എന്തായാലും, ജൂലിയ ചോദിക്കുന്നത് ഇത്രയും വർഷം ഇന്ത്യൻ ഭക്ഷണം കഴിക്കാതെ താനെങ്ങനെ അതിജീവിച്ചു എന്നാണ്. ജൂലിയ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ ഒരു ഇലയിട്ട് സദ്യ വിളമ്പിയിരിക്കുന്നത് കാണാം.
കേരളത്തിലെ സദ്യ പോലെ ഒരു ഭക്ഷണം വേറെവിടെയും കാണുമെന്ന് തോന്നുന്നില്ല. അത്രയേറെ വിഭവങ്ങളാണ് സദ്യയ്ക്ക് തയ്യാറാക്കുന്നത്. പച്ചടി, കിച്ചടി, സാമ്പാർ, തോരൻ തുടങ്ങി പലവിധ കറികളും ഉപ്പേരിയും പഴവും പായസവും എന്നുവേണ്ട സകലതും സദ്യയിലുണ്ടാവും. ഇന്നലെ ഓണസദ്യ കഴിച്ചതിന്റെ ആലസ്യം നമ്മളിൽ ഇന്നും വിട്ടുമാറിയിട്ടുണ്ടാവില്ല. ഓണസദ്യയുടെ രുചിക്ക് ഇപ്പോഴിതാ ഒരു ഫ്രഞ്ച് ആരാധിക കൂടി ഉണ്ടായിരിക്കുകയാണ്. ദില്ലിയിൽ നിന്നും സദ്യ കഴിച്ച വിദേശിയായ യുവതി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
ജൂലിയ ചൈഗ്നോ എന്ന യുവതിയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. എങ്ങനെയാണ് എല്ലാതരം സംസ്കാരങ്ങളെയും ആളുകൾ ചേർത്ത് നിർത്തുന്നത് എന്നും അങ്ങനെ ചേർത്ത് നിർത്തുന്നത് എത്ര മനോഹരമാണ് എന്നും കാണിക്കുന്നതാണ് ജൂലിയയുടെ പോസ്റ്റ്. മാത്രമല്ല, വ്യത്യസ്തമായ വിഭവങ്ങൾക്ക് പേരുകേട്ട രാജ്യമാണ് ഇന്ത്യ. അതിൽ കേരളത്തിൽ നിന്നുള്ള ഓണസദ്യയും പ്രശസ്തം തന്നെ. ഒരുപാട് ആരാധകരുണ്ട് ഓണസദ്യയ്ക്ക്.
എന്തായാലും, ജൂലിയ ചോദിക്കുന്നത് ഇത്രയും വർഷം ഇന്ത്യൻ ഭക്ഷണം കഴിക്കാതെ താനെങ്ങനെ അതിജീവിച്ചു എന്നാണ്. ജൂലിയ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ ഒരു ഇലയിട്ട് സദ്യ വിളമ്പിയിരിക്കുന്നത് കാണാം.
ചിത്രങ്ങൾക്കൊപ്പം അവൾ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്, 'ഇന്ത്യൻ ഭക്ഷണമില്ലാതെ എന്റെ ജീവിതത്തിലെ 20 വർഷം ഞാൻ എങ്ങനെ അതിജീവിച്ചു എന്നെനിക്കറിയില്ല! ഇന്ന് ആദ്യമായി ഞാൻ ഓണസദ്യ കഴിച്ചു. പുതിയതും വ്യത്യസ്തവുമായ നിരവധി രുചികൾ അതിലുണ്ടായിരുന്നു. ഈ രുചികൾ കൊണ്ട് അവിശ്വസനീയം തന്നെയാണത്. വളരെയധികം ഭക്ഷണം ഞാൻ കഴിച്ചു. പക്ഷേ അതിൽ ഒട്ടും കുറ്റബോധമില്ല, ജീവിതം മനോഹരമാണ്. ഇനി കുറച്ച് നേരം ഉറങ്ങാം' എന്നാണ്.
നിരവധിപ്പേർ പോസ്റ്റിന് കമന്റുകളുമായി എത്തി. ഇന്ത്യൻ ഭക്ഷണത്തെ കുറിച്ചാണ് പലരും കമന്റുകളിൽ പറഞ്ഞത്.
