സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് ഗംഗാധർ റാവു ബാലകൃഷ്ണ ദേശ്‌പാണ്ഡെ.

കർണാടക കേസരി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമരനായകനാണ് ഗംഗാധർ റാവു ബാലകൃഷ്ണ ദേശ്‌പാണ്ഡെ (Gangadharrao Deshpande). 1871 മാർച്ച് 31- ന് മുമ്പ് ബെല്‍ഗാം (Belgaum) എന്നറിയപ്പെട്ട ബെലഗാവി (Belagavi) ജില്ലയിലെ ബ്രാഹ്മണ കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം സ്വദേശി പ്രസ്ഥാനത്തിലൂടെ ദേശീയസമരത്തിലേക്ക് കടന്നു വന്നു അദ്ദേഹം. 

ബാലഗംഗാധര തിലകന്റെ ആരാധകൻ. മഹാരാഷ്ട്രത്തിൽ തിലകൻ ചെയ്തതുപോലെ കർണ്ണാടകത്തിൽ ഗണേഷ് ഉത്സവം സഘടിപ്പിച്ചുകൊണ്ട് ദേശീയ ബോധമുണർത്താൻ ദേശ്പാണ്ഡെ മുന്നിൽ തന്നെ നിന്നു. ഗാന്ധിജിയുടെ നേതൃത്വത്തിൽ നിസഹകരണ സമരത്തിൽ സജീവമായി പങ്ക് കൊണ്ടു. 1924 -ൽ കോൺഗ്രസിന്റെ ബെൽഗാം സമ്മേളനത്തിന്റെ മുഖ്യ സംഘാടകൻ. ഗാന്ധിജി അധ്യക്ഷനായ ഏക സമ്മേളനമായിരുന്നു അത്. 

Scroll to load tweet…

ഗാന്ധിയുടെ പാത പിന്തുടർന്ന് ഹുദാലിയിൽ ദേശ്പാണ്ഡെ കുമാരി ആശ്രമം സ്ഥാപിച്ചു അദ്ദേഹം. മൈസൂർ രാജ്യത്തെ ആദ്യ ഖാദി സ്ഥാപനം അവിടെ അദ്ദേഹം തുറന്നു. ഖാദി പ്രചാരണത്തിന്റെ നായകനായ അദ്ദേഹം ഖാദി ഭാഗീരഥൻ എന്നും അറിയപ്പെട്ടു. ഗാന്ധിജിയുടെ ദണ്ഡി യാത്രയുടെ മാതൃകയിൽ ഹുദാലിയിൽ ദേശ്‌പാണ്ഡെ ഉപ്പ് നിയമം ലംഘിച്ച് തടവ് വരിച്ചു. 

1937 - ൽ ദേശ്പാണ്ഡെയുടെ ക്ഷണം സ്വീകരിച്ച് ഗാന്ധിജി ഹുദാലിയിൽ എത്തി. അവിടെ ഏഴു ദിവസം താമസിച്ചു. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് റാവു അറസ്റ്റ് വരിച്ചു. 1960 -ല്‍ നിര്യാതനായ ഗംഗാധര്‍ റാവു കർണാടകത്തിലെ സ്വാതന്ത്ര്യ സമര സേനാനികളിൽ അഗ്രഗണ്യനാണ്.