പെറുവില്‍ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയ പെറുസെറ്റസ് കൊളോസസിന്‍റെ ഏതാനും അസ്ഥികള്‍ക്ക് മാത്രം എട്ട് ടണ്‍ ഭാരമാണ് ഉള്ളത്.  


പെറുവിലെ തീരദേശ മരുഭൂമിയില്‍ നടന്ന ഉദ്ഖനനത്തിനിടെ ലോകത്തിലെ ഏറ്റവും ഭാരമേറിയ ജീവിയെ കണ്ടെത്തി. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലുതാണ് ഇപ്പോള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ ഇതുവരെ കരുതിയിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഭൂമിയില്‍ ജീവിച്ചിരുന്ന ജീവികളില്‍ വച്ച് ഏറ്റവും വലിയ ജീവിയായി പെറുസെറ്റസ് കൊളോസസ് മാറി. ഇന്ന് ഏറ്റവും വലിയ ജീവികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന നീലത്തിമിംഗലങ്ങൾക്ക് 29.9 മീറ്റർ നീളവും 180 ടണ്‍ ഭാരവുമാണ് ഉള്ളത്. ഇത് ഏറ്റവും ഭാരം കൂടിയ 36 ഇന്ത്യന്‍ ആനകള്‍ക്ക് തുല്യമാണ്. എന്നാല്‍, പെറുവില്‍ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയ പെറുസെറ്റസ് കൊളോസസിന്‍റെ ഏതാനും അസ്ഥികള്‍ക്ക് മാത്രം എട്ട് ടണ്‍ ഭാരമാണ് ഉള്ളത്. 

38 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്ന ഒരു ജീവിവര്‍ഗ്ഗമാണ് പെറുസെറ്റസ് കൊളോസസ് എന്ന് നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ഈ ഭീമാകാരമായ ജീവിയുടെ 13 കശേരുക്കൾ, 4 വാരിയെല്ലുകൾ, ഒരു ഇടുപ്പ് എന്നിവയാണ് പെറുവിലെ തീരദേശ മരുഭൂമിയില്‍ നടത്തിയ ഖനനത്തില്‍ നിന്നും കണ്ടെത്തിയത്. 38 ദശലക്ഷം വര്‍ഷം പഴക്കം പ്രതീക്ഷിക്കുന്ന, ഇപ്പോള്‍ കണ്ടെത്തിയ ഈ എല്ലുകള്‍ക്ക് മാത്രം 8 ടണ്‍ ഭാരമുണ്ട്. അതായത് ഈ ജീവിക്ക് 85 മുതൽ 340 ടൺ വരെ ഭാരമുണ്ടായിരുന്നിരിക്കാമെന്ന് പ്രബന്ധത്തില്‍ പറയുന്നു. 

മണിപ്പൂര്‍; ഭയന്നോടുന്നതിനിടെ സ്നൈപ്പറില്‍ നിന്ന് വെടിയേറ്റു, മകന് കര്‍മ്മം ചെയ്യാന്‍ ജോഷ്വായുടെ കാത്തിരിപ്പ്

'വറ്റിയിട്ടില്ല, മനുഷ്യനിലെ നന്മ'; ഒറ്റ ദിവസം കൊണ്ട് വീഡിയോ കണ്ടത് 13 ലക്ഷം പേര്‍ !

പെറുസെറ്റസ് കൊളോസസിന്‍റെ ലഭ്യമായ അസ്ഥികള്‍ക്ക് അസാധാരണമാം വിധം വലിയ വലുപ്പവും വളരെ സാന്ദ്രവുമായിരുന്നെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഇവയുടെ തലയോട്ടിയോ പല്ലുകളോ ലഭ്യമല്ലാത്തതിനാല്‍ ഇവയുടെ ആഹാരരീതിയെ കുറിച്ചും ജീവിത രീതിയെ കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ വെളിവായിട്ടില്ല. എന്നാല്‍ ഇവ സമുദ്രതീരങ്ങളിലാകാം ജീവിച്ചിരുന്നതെന്ന് കരുതുന്നു. കാരണം തിമിംഗലങ്ങള്‍ക്ക് തങ്ങളുടെ ശ്വാസകോശത്തില്‍ നിന്നും വായു പൂര്‍ണ്ണമായും ശൂന്യമാക്കാനുള്ള കഴിവുണ്ട്. ഇത് കടലിന്‍റെ അടിത്തട്ടിലേക്ക് നീങ്ങാന്‍ ഇവയെ പ്രാപ്തമാക്കുന്നു. എന്നാല്‍ പെറുസെറ്റസ് കൊളോസസിന് ശ്വാസകോശം പൂര്‍ണ്ണമായും വായുമുക്തമാക്കാന്‍ സാധിക്കില്ലെന്നാണ് ഗവേഷകരുടെ നിഗമനം. കാരണം അവയുടെ ശ്വാസകോശത്തിന് സമീപത്താണ് ഭാരമുള്ള അസ്ഥികള്‍ വരുന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന് മുമ്പും പെറുവില്‍ നിന്ന് ഇത്തരത്തിലുള്ള പുരാതന സമുദ്രജീവികളുടെ ഫോസിലുകള്‍ കണ്ടെത്തിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക