നിരന്തരം ബുക്ക് ചെയ്തതിനേക്കാൾ ആളുകൾ കൂടുതലോ കുറവോ വരാൻ തുടങ്ങിയതോടെയാണ് അതിൽ സഹികെട്ട് റെസ്റ്റോറന്റ് ഉടമ ഇങ്ങനെ ഒരു നീക്കം നടത്തിയത്.

റെസ്റ്റോറന്റുകളിൽ പലരും സീറ്റുകൾ റിസർവ് ചെയ്യാറുണ്ട്. എന്നാൽ, എല്ലാ തവണയും സീറ്റ് ബുക്ക് ചെയ്തിരിക്കുന്ന അത്രതന്നെ ആളായിരിക്കില്ല റെസ്റ്റോറന്റിൽ എത്തുന്നത്. ഫ്രാൻസിലെ അംബോയിസിലുള്ള ഒരു ചെറിയ റസ്റ്റോറന്റ് ഇങ്ങനെ ആളുകൾ കൂടിയാലോ കുറഞ്ഞാലോ ഇതിന് പണം ഈടാക്കുന്നതാണ് ഇപ്പോൾ വാർത്തയാവുന്നത്.

റിസർവേഷനിൽ പറഞ്ഞിരിക്കുന്നതിൽ നിന്ന് മാറിയുള്ള എണ്ണം അതിഥികളുമായി എത്തുന്ന ഉപഭോക്താക്കൾക്ക് പിഴ ചുമത്താൻ തീരുമാനിച്ചിരിക്കുകയാണത്രെ ഈ റെസ്റ്റോറന്റ്. അതോടെ ഇത് വലിയ വിമർശനത്തിനും ചർച്ചകൾക്കും വഴിവച്ചിരിക്കുകയാണ്. 20 സീറ്റുകളുള്ള റെസ്റ്റോറന്റാണ് ലി'ഇലോട്ട്. ഇതിന്റെ ഷെഫും മാനേജരുമായ ഒലിവിയർ വിൻസെന്റ് അധികം വരുന്നതോ, കുറവുള്ളതോ ആയ ഓരോ വ്യക്തിയിൽ നിന്നും 15 യൂറോ (ഏകദേശം 1500 രൂപ) പിഴയായി വാങ്ങുമത്രെ.

നിരന്തരം ബുക്ക് ചെയ്തതിനേക്കാൾ ആളുകൾ കൂടുതലോ കുറവോ വരാൻ തുടങ്ങിയതോടെയാണ് അതിൽ സഹികെട്ട് റെസ്റ്റോറന്റ് ഉടമ ഇങ്ങനെ ഒരു നീക്കം നടത്തിയത്. റെസ്റ്റോറന്റിന്റെ പ്രവർത്തനങ്ങളെ ബഹുമാനിക്കണമെന്നും അതിനാൽ തന്നെ പറഞ്ഞ അത്രയും ആളുകളായിരിക്കണം റെസ്റ്റോറന്റിൽ എത്തുന്നത് എന്നുമാണ് വിൻസന്റ് പറയുന്നത്.

ഒരു ഫേസ്ബുക്ക് പോസ്റ്റിൽ ഈ നയം നടപ്പിലാക്കി തുടങ്ങുകയാണ് എന്നും റെസ്റ്റോറന്റ് പറയുന്നുണ്ട്. 'എൽ'ഇലോട്ട് റെസ്റ്റോറന്റിൽ ഒരു മാറ്റം പ്രഖ്യാപിക്കുകയാണ്. ഇനി മുതൽ, നിങ്ങൾ ബുക്ക് ചെയ്ത അത്രയും എണ്ണം അതിഥികൾ എത്തിയില്ലെങ്കിലോ, അതിൽ അധികം വന്നാലോ, ഒരാൾക്ക് 15 യൂറോ ഈടാക്കും. ഞങ്ങളെ മനസ്സിലാക്കുന്നതിന് നന്ദി' എന്നാണ് പോസ്റ്റിൽ എഴുതിയിരിക്കുന്നത്.

എന്നാൽ, ഈ അധികം തുക ഈടാക്കുന്നത് ഒഴിവാക്കാനും സീറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് കഴിയും. അതിനായി വരുന്നതിന് മുമ്പേ തന്നെ മാറ്റമെന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചറിയിച്ചാൽ മതിയാവുമെന്നും തങ്ങളുടെ ഫോൺ 24/7 ലഭ്യമാണ് എന്നും വിൻസന്റ് പറയുന്നു.

അതേസമയം റെസ്റ്റോറന്റിന്റെ ഈ നീക്കത്തെ വിമർശിച്ച് നിരവധിപ്പേരാണ് മുന്നോട്ട് വരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം