Asianet News MalayalamAsianet News Malayalam

2 മീറ്ററിലധികം ഉയരം, മോണ്ട് ബ്ലാങ്കിനെ വലച്ച് കാലാവസ്ഥ, ഫ്രാൻസിലെ ഏറ്റവും ഉയരം കൂടിയ പർവത നിര ചുരുങ്ങുന്നു

ഓരോ വര്‍ഷവും 20000 മുതല്‍ 30000 പേരാണ് കൊടുമുടി കീഴടക്കാന്‍ ശ്രമിക്കുന്നത്. തിക്കും തിരക്കും ഒഴിവാക്കാന്‍ ഒരു ദിവസം 214 പേരെ മാത്രമാണ് പര്‍വ്വതാരോഹണത്തിന് ഇവിടെ അനുവദിക്കുന്നത്

Frances highest mountain Mont Blanc is shrinking decreased more than 2 meters in two year  etj
Author
First Published Oct 6, 2023, 11:33 AM IST

പാരീസ്: ഫ്രാൻസിലെ ഏറ്റവും ഉയരം കൂടിയ പർവത നിര ചുരുങ്ങുന്നുവെന്ന് പഠനങ്ങൾ. മോണ്ട് ബ്ലാങ്ക് കൊടുമുടിയുടെ ഉയരത്തിൽ രണ്ട് വർഷം കൊണ്ട് 2.22 മീറ്ററിന്‍റെ കുറവുണ്ടായെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇതിന്റെ കാരണം അറിയാൻ വിശദമായ പഠനം വേണമെന്നാണ് ശാസ്ത്രജ്ഞർ വിശദമാക്കുന്നത്. 2021 ല്‍ ഉയരം കണക്കാക്കിയതിനേക്കാള്‍ 2.22 മീറ്ററിന്റെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്.

4805.59 മീറ്ററാണ് നിലവില്‍ മോണ്ട് ബ്ലാങ്ക് കൊടുമുടിയുടെ ഉയരം. വേനല്‍ക്കാലത്തെ മഴക്കുറവ് ആകാം ഈ പ്രതിഭാസത്തിന് കാരണമെന്നാണ് ചീഫ് ജിയോമീറ്റര്‍ ജീന്‍ ദെസ് ഗാരെറ്റ്സ് അന്തര്‍ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. ഫ്രാന്‍സിലെ തെക്ക് കിഴക്കന്‍ മേഖലയിലാണ് ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്. രണ്ട് വര്‍ഷം കൂടുമ്പോഴാണ് കൊടുമുടിയുടെ ഉയരം അളക്കാറുള്ളത്. കാലാവസ്ഥാ വ്യതിയാനം ആല്‍പ്സില്‍ വരുത്തിയ വ്യത്യാസങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഉയരം കണക്കാക്കുന്നത്. 2001ലാണ് കണക്കെടുപ്പ് ആരംഭിച്ചത്. ഓരോ വര്‍ഷവും 13 സെന്റിമീറ്റര്‍ വച്ച് പര്‍വ്വതത്തിന്റെ ഉയരം കുറയുന്നതായാണ് ഗവേഷകര്‍ പറയുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 4792 മീറ്റര്‍ ഉയരത്തിലാണ് മോണ്ട് ബ്ലാങ്ക് കൊടുമുടിയുള്ളത്. കഴിഞ്ഞ മാസമാണ് മോണ്ട് ബ്ലാങ്കിന്റെ ഉയരം അളന്നത്.

20 പേരുള്ള സംഘത്തെ എട്ട് ഗ്രൂപ്പുകളായി വിഭജിച്ചായിരുന്നു പരിശോധന. ആദ്യമായി ഡ്രോണുകളുടെ സഹായവും കൊടുമുടിയുടെ ഉയരം കണക്കിലാക്കാനായി ഉപയോഗിച്ചിരുന്നു. ഓരോ വര്‍ഷവും 20000 മുതല്‍ 30000 പേരാണ് കൊടുമുടി കീഴടക്കാന്‍ ശ്രമിക്കുന്നത്. തിക്കും തിരക്കും ഒഴിവാക്കാന്‍ ഒരു ദിവസം 214 പേരെ മാത്രമാണ് പര്‍വ്വതാരോഹണത്തിന് ഇവിടെ അനുവദിക്കുന്നത്. 2013ല്‍ പര്‍വ്വതാരോഹണത്തിന് എത്തിയ യുവാവിനെ മരതകവും മാണിക്യവും അടങ്ങുന്ന നിധി കണ്ടെത്തിയിരുന്നു. ഈ കൊടുമുടിയിലേക്കുള്ള യാത്ര തീര്‍ത്തും അപകടം നിറഞ്ഞ, സാഹസിക നിറഞ്ഞ ഒന്നാണ്.

പോകുന്ന പോക്കില്‍ എന്തും സംഭവിക്കാമെന്ന സ്ഥിതിയാണ് പര്‍വ്വതാരോഹകര്‍ നേരിടുന്നത്. തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ല. അതിന് പുറമെ ഇപ്പോള്‍ അവിടെ കടുത്ത വരള്‍ച്ചയും ഉഷ്ണതരംഗവും അനുഭവപ്പെടുന്നു. ഈ കാലാവസ്ഥയില്‍ എപ്പോള്‍ വേണമെങ്കിലും ഉരുള്‍പൊട്ടല്‍ ഉണ്ടാകാം എന്ന അപകട ആശങ്കയുമുണ്ട്. നേരത്തെ സ്വിറ്റ്സര്‍ലണ്ടിലെ മഞ്ഞ് പാളികളില്‍ സാരമായ കുറവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ആഗോള താപനത്തിന്റെ നേരിട്ടുള്ള പ്രതിഫലനം ആയാണ് ഇതിന്റെ ശാസ്ത്ര ലോകം വിലയിരുത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios