സഹായ കേന്ദ്രങ്ങളിലേക്കെത്തിയ പലസ്തീനികളെ സോംബികളെന്ന് വിളിച്ച് വെടിവയ്ക്കാന്‍ ആവശ്യപ്പെടുന്ന ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ഗാർഡുകളുടെ വീഡിയോയും ഇതിനിടെ പുറത്തായി
ഭക്ഷണത്തിനായി വിതരണ കേന്ദ്രത്തിലെത്തിയ പലസ്തീന്‍ അഭയാര്‍ത്ഥികൾക്ക് നേരെ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്ന സഹായ ഏജൻസിയിൽ ജോലി ചെയ്യുന്ന ഗാർഡുകൾ വെടിയുതിർത്തു. 24 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 118 പലസ്തീനികൾ കൊല്ലപ്പെട്ടെന്നും ഇതിൽ 33 മരണങ്ങളും ജിഎച്ച്എഫ് നടത്തുന്ന സഹായ കേന്ദ്രങ്ങളിലെ വെടിവെപ്പിലാണെന്നും ഗാസ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട പത്രക്കുറിപ്പില്‍ പറയുന്നു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന് ഇസ്രയേല്‍ സൈന്യത്തിന്‍റെ പിന്തുണയുണ്ട്.
ഗാസയിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങളുടെ സംരക്ഷണയുണ്ടായിരുന്ന ഒരു മുന്‍ കരാറുകാരനാണ് വിവരം പുറത്ത് വിട്ടതെന്ന് ബിബിസിയും അസോസിയേറ്റ് പ്രസും റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രായമായവരും സ്ത്രീകളും കുട്ടികളുമായിരുന്നു വിതരണ കേന്ദ്രത്തിലുണ്ടായിരുന്നവരില്‍ കുടുതലും. ഭക്ഷണ വിതരണ കേന്ദ്രത്തില്‍ നിന്നും പതുക്കെ നീങ്ങിയ നിരായുധരായ ഇവരെ ഗാര്‍ഡുകൾ വെടിവയ്ക്കുകയായിരുന്നു. വെടിയുതിര്‍ക്കുന്നതിന് മുമ്പ് ഗാര്‍ഡുകൾ പലസ്തീന്‍ അഭയാര്‍ത്ഥികളെ 'അലഞ്ഞ് തിരിയുന്ന സോംബിക്കൂട്ട'ങ്ങളെന്ന് വിളിക്കുകയും വെടിവയ്ക്കാന്‍ മറ്റുള്ളവരോട് ആവശ്യപ്പെടുകയുമായിരുന്നെന്നും മുന്‍ കരാറുകാരന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പറയുന്നു.
അതേസയമം തങ്ങളുടെ സഹായ വിതരണ കേന്ദ്രങ്ങളിൽ ഒരു സാധാരണക്കാരന് നേരെയും വെടിയുതിർത്തിട്ടില്ലെന്ന് ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ അവകാശപ്പെട്ടു. ഒപ്പം പുറത്ത് വന്ന റിപ്പോര്‍ട്ടുകളെ അവർ നിഷേധിക്കുകയും ചെയ്തു. അതേസമയം ഫൗണ്ടേഷന്‍റെ വാദങ്ങളെ സബ് കോൺട്രാക്ടർമാർ തള്ളിക്കളഞ്ഞു. ഗാര്‍ഡുകളില്‍ പലരും എല്ലാവിധ ആയുധങ്ങളോടെയുമാണ് നിലയുറപ്പിച്ചിരുന്നതെന്നും അവര്‍ അശ്രദ്ധവും അപകടകരവുമായ നിലയിലാണ് പെരുമാറിയതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
അൽ ജസീറയിലെ പത്രപ്രവർത്തകനായ സാദ് അബെദിൻ എക്സില്‍ പങ്കുവച്ച വീഡിയോയില്‍ ഒരു ഗാര്‍ഡ് 15 റൗണ്ട് വെടിവയ്ക്കുന്നതും ആരോക്കെയോ കൊല്ലപ്പെട്ടതായി അവകാശപ്പെടുന്നതും കേൾക്കാം. എന്നാൽ വാര്‍ത്ത ആവര്‍ത്തിച്ച് നിഷേധിച്ച ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അവകാശപ്പെട്ടു. ഒപ്പം വെടി ശബ്ദം സമീപത്തുള്ള ഇസ്രയേലി സൈന്യം നടത്തിയതാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഫൗണ്ടേഷന്‍ ആവര്‍ത്തിച്ചു.
ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ പ്രവര്‍ത്തനം തുടങ്ങിയ മെയ് മാസത്തിന് ശേഷം 500-ലധികം അഭയാർത്ഥികൾ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്ത് വന്നു. 'മാനുഷിക സഹായത്തിന്‍റെ വേഷംമാറിയ കൊലപാതകം' എന്നായിരുന്നു ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങളെ വിശേഷിപ്പിക്കപ്പെട്ടത്. നിലവില്‍ ഗാസയില്‍ നേരത്തെയുണ്ടായിരുന്ന 400 സഹായ കേന്ദ്രങ്ങൾ അടച്ചുപൂട്ടുകയും അതിന് പകരം സൈനിക നിയന്ത്രണത്തിലുള്ള നാല് കേന്ദ്രങ്ങൾ തുറക്കുകയുമായിരുന്നു. ഏതാണ്ട് രണ്ട് ദശലക്ഷത്തിലധികം അഭയാര്‍ത്ഥികളാണ് ഈ സൈനിക നിയന്ത്രണത്തിലുള്ള നാല് അഭയാര്‍ത്ഥി കേന്ദ്രങ്ങളിലായി എത്തുന്നതെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷണലും ചൂണ്ടിക്കാട്ടുന്നു.


