ആർച്ചർ ക്ലീനേഴ്‌സിന്റെ ടീം ലീഡറായ കോൾട്ടൺ ആർച്ചർ ഈ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് നിങ്ങളുടെ മോശസമയത്ത്  നിങ്ങളെ ഏറ്റവും മികച്ചതായി കാണാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും എന്നായിരുന്നു.

തൊഴിൽരഹിതർക്ക് പ്രത്യേക സേവനങ്ങൾ വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ് അമേരിക്കയിലെ ഒക്‌ലഹോമയിൽ ഉള്ള ഒരു ഡ്രൈക്ലീൻ സെന്റർ. ഈ കടയുടെ പുറത്ത് എഴുതിവെച്ചിരിക്കുന്ന ഒരു ബോർഡിന്റെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ വസ്ത്രങ്ങൾ വൃത്തിയാക്കേണ്ട തൊഴിൽരഹിതർക്ക് സൗജന്യ ക്ലീനിംഗ് വാഗ്ദാനം ചെയ്യുന്നതാണ് ഈ പരസ്യം.

ആർച്ചർ ക്ലീനേഴ്‌സ് എന്ന ഡ്രൈക്ലീൻ സെന്റർ ആണ് ഇത്തരത്തിൽ വ്യത്യസ്തമായ ഒരു ആശയം മുന്നോട്ട് വെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറയുന്നത്. ഇൻസ്റ്റാഗ്രാമിലൂടയാണ് ആർച്ചർ ക്ലീനേഴ്‌സ് തങ്ങളുടെ പുതിയ ചുവടുവയ്പ്പ് വിശദമാക്കി കൊണ്ടുള്ള പോസ്റ്റ് ഷെയർ ചെയ്തത്. “നിങ്ങൾ തൊഴിൽരഹിതനാണെങ്കിൽ ഇന്റർവ്യൂവിന് വസ്ത്രം വൃത്തിയാക്കണമെങ്കിൽ ഞങ്ങൾ അത് സൗജന്യമായി വൃത്തിയാക്കി നൽകും!” എന്നായിരുന്നു പോസ്റ്ററിൽ എഴുതിയിരുന്നത്. 

View post on Instagram

ആർച്ചർ ക്ലീനേഴ്‌സിന്റെ ടീം ലീഡറായ കോൾട്ടൺ ആർച്ചർ ഈ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് നിങ്ങളുടെ മോശസമയത്ത് നിങ്ങളെ ഏറ്റവും മികച്ചതായി കാണാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും എന്നായിരുന്നു. ഒക്‌ലഹോമയിലെ ആർച്ചർ ക്ലീനേഴ്‌സിന്റെ മുഴുവൻ യൂണിറ്റുകളിലും തൊഴിൽരഹിതർക്ക് സൗജന്യ സേവനം ഉറപ്പു നൽകി കൊണ്ടുള്ള പോസ്റ്റിന് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ആർച്ചർ ക്ലീനേഴ്സിന് നന്ദി പറഞ്ഞുകൊണ്ട് നിരവധി പേരാണ് പോസ്റ്റ് വീണ്ടും വീണ്ടും ഷെയർ ചെയ്തത്. പ്രചോദാത്മകം എന്നും വലിയ കരുതലിന് നന്ദി എന്ന് തുടങ്ങി നന്ദി സൂചകമായ നിരവധി അഭിപ്രായങ്ങൾ ആണ് നെറ്റിസൺസ് പോസ്റ്റിന് താഴെ കുറിച്ചത്.