ഐടി മേഖലയിൽ എഐ ഭീഷണി വർധിക്കുന്നു, എന്നാല്‍ കാര്‍പ്പന്‍റര്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്മാര്‍ക്ക് ഒക്കെയും ഡിമാന്‍ഡ് കൂടുന്നു. ഭാവി ഇനി ഇത്തരം തൊഴിലുകളിലാണോ എന്ന് ചര്‍ച്ചകള്‍.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുകയറ്റവും ഐടി മേഖലയിലെ പിരിച്ചുവിടലുകളും വൈറ്റ് കോളർ ജീവനക്കാരെ ആശങ്കയിലാഴ്ത്തുമ്പോൾ, മറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ വൻ വരുമാനവും തൊഴിൽ സുരക്ഷയും നേടുന്നതായി ചര്‍ച്ച. പ്രമുഖ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ എക്സിലും (ട്വിറ്റർ) റെഡ്ഡിറ്റിലും പങ്കുവെക്കപ്പെട്ട ചില അനുഭവങ്ങളാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഗുരുഗ്രാമിൽ നിന്നുള്ള ഒരാൾ പങ്കുവെച്ച കുറിപ്പാണ് ചർച്ചകളുടെ തുടക്കം. വെറും 45 മിനിറ്റ് നേരം ഷെൽഫുകൾ ഘടിപ്പിക്കുന്നതിനും ചിത്രങ്ങൾ തൂക്കുന്നതിനുമായി ഒരു മരപ്പണിക്കാരന് 900 രൂപ നൽകേണ്ടി വന്ന അനുഭവം അദ്ദേഹം പങ്കുവെച്ചു. 'ബ്ലൂ കോളര്‍ ജോലികളാണ് ഭാവി. കാലഹരണപ്പെട്ട ബിരുദങ്ങളേക്കാൾ പ്രാധാന്യം യുവാക്കളുടെ നൈപുണ്യ വികസനത്തിന് നൽകണം. ഈ മേഖലയ്ക്ക് എഐ ഭീഷണിയില്ല' അദ്ദേഹം കുറിച്ചു.
മുംബൈയിലെ മീരാ റോഡ്, ബോറിവലി, കണ്ടിവലി തുടങ്ങിയ ഭാഗങ്ങളിലെ റെസിഡൻഷ്യൽ ടൗൺഷിപ്പുകളിൽ ജോലി ചെയ്യുന്ന ഒരു പ്ലംബറുടെ ജീവിതകഥയും ഇതിനോടകം വൈറലായിക്കഴിഞ്ഞു. വർഷം 18 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്റെ വരുമാനം. ഈ സമ്പാദ്യം കൊണ്ട് വിലകൂടിയ ഹ്യുണ്ടായ് ക്രെറ്റ കാറും സ്വന്തമായി വീടും കൃഷിഭൂമിയും അദ്ദേഹം വാങ്ങിക്കഴിഞ്ഞു. തന്റെ സൗകര്യത്തിനനുസരിച്ച് ജോലി ചെയ്യുന്ന ഇദ്ദേഹം, പല കോർപ്പറേറ്റ് ഉദ്യോഗസ്ഥരേക്കാളും സാമ്പത്തിക സുരക്ഷിതത്വം ആസ്വദിക്കുന്നു.
ബെംഗളൂരു പോലുള്ള നഗരങ്ങളിൽ ഇലക്ട്രീഷ്യൻമാർക്കും പ്ലംബർമാർക്കും മണിക്കൂറുകൾക്ക് 1000 മുതൽ 2000 രൂപ വരെ നൽകേണ്ടി വരുന്നത് സാധാരണമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. സമൂഹത്തിൽ ഇത്തരം ജോലികൾ ചെയ്യുന്നവർക്ക് അർഹമായ ബഹുമാനം നൽകിയാൽ വരുംതലമുറയ്ക്ക് ഇതൊരു മികച്ച കരിയർ ഓപ്ഷനായി മാറുമെന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു. വിയറ്റ്നാം പോലുള്ള രാജ്യങ്ങൾ ഉൽപ്പാദന മേഖലയിൽ മുന്നേറാൻ കാരണം ഉന്നത വിദ്യാഭ്യാസത്തേക്കാൾ വൊക്കേഷണൽ ട്രെയിനിംഗിന് നൽകിയ മുൻഗണനയാണെന്നും ആളുകള്‍ നിരീക്ഷിക്കുന്നു.
