കാർട്ടർ സ്ഥാപിച്ച എൻജിഒയായ കാർട്ടർ സെൻ്റർ പറയുന്നത്, ആ സന്ദർശനം വളരെ വിജയകരമായിരുന്നു എന്നാണ്. താമസക്കാർ അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം പ്രദേശത്തിന് 'കാർട്ടർപുരി' എന്ന് പേര് മാറ്റി വിളിച്ചു.

അമേരിക്കൻ മുൻ പ്രസിഡന്റും നൊബേൽ സമ്മാന ജേതാവും ഡെമോക്രാറ്റ് നേതാവുമായിരുന്ന ജിമ്മി കാർട്ടർ ഈ ലോകത്തോട് വിട പറഞ്ഞു. ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 100 വയസ്സായിരുന്നു. ഇന്ത്യയുമായി അദ്ദേഹത്തിന് ഒരു പ്രത്യേക ബന്ധമുണ്ട് എന്ന് അറിയുമോ?

അതേ, കൃത്യമായി പറഞ്ഞാൽ ഹരിയാനയിലെ ഒരു ​ഗ്രാമത്തിന് അദ്ദേഹവുമായി ബന്ധമുണ്ട്. ആ ​ഗ്രാമത്തിന് അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. അദ്ദേഹം ഒരിക്കൽ സന്ദർശിച്ച ആ ​ഗ്രാമത്തിന്റെ പേര് 'കാർട്ടർപുരി' എന്നാണ്. 1978 ജനുവരി 3 -നാണ്, അന്നത്തെ ഫസ്റ്റ് ലേഡി റോസലിൻ കാർട്ടറിനൊപ്പം കാർട്ടർ ഹരിയാനയിലെ ദൗലത്പൂർ നസിറാബാദിലെത്തുന്നത്. ദില്ലിയിൽ നിന്നും ഒരു മണിക്കൂറാണ് ഇങ്ങോട്ടുള്ള ദൂരം. 

കാർട്ടർ സ്ഥാപിച്ച എൻജിഒയായ കാർട്ടർ സെൻ്റർ പറയുന്നത്, ആ സന്ദർശനം വളരെ വിജയകരമായിരുന്നു എന്നാണ്. താമസക്കാർ അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം പ്രദേശത്തിന് 'കാർട്ടർപുരി' എന്ന് പേര് മാറ്റി വിളിച്ചു. കാർട്ടറുടെ ഭരണകാലം മുഴുവൻ അവർ വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടിരുന്നു എന്നും പറയുന്നു. 

ജനുവരി മൂന്ന് ഇവിടെ അവധി ദിനമാണത്രെ. അതുപോലെ കാർട്ടറിന് നൊബേൽ പുരസ്കാരം ലഭിച്ചപ്പോൾ വലിയ ആഘോഷ പരിപാടികളാണ് ഈ ​ഗ്രാമത്തിൽ നടന്നത്. 

മറ്റൊരു ബന്ധം കൂടി കാർട്ടറിന് ഇന്ത്യയുമായി ഉണ്ടായിരുന്നു. 1960 -കളുടെ അവസാനത്തിൽ പീസ് കോർപ്‌സിൽ ആരോഗ്യ വോളൻ്റിയറായി കാർട്ടറിന്റെ അമ്മ ലിലിയൻ ഇന്ത്യയിൽ ജോലി ചെയ്തിരുന്നു. 

അമേരിക്കയുടെ 39 -ാമത്തെ പ്രസിഡന്റായിരുന്നു ജിമ്മി കാർട്ടർ. കാൻസർ ബാധിച്ചെങ്കിലും പിന്നീട് കാൻസറിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയിരുന്നു. ജോർജിയയിലെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം. 1977 മുതൽ 1981 വരെയായിരുന്നു അദ്ദേഹം യുഎസ് ഭരിച്ചിരുന്നത്. ജീവിതപങ്കാളിയായിരുന്ന റോസലിൻ കഴിഞ്ഞ നവംബറിലാണ് അന്തരിക്കുന്നത്. 

യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു, മൺമറഞ്ഞത് ലോകസമാധാനത്തിന്റെ ചാമ്പ്യൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം