പാടുക എന്നത് നിസ്സാരമായ പണിയല്ല. തൊണ്ടക്കൊപ്പം തലയും ഹൃദയവും കൂടി പണിയെടുക്കുമ്പോഴാണ് നല്ല പാട്ടും നല്ല ഗായകനും ജനിക്കുന്നത്. ലൈവായ സംഗീതപരിപാടികള്‍ക്ക് കുറച്ചുകൂടി ശാരീരികാധ്വാനവും വരും. അതുകൊണ്ട് ശാരീരം ശ്രദ്ധിക്കുന്നപോലെ തന്നെ ഗായകര്‍ ശരീരവും ശ്രദ്ധിക്കണമെന്ന് ചുരുക്കം. 

സംഗീതപരിപാടിയില്‍ പാടുന്നതിനൊപ്പം ആരാധകര്‍ക്കായി ചുവട് വെക്കുന്നതും രസിപ്പിക്കുന്നതും പാട്ടുപാടുന്നതിന്റെ് സ്‌ട്രെയ്ന്‍ കൂട്ടുന്നുണ്ടോ, ശ്വാസകോശസംബന്ധവും ഹൃദയസംബന്ധവുമായ അസുഖങ്ങളും വയ്യായ്മകളും ഗായകരെ ബുദ്ധിമുട്ടിക്കുന്നുണ്ടോ ഇങ്ങനെ പോയി നിശ്ശബ്ദമായ ചോദ്യങ്ങള്‍.

സിനിമകള്‍ തുടങ്ങുമ്പോള്‍ എഴുതിക്കാണിക്കാറുണ്ട്. ആരുടെയും ജീവിതവുമായി ബന്ധമില്ല. സാദൃശ്യങ്ങള്‍ തോന്നുന്നത് യാദൃച്ഛികം മാത്രം എന്നൊക്കെ. അത്തരമൊന്ന് മനസ്സില്‍ രേഖപ്പെടുത്തിയിട്ടു വേണം ഈ കുറിപ്പ് തുടര്‍ന്ന് വായിക്കാന്‍. 

ഹൃദയാഘാതം കൊണ്ടുപോയ ഗായകരെ കുറിച്ചാണ് പറയുന്നത്. അതിനര്‍ത്ഥം ടെന്‍ഷനും സമ്മര്‍ദവും എല്ലാം ഗായകര്‍ക്ക് മാത്രമെന്നല്ല. എല്ലാ ഗായകര്‍ക്കും ഹൃദ്രോഗസാധ്യതയുണ്ടെന്നുമല്ല. സാമാന്യവല്‍ക്കരിക്കരുത് എന്നര്‍ത്ഥം. എന്നാല്‍ ശ്രദ്ധിച്ചു കൂടാ എന്നൊന്നുമില്ല. 

കൊല്‍ക്കത്തയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത സംഗീതപരിപാടിക്ക് ശേഷമാണ് കെ കെ എന്ന ഗായകന് അസ്വസ്ഥത തോന്നുന്നതും പിന്നാലെ മരിക്കുന്നതും. പുകവലിക്കാത്ത, പൊതുവെ ആരോഗ്യം നോക്കുന്ന കെ കെക്ക് ഇതെന്ത് പറ്റിയതാകും എന്ന് ആലോചിക്കാത്തവര്‍ ഉണ്ടാകില്ല. സംഗീതപരിപാടിക്ക് ശേഷം മരണത്തിലേക്ക് നടന്നു പോയി കെ കെ. സംഗീതപരിപാടിയില്‍ പാടുന്നതിനൊപ്പം ആരാധകര്‍ക്കായി ചുവട് വെക്കുന്നതും രസിപ്പിക്കുന്നതും പാട്ടുപാടുന്നതിന്റെ് സ്‌ട്രെയ്ന്‍ കൂട്ടുന്നുണ്ടോ, ശ്വാസകോശസംബന്ധവും ഹൃദയസംബന്ധവുമായ അസുഖങ്ങളും വയ്യായ്മകളും ഗായകരെ ബുദ്ധിമുട്ടിക്കുന്നുണ്ടോ ഇങ്ങനെ പോയി നിശ്ശബ്ദമായ ചോദ്യങ്ങള്‍. ചില ഓര്‍മകള്‍ മനസ്സിലോടിയെത്തിയതാണ് അത്തരം ചോദ്യങ്ങള്‍ക്ക് വഴിയൊരുക്കിയത്. 

പ്രശസ്ത ഗായകന്‍ മുകേഷ് മരിച്ചത് ഹൃദയാഘാതത്താലാണ്. 1976 ഓഗസ്റ്റില്‍ അമേരിക്കയില്‍ വെച്ച്. അമ്പത്തിമൂന്നാം വയസ്സില്‍. ഡെട്രോയിറ്റില്‍ ഒരു സംഗീതപരിപാടിക്ക് എത്തിയതായിരുന്നു മുകേഷ്. ലത മങ്കേഷ്‌ക്കര്‍ ആയിരുന്നു ഒപ്പമുണ്ടായിരുന്ന പ്രധാനഗായിക. ഹൃദ്രോഗമുണ്ടായിരുന്നു മുകേഷിന്. ലൈവ് ആയി നടക്കുന്ന സംഗീതപരിപാടികളില്‍ പങ്കെടുക്കുന്നത് സ്‌ട്രെയ്ന്‍ ആണെന്നോ കഴിയുന്നത്ര ഒഴിവാക്കണമെന്നോ ഡോക്ടര്‍മാര്‍ ഉപദേശിച്ചിരുന്നോ എന്ന് വ്യക്തമല്ല. 

എന്തായാലും വയ്യായ്മകള്‍ അവഗണിച്ചാണ് മുകേഷ് അമേരിക്കയിലെത്തിയത്. ഓഗസ്റ്റ് 27-ന് നേരത്തെ എഴുന്നേറ്റ മുകേഷ് കുളി കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് ശ്വാസം മുട്ടുന്നുണ്ടെന്നും നെഞ്ച് വേദനിക്കുന്നുവെന്നും പറഞ്ഞത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലതയും പിന്നെ മുകേഷിന്റെ മകന്‍ നിതിനും കൂടി ചേര്‍ന്ന് സംഗീതപരിപാടി പൂര്‍ത്തിയാക്കി മുകേഷിന്റെ ഭൗതികശരീരവുമായി മടങ്ങി. 

കിഷോര്‍കുമാറും മരിക്കുന്നത് അറുപത് തികയുംമുമ്പാണ്. ഹൃദയാഘാതമായിരുന്നു കാരണം. നടനും ഗായകനുമെല്ലാമായി ഇന്ത്യന്‍സിനിമാചരിത്രത്തില്‍ അനന്യമായ ഇടമുണ്ടാക്കിയ ശേഷം 1987 ഒക്ടോബര്‍ 13-ന് ഭൂമിയോട് വിട വാങ്ങുമ്പോള്‍ കിഷോര്‍കുമാറിന് പ്രായം 58. തൊട്ടു തലേന്നാണ് തന്റെ അവസാനത്തെ പാട്ട് കിഷോര്‍കുമാര്‍ റെക്കോഡ് ചെയ്തത്. ആശാ ഭോസ്ലേക്കൊപ്പം, 'വഖ് കി ആവാസ്'എന്ന സിനിമക്കായി ബപ്പി ലാഹിരി ഈണമിട്ട 'ഗുരു ഗുരു' എന്ന പാട്ട്. 

മുമ്പ് ഒരു ചെറിയ ഹൃദയാഘാതം വന്നിട്ടുണ്ടായിരുന്നു കിഷോറിന്. എല്ലാത്തിനും ഒരു ശ്രദ്ധ വേണമെന്നും സ്‌ട്രെയിന്‍ ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ ഉപദേശിച്ചിരുന്നതുമാണ്. അപ്പോള്‍ കിഷോര്‍ പറഞ്ഞ മറുപടി ഇതായിരുന്നു...'ഞാന്‍ എന്റെ ഹൃദയം കൊണ്ടാണ് പാടുന്നത്. ചിലപ്പോള്‍ അതുകൊണ്ടാകും ഹൃദയം ദുര്‍ബലമാകുന്നത്.' 


ഇന്ത്യന്‍ ചലച്ചിത്ര സംഗീതലോകത്തെ കിരീടം വെക്കാത്ത രാജാക്കന്‍മാരില്‍ ഒരാളായ മുഹമ്മദ് റഫിയും ഷഷ്ടിപൂര്‍ത്തി ആഘോഷിക്കും മുമ്പ് വിടവാങ്ങിയ കലാകാരനാണ്. 1980 ജൂലൈ 31-നാണ് ഒരു വലിയ ഹൃദയാഘാതം മഹാനായ ഗായകന്റെര ഹൃദയമിടിപ്പ് അവസാനിപ്പിച്ചത്. ആരാധകരുടെയും സംഗീതപ്രേമികളുടെയും മനസ്സില്‍ വലിയ വിടവുണ്ടാക്കി മടങ്ങുമ്പോള്‍ റഫിക്ക് പ്രായം 55. അന്നത്തെ ദിവസം വയ്യായ്മകളുണ്ടായിട്ടും റാഫി റിഹേഴ്‌സലുകള്‍ തുടര്‍ന്നതായി ഒപ്പമുള്ളവര്‍ ഓര്‍ക്കുന്നു. 

ഇപ്പറഞ്ഞ മൂന്ന്‌പേരും ശാരീരികബുദ്ധിമുട്ടുകള്‍ മാറ്റിവെച്ച് സംഗീതപരിശീലനവും പരിപാടികളും തുടര്‍ന്നവരാണ്. മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാതെ ഉപാസിച്ച കലയുമായി മുന്നോട്ട് പോയവരാണ്. പാടുക എന്നത് നിസ്സാരമായ പണിയല്ല. തൊണ്ടക്കൊപ്പം തലയും ഹൃദയവും കൂടി പണിയെടുക്കുമ്പോഴാണ് നല്ല പാട്ടും നല്ല ഗായകനും ജനിക്കുന്നത്. ലൈവായ സംഗീതപരിപാടികള്‍ക്ക് കുറച്ചുകൂടി ശാരീരികാധ്വാനവും വരും. അതുകൊണ്ട് ശാരീരം ശ്രദ്ധിക്കുന്നപോലെ തന്നെ ഗായകര്‍ ശരീരവും ശ്രദ്ധിക്കണമെന്ന് ചുരുക്കം. ഇഷ്ടമുള്ള കല ജീവിതോപാധി കൂടിയാകുമ്പോള്‍ ചില വിട്ടുവീഴ്ചകള്‍ വേണ്ടിവന്നേക്കാം. പക്ഷേ അപ്പോഴും ഒരു കരുതല്‍ വേണം. ശരീരത്തിന്റെ പാട്ടിന് ശ്രുതി തെറ്റാതിരിക്കാന്‍.