ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിലെ ആദ്യത്തെ സമ്മേളനങ്ങൾക്ക് എത്തിച്ചേർന്നിരുന്നവർക്ക് കാര്യങ്ങൾ ഇന്നത്തേക്കാൾ ഏറെ എളുപ്പമായിരുന്നു. ദില്ലി ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസിൽ കയറി നേരെ പാർലമെന്റ് ബിൽഡിങ്ങിന്റെ മെയിൻ ഗേറ്റിൽ  ചെന്നിറങ്ങുക. അകത്തേക്ക് നടന്നു കയറുക. 1973 -ൽ വാജ്‌പേയി, വർധിച്ചു വന്ന പെട്രോൾ വിലയിൽ പ്രതിഷേധിക്കാൻ ആ ഗേറ്റിങ്കൽ വന്നിറങ്ങിയത് ഒരു കാളവണ്ടിയിലായിരുന്നു. പതിനൊന്നു വർഷങ്ങൾക്കു ശേഷം നടന്ന ഇന്ദിരാ ഗാന്ധിയുടെ വധമാണ് പാർലമെന്റ് മന്ദിരത്തിനു ചുറ്റും സുരക്ഷയുടെ പുതിയ വലയങ്ങൾ സ്ഥാപിതമാകാൻ കാരണമായത്. 

 

 

സർ എഡ്വേർഡ് ല്യൂട്ടനും, സർ ഹെർബർട്ട് ബേക്കറും ചേർന്ന് നിർമിച്ച ഈ പാർലമെന്റ് മന്ദിരസമുച്ചയത്തിന്റെ ആദ്യത്തെ വികസനമുണ്ടായതും ഇതേ ഇന്ദിരയുടെ കാലത്തുതന്നെയാണ്. 1975 ഒക്ടോബർ 24 -ന് ഒരു അനക്സ് കെട്ടിടം കൂടി മന്ദിരത്തോട് കൂട്ടിച്ചേർക്കപ്പെടുന്നു. പാർലമെന്റിന്റെ പ്രവർത്തനത്തിന് വേണ്ടിവരുന്ന ജീവനക്കാരുടെ എണ്ണത്തിൽ വന്ന വർധനവാണ് ഇങ്ങനെ ഒരു പുതിയ കെട്ടിടം കൂട്ടിച്ചേർക്കപ്പെടാനുള്ള കാരണം. 

ഇന്നുള്ള ഈ വൃത്താകൃതിയിലുള്ള കെട്ടിടം, നിർമിച്ചു തുടങ്ങുന്നത് 1921 -ലാണ്. അന്ന് ബ്രിട്ടീഷ് ഭരണകാലത്ത് സെൻട്രൽ ലെജിസ്ളേറ്റിവ് അസംബ്ലിയും, കൗൺസിൽ ഓഫ് സ്‌റ്റേറ്റും കൂടാൻ വേണ്ടിയാണ് ഈ മന്ദിരം പ്രയോജനപ്പെട്ടിരുന്നത്. ഈ മന്ദിരം ബ്രിട്ടനിൽ നിന്നും ഇന്ത്യയിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെട്ടതടക്കമുള്ള പല നിർണായക സംഭവങ്ങൾക്കും സാക്ഷിയാണ്. ഈ കെട്ടിടം അന്ന് 83 ലക്ഷം ചെലവിട്ട്, ആറു വർഷം കൊണ്ടാണ് ഇതിന്റെ പണി പൂർത്തിയാക്കപ്പെടുന്നത്. 1927 ജനുവരി 19 -ന്, പണി പൂർത്തിയാക്കപ്പെട്ടശേഷം ആദ്യമായി സെൻട്രൽ ലെജിസ്ളേറ്റിവ് അസംബ്ലി ഇതിനുള്ളിൽ വെച്ച് കൂടുന്നു. 

പിന്നീട് രാജീവ് ഗാന്ധിയുടെ കാലത്താണ് മറ്റൊരു കെട്ടിടം കൂടി, പാർലമെന്റ് ലൈബ്രറി - പണിയാനുള്ള തീരുമാനം കൈക്കൊള്ളപ്പെടുന്നത്. 1987  ഓഗസ്റ്റ് 15 -ന്, രാജീവ് ഗാന്ധി ഇതിന്റെ ശിലാസ്ഥാപനം നടത്തുന്നു. എന്നാൽ അതിന്റെ പണി വർഷങ്ങൾ നീണ്ടു പോയി, ഒടുവിൽ 2002 -ൽ വാജ്‌പേയിയുടെ കാലത്താണ് പൂർത്തിയാക്കപ്പെടുന്നത്. അന്ന് രാഷ്‌ട്രപതി കെ ആർ നാരായണൻ ആണ് പാർലമെന്റ് ലൈബ്രറി കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കുന്നത്.

അതിന് ഏഴു വർഷങ്ങൾക്ക് ശേഷം പുതിയൊരു അനക്സ് കൂടി പ്ലാൻ ചെയ്യപ്പെട്ടു. 2009 മെയ് 5 -ന് അന്നത്തെ ഉപരാഷ്‌ട്രപതി മുഹമ്മദ് ഹമീദ് അൻസാരിയും ലോക്സഭാ സ്പീക്കർ സോംനാഥ് ചാറ്റര്ജിയും ചേർന്ന് അന്നതിന്റെ ശിലാസ്ഥാപനം നടത്തി. ആ പുതിയ മന്ദിരം ജൂലൈ 31 -ന് നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്തു.  

ഇന്നോളം നടന്ന അറ്റകുറ്റപ്പണികളിൽ നിന്നും അനക്സിങ്ങിൽ നിന്നുമൊക്കെയുള്ള വലിയൊരു കുതിച്ചു ചാട്ടത്തിനാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടത്. സമൂലമായ മാറ്റങ്ങളോട് കൂടിയ പുതിയൊരു പാർലമെന്റ് കെട്ടിടം തന്നെയാണ്, ഇനി വരാൻ പോകുന്നത്. അത് 2022 -ൽ ഇന്ത്യ  സ്വാതന്ത്ര്യ ലബ്ധിയുടെ മുക്കാൽ നൂറ്റാണ്ട് ആഘോഷിക്കുന്ന  വേളയിൽ പണിപൂർത്തിയാക്കപ്പെടും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. 

 

970 കോടി രൂപ ചെലവിൽ, ത്രികോണാകൃതിയിൽ നിർമിക്കപ്പെടുന്ന പുതിയ മന്ദിരത്തിന്റെ നടുക്ക് 'കോൺസ്റ്റിറ്റ്യൂഷൻ ഹാൾ' ആണുണ്ടാവുക. ഇന്ത്യൻ ഭരണകൂടത്തിന്റെ ചിഹ്നം, പുതിയ മന്ദിരത്തിന്റെ മുകളിൽ സ്ഥാപിതമാകും. ഈ മന്ദിരത്തിലേക്ക് എംപിമാർക്കും, വിഐപികൾക്കും, സ്പീക്കർ, വൈസ് പ്രസിഡന്റ് തുടങ്ങിയവർക്കും കടന്നുവരാൻ വേണ്ടി ആറു മാർഗങ്ങൾ ഉണ്ടാകും. അതിന് പുറമെ കാന്റീനുകൾ, കമ്മിറ്റി മീറ്റിംഗ് റൂമുകൾ, വിഐപി ലോഞ്ചുകൾ, ലേഡീസ് ലോഞ്ച് എന്നിവയും പുതിയ കെട്ടിടത്തിന്റെ ഭാഗമാകും. നടുമുറ്റത്ത് മീറ്റിങ് നടത്താനുള്ള തുറസ്സായ ഒരിടം കൂടി ഉണ്ടായിരിക്കും. ഈ നടുമുറ്റത്തിന്റെ ഒത്ത നടുക്കായി ഒരു ആൽമരം നടാനും കേന്ദ്രത്തിനു പദ്ധതിയുണ്ട്.