നിർഭയ കേസ് പ്രതികളുടെ വധശിക്ഷയ്ക്കുള്ള തീയതി അടുത്തടുത്ത് വരികയാണ്. തൂക്കിലേറ്റാൻ പോകുന്നവർക്ക് എന്തെങ്കിലും അന്ത്യാഭിലാഷങ്ങൾ ഉണ്ടെങ്കിൽ അത് സാധിച്ചു നൽകുക എന്നത് ഇന്ത്യൻ ജയിലുകളിൽ വധശിക്ഷ നടപ്പിലാക്കും മുമ്പ് പതിവുള്ള ഒരു കീഴ്വഴക്കമാണ്. അതിന്റെ ഭാഗമായി അവരോടും അന്ത്യാഭിലാഷത്തെപ്പറ്റി ചോദിച്ചെങ്കിലും അവർ മൗനം ഭജിക്കുകയുണ്ടായത്. എഴുതിക്കൊടുക്കുക എന്നതാണ് പതിവ്. ജയിലിന്റെ ചുവരുകൾക്കുള്ളിൽ വെച്ച് സാധിച്ചുകൊടുക്കാവുന്ന കാര്യങ്ങളാണെങ്കിൽ അധികൃതർ സാധിച്ചു നൽകാറുമുണ്ട്. 

മുൻകാലങ്ങളിൽ നടപ്പിലാക്കപ്പെട്ടിട്ടുള്ള വധശിക്ഷകളിലും ഈ പതിവ് പിന്തുടർന്നിരുന്നു. അവരിൽ പലരും തങ്ങളുടെ അന്തിമാഭിലാഷങ്ങൾ വ്യക്തമാക്കുകയും, അവ സാധിക്കുകയും ഉണ്ടായിട്ടുണ്ട്. 

ധനഞ്ജയ് ചാറ്റർജി

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥ തൂക്കിക്കൊന്ന ആദ്യ കുറ്റവാളിയാണ് ധനഞ്ജയ് ചാറ്റർജി. കൊൽക്കത്തയിലെ പതിനാലുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനി ഹേതൽ പാരീഖിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി എന്ന കുറ്റത്തിനാണ് ചാറ്റർജിക്ക് വധശിക്ഷ കിട്ടിയത്. ദൃക്‌സാക്ഷികൾ ആരുമില്ലാതിരുന്ന കുറ്റം പൊലീസ് സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതിക്കുമുന്നിൽ തെളിയിച്ചത്. എന്നാൽ, തൂക്കിലേറ്റപ്പെടുന്ന ദിവസം വരെ ചാറ്റർജി താൻ നിരപരാധിയാണ് എന്ന ഒരേ പല്ലവി തന്നെ ആവർത്തിച്ചുകൊണ്ടിരുന്നു. 

ധനഞ്ജയ് ചാറ്റർജി തൂക്കിലേറ്റപ്പെടും മുമ്പ് ഒരു അന്ത്യാഭിലാഷം അറിയിച്ചു. അത് ജയിൽ ഡോക്ടറായ ബസുദേബ് മുഖർജിയുടെ കാൽപാദങ്ങൾ തൊട്ടുവണങ്ങണം എന്നതായിരുന്നു. തൂക്കിലേറ്റാൻ കൊണ്ടുപോകും മുമ്പ് ഭക്തിഗാനങ്ങളുടെ റെക്കോർഡ് വെച്ച് കേൾപ്പിക്കണം എന്നും അയാൾ ആവശ്യപ്പെട്ടിരുന്നു. ആ രണ്ടാഗ്രഹങ്ങളും ആലിപ്പൂർ ജയിൽ അധികൃതർ ധനഞ്ജയ് ചാറ്റർജിയെ തൂക്കിലിടും മുമ്പ് സാധിച്ചുനൽകി. 

യാക്കൂബ് മേമൻ 
 
ചാർട്ടേർഡ് അക്കൗണ്ടന്റ് ആയിരുന്ന യാക്കൂബ് മേമനെ തന്റെ സഹോദരൻ ടൈഗർ മേമന്റെ കൂടെ ചേർന്നുകൊണ്ട് 1993 -ൽ മുംബൈയിൽ സ്ഫോടനപരമ്പര നടത്താൻ ഗൂഢാലോചന നടത്തി എന്ന കുറ്റത്തിനാണ് തൂക്കിലേറ്റാൻ കോടതി വിധിച്ചത്. തന്റെ മകളെ ഒന്ന് കാണണം എന്നതായിരുന്നു യാക്കൂബ് മേമന്റെ അവസാനത്തെ ആഗ്രഹം. നേരിൽ കാണാനുള്ള അനുവാദം നാഗ്പൂർ ജയിലധികൃതർ നൽകിയില്ലെങ്കിലും  അവസാനമായി മകളോട് ഫോണിൽ സംസാരിക്കാൻ അനുവദിച്ച ശേഷമാണ് അവർ യാക്കൂബിനെ തൂക്കിലേറ്റിയത്. 

അഫ്സൽ ഗുരു 

2001 -ലെ പാർലമെന്റ് ആക്രമണക്കേസിലെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്ന കുറ്റം ചുമത്തിയാണ് അഫ്സൽ ഗുരുവിന് തൂക്കുകയർ വിധിക്കപ്പെട്ടത്. തന്റെ അന്ത്യനാളുകളിൽ അയാൾ നിരന്തരം പുസ്തകവായനയിൽ മുഴുകി കഴിച്ചുകൂട്ടുകയായിരുന്നു. അവസാനമായി ഒരു കപ്പ് ചായയാണ് അഫ്സൽ ഗുരു ചോദിച്ചു വാങ്ങിക്കുടിച്ചത്. അതിനു ശേഷം വീണ്ടും ചായ വേണം എന്ന് ആവശ്യപ്പെട്ടു എങ്കിലും, ചായവിതരണക്കാരൻ പൊയ്ക്കഴിഞ്ഞിരുന്നതിനാൽ അത് സാധിക്കാതെ തന്നെ അഫ്സൽ ഗുരുവിനെ തൂക്കിലിടുകയായിരുന്നു. തിഹാർ ജയിലിൽ വെച്ചായിരുന്നു അഫ്സൽ ഗുരുവിന്റെ കഴുവേറ്റം.

അജ്മൽ കസബ് 

26/11 മുംബൈ ഭീകരാക്രമണത്തിനിടെ ജീവനോടെ പിടിയിലായ കസബിനെ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചു. അയാൾക്ക് അന്തിമാഭിലാഷങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ, ചാവും എന്നുറപ്പിച്ചുകൊണ്ട് പാകിസ്ഥാനിൽ നിന്ന് പുറപ്പെട്ടുവന്ന അജ്മൽ കസബിനെ തൂക്കിലേറ്റുന്നത് തീയതിയടുത്തപ്പോൾ പ്രാണഭയം വല്ലാതെ അലട്ടി. ഭയന്നുവിറച്ച്, ഒരുപാട് സംഘർഷങ്ങൾ അനുഭവിച്ചുകൊണ്ടാണ് ഒടുവിലയാൾ യെർവാഡാ ജയിലിലെ കഴുമരത്തിൽ തൂക്കിലേറിയത്. 

ബില്ല & രംഗ 

ഒരു നേവൽ ഓഫീസറുടെ രണ്ടു കുട്ടികളെ തട്ടിക്കൊണ്ടുപോയി, ആൺകുട്ടിയെ വധിക്കുകയും, പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം വധിക്കുകയും ചെയ്ത കുറ്റത്തിനാണ് ഇരുവരെയും തൂക്കിലിടാൻ വിധിക്കുന്നത്. രണ്ടുപേർക്കും അന്തിമാഭിലാഷങ്ങൾ ഒന്നുമില്ലായിരുന്നു. രംഗ തലേന്ന് വയറുനിറയെ കഴിക്കുകയും, ബില്ല അവസാന നിമിഷങ്ങളിൽ തുടർച്ചയായി 'ജോ ബോലേ സോ നിഹാൽ' എന്ന സിഖ് സൂക്തം നിരന്തരം വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു. ഒടുവിൽ തിഹാർ ജയിലിൽ വെച്ച് അവർ തൂക്കിലേറ്റപ്പെട്ടു.