ഏതായാലും കുട്ടി ഫോണ്‍ വിളിച്ചു വച്ചയുടനെ ഫോണെടുത്ത സ്ത്രീ കുട്ടിയുടെ വീട്ടിലേക്ക് ഒരു സര്‍പ്രൈസ് വിസിറ്റിന് തന്നെ പദ്ധതിയിട്ടു. കോണ്‍സ്റ്റബിളായ കുര്‍ട്ടിനെ വിളിച്ച് കാര്യം പറഞ്ഞു. 

ന്യൂസിലാന്‍ഡിലെ(New Zealand) എമര്‍ജന്‍സി സര്‍വീസില്‍(emergency service) കഴിഞ്ഞ ദിവസം ഒരു ഫോണ്‍ വന്നു. വിളിച്ചത് ഒരു നാലുവയസുകാരന്‍(four year old). ഫോണെടുത്ത വനിതാ പൊലീസിനോട് അവന്‍ പറഞ്ഞ ആവശ്യം ഇതായിരുന്നു, എന്‍റെ വീട്ടില്‍ കുറേ നല്ല കളിപ്പാട്ടങ്ങളുണ്ട് അത് കാണാന്‍ വരണം. ഏതായാലും ഒരു പൊലീസ് ഓഫീസര്‍ കുരുന്നിന്‍റെ വീട്ടിലെത്തുകയും അവന്‍റെ കളിപ്പാട്ടങ്ങള്‍ കാണുകയും ചെയ്തു. 

സംഭവം ഇങ്ങനെ, നാലുവയസുകാരന്‍ വീട്ടിലാരും അറിയാതെ എമര്‍ജന്‍സി നമ്പറിലേക്ക് ഫോണ്‍ ചെയ്യുന്നു. 

കുട്ടി: പൊലീസ് ലേഡി ഞാന്‍ നിങ്ങളോടൊരു കാര്യം പറയട്ടെ? 
പൊലീസ് ഓഫീസര്‍: ഉറപ്പായും നിങ്ങള്‍ക്കെന്നോട് ഒരു കാര്യം പറയാം. 
കുട്ടി: എന്‍റെ അടുത്ത് നിങ്ങള്‍ക്കായി കുറച്ച് കളിപ്പാട്ടങ്ങളുണ്ട്. അവ വന്ന് കാണുമോ? 
പൊലീസ് ഓഫീസര്‍: എനിക്ക് വേണ്ടി നിന്‍റെടുത്ത് കളിപ്പാട്ടങ്ങളുണ്ട് എന്നോ?
കുട്ടി: അതേ, വരൂ, വന്ന് അത് കാണൂ. 

എന്നാല്‍, സംഭാഷണത്തിനിടെ കുട്ടിയുടെ അച്ഛന്‍ അടുത്തെത്തുകയും എമർജൻസി സർവീസിലേക്ക് വിളിവന്നത് അബദ്ധത്തില്‍ സംഭവിച്ചതാണ് എന്ന് പറയുകയും ചെയ്തു. കുട്ടിയുടെ അമ്മയ്ക്ക് വയ്യ. അച്ഛന്‍ മറ്റൊരു കുട്ടിയെ ശ്രദ്ധിക്കുകയായിരുന്നു. അതിനിടയിലാണ് നാലുവയസുകാരന്‍ ഫോണ്‍ ചെയ്യുന്നത് എന്നും അച്ഛൻ പറഞ്ഞു. 

ഏതായാലും കുട്ടി ഫോണ്‍ വിളിച്ചു വച്ചയുടനെ ഫോണെടുത്ത സ്ത്രീ കുട്ടിയുടെ വീട്ടിലേക്ക് ഒരു സര്‍പ്രൈസ് വിസിറ്റിന് തന്നെ പദ്ധതിയിട്ടു. കോണ്‍സ്റ്റബിളായ കുര്‍ട്ടിനെ വിളിച്ച് കാര്യം പറഞ്ഞു. കുര്‍ട്ട് ഉടന്‍ തന്നെ കുട്ടിയുടെ വീട്ടിലേക്ക് പോവുകയും അവന്‍റെ ആഗ്രഹം പോലെ കളിപ്പാട്ടങ്ങള്‍ കാണുകയും ചെയ്തു. അവന് കുറേ നല്ല കളിപ്പാട്ടങ്ങളുണ്ട് എന്നും കുര്‍ട്ട് സമ്മതിച്ചു. 

മാത്രമല്ല, കുട്ടിക്ക് പൊലീസിന്‍റെ പട്രോള്‍ കാറും മറ്റും കാണാനുള്ള അവസരവുമുണ്ടായി. ന്യൂസിലന്‍ഡ് പൊലീസ് തന്നെയാണ് കോള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേരാണ് അതിന് കമന്റിടുകയും അത് ഷെയർ ചെയ്യുകയും ചെയ്തത്.