനങ്ങളെ പോലെ തന്നെ സമുദ്രങ്ങളും പ്രധാനപ്പെട്ടവയാണ്. മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം രൂക്ഷമായ കലത്ത് സമുദ്രങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഈ പ്രാധാന്യം നേരത്തെ തിരിച്ചറിഞ്ഞാണ് ഐക്യരാഷ്ട്ര സഭ സമുദ്ര സംരക്ഷണത്തിന് ഒരു ചട്ടക്കൂടിന് രൂപം നല്‍കിയത്. 1982 ലാണ് ഇത്തരത്തില്‍ ഒരു ഉടമ്പടി ആദ്യമായി നിര്‍മ്മിക്കപ്പെടുന്നത്. യുഎൻ ഹൈ സീസ് ഉടമ്പടി എന്നറിയപ്പെടുന്ന ഈ ഉടമ്പടി സമുദ്രങ്ങളുടെ 30% മേഖലകളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കുന്നു. കടലിലെ അനധികൃത ഖനനങ്ങളെ നിയന്ത്രിക്കുകയും മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായുള്ള ശ്രമങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ഓൺ ലോസ് ഓഫ് ദി സീ (UNCLOS) എന്നറിയപ്പെടുന്ന ഉടമ്പടി, ദേശീയ അധികാര പരിധിക്കപ്പുറമുള്ള ജൈവവൈവിധ്യ ഉടമ്പടി (ബിബിഎൻജെ) എന്നും അറിയപ്പെടുന്നു,
ലോകത്തെ ചൂട് പിടിപ്പിക്കുന്ന മനുഷ്യനിര്‍മ്മിതമായ കാര്‍ബണ്‍ ഉദ്‍വമനത്തിന്‍റെ ഏകദേശം 30 ശതമാനം ആഗിരണം ചെയ്യുന്നതും സമുദ്രങ്ങളാണ്. കാര്‍ബണ്‍ ഉദ്‍വമനം ആഗിരണം ചെയ്യാനുള്ള സമുദ്ര ശേഷിയുടെ ഭൂരിഭാഗവും വരുന്നത് ഹൈറ്റോപ്ലാങ്ക്ടണില്‍ (phytoplankton) നിന്നാണ്. ഇത് ഫോട്ടോസിന്തസൈസായി പ്രവര്‍ത്തിക്കുന്നു. മരങ്ങളുടേതിന് സമാനമായ ഒരു പ്രക്രിയയാണിത്. കരയിലെ മരങ്ങളെയും മറ്റ് സസ്യങ്ങളെയും പോലെ ഫൈറ്റോപ്ലാങ്ക്ടണും പ്രകാശസംശ്ലേഷണത്തിലൂടെയാണ് ഊർജ്ജം നേടുന്നത്. ഇവ കാര്‍ബണ്‍ ആഗിരണം ചെയ്യുന്നതോടൊപ്പം ഓക്സിജന്‍ ഉത്പാദനത്തിലും ഏറെ വിലപ്പെട്ട സംഭാവന നല്‍കുന്നു. ഈ ആഗിരണ വികിരണ പ്രവര്‍ത്തനം സാധ്യമാകുന്നത് കൊണ്ട് തന്നെ വനങ്ങളെപോലെ സമുദ്രങ്ങളും ഭൂമിയുടെ ശ്വാസകോശമായി കണക്കാക്കപ്പെടുന്നു. ഒരു വൃക്ഷത്തിന് ആഗിരണം ചെയ്യാൻ കഴിയുന്ന CO2 ന്‍റെ പിണ്ഡം എന്നത് വൃക്ഷത്തിന്‍റെ പ്രായം, വലിപ്പം, അത് നില്‍ക്കുന്ന പ്രദേശം എന്നിവയെ ആശ്രയിച്ച് പ്രതിവർഷം 10 കിലോ മുതൽ 50 കിലോഗ്രാം വരെയാണെന്ന് കണക്കാക്കുപ്പെട്ടിട്ടുണ്ട്.
സമുദ്രങ്ങളും വനങ്ങളും ഒരേ പോലെ ജൈവവൈവിധ്യത്തിന്‍റെ കലവറകളാണ്. സമുദ്രങ്ങളിൽ 2,80,000 ഇനങ്ങളിൽ കുറയാത്ത ജീവജാലങ്ങളുണ്ട്, അവ കാലാവസ്ഥാ നിയന്ത്രണത്തില്‍ നിർണായക പങ്ക് വഹിക്കുന്നു. കാര്‍ബണ്‍ ആഗിരണം ചെയ്യുന്ന വൃക്ഷങ്ങള്‍ പ്രകൃതിയില്‍ ദ്രവിച്ച് തീരുമ്പോള്‍ കാര്‍ബണ്‍ അവയൊടൊപ്പം ഭൂമിയില്‍ അടിയുന്നു. സമാനമായ പ്രര്‍ത്തനം സമുദ്രത്തിലും നടക്കുന്നു. ഫൈറ്റോപ്ലാങ്ക്ടൺ ആഗിരണം ചെയ്യുന്ന കാർബണിനെ ഭക്ഷിക്കുന്ന സൂപ്ലാങ്ക്ടണും (zooplankton) പോസിഡോണിയ പുൽമേടുകളിലും ( Posidonia meadows) ഈ പ്രക്രിയ സമുദ്രത്തിലും സാധ്യമാക്കുന്നു. സമുദ്രങ്ങളിലും മറ്റ് തീരപ്രദേശങ്ങളിലും കാണപ്പെടുന്ന പ്രത്യേക ആവാസവ്യവസ്ഥകളായ റോക്ക്വീഡ്, കടൽപ്പുല്ല് പുൽമേടുകൾ, കെൽപ്പ് വനങ്ങൾ, കണ്ടൽക്കാടുകൾ, ഉപ്പ് നിറഞ്ഞ ചതുപ്പ് പ്രദേശങ്ങള്‍ എന്നിവയെ "നീല വനങ്ങൾ" (blue forests) എന്നാണ് വിളിക്കുന്നത്. എന്നാല്‍, കരയിലെ ഓക്സിജന്‍ പാര്‍ലറുകളായ വനങ്ങളെ പോലെ തന്നെ സമുദ്രവനങ്ങളും അതിഭീകരമായ ഭീഷണി നേരിടുകയാണ്. സമുദ്രത്തിലെ അമ്ലീകരണം, ഉയരുന്ന സമുദ്രനിരപ്പ്, പവിഴപ്പുറ്റുകളുടെ ബ്ലീച്ചിംഗ്, സമുദ്ര വനനശീകരണം, മെഗാഫയറുകൾ തുടങ്ങിയ പ്രതിഭാസങ്ങളിൽ നിന്നും ഗുരുതരമായ ഭീഷണിയിലാണ് ഇവ ഇന്ന്. ഭൂമിയിലെ ഏറ്റവും വലിയ മഴക്കാടുകളായ ആമസോണ്‍ മഴക്കാടുകള്‍ ആഗിരണം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ സമുദ്രങ്ങള്‍ ആഗിരണം ചെയ്യുന്നതായി പഠനങ്ങള്‍ പറയുന്നു. IUCN പട്ടിക പ്രകാരം, കാലാവസ്ഥാ വ്യതിയാനം കുറഞ്ഞത് വംശനാശഭീഷണി നേരിടുന്ന 41 ശതമാനത്തോളം സമുദ്രജീവികളിൽ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.
