നായപ്പോരുകളും മൃഗങ്ങളെ ക്രൂരമായി പീഡിപ്പിച്ചതും അടക്കം 10 കുറ്റങ്ങളാണ് ഈ 57 -കാരന് മേലെ ചുമത്തിയിരിക്കുന്നത്.

നായപ്പോരിന് വേണ്ടി നായകളെ വളർത്തുകയും പരിശീലിപ്പിക്കുകയും ചെയ്ത ജോർജ്ജിയക്കാരന് 475 വർഷം തടവ്. നായകളെ വച്ച് പോര് നടത്തുന്നത് ഇവിടെ നിയമവിരുദ്ധമാണ്. നൂറിലേറെ പിറ്റ്ബുള്ളുകളെയാണ് പോരിന് വേണ്ടി ഇയാൾ വളർത്തുകയും പരിശീലിപ്പിക്കുകയും ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്തിട്ട് രണ്ട് വർഷമായി. ഇപ്പോഴാണ് ശിക്ഷ വിധിക്കുന്നത്. 

യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ജോർജിയയിലെ പോൾഡിംഗ് കൗണ്ടിയിലാണ് ഇയാൾ നായകളെ വളർത്തിയത്. 93 നായപ്പോരുകൾ ഇയാൾ നടത്തി. നായപ്പോരുകളും മൃഗങ്ങളെ ക്രൂരമായി പീഡിപ്പിച്ചതും അടക്കം 10 കുറ്റങ്ങളാണ് ഈ 57 -കാരന് മേലെ ചുമത്തിയിരിക്കുന്നത്. വിൻസെൻ്റ് ലെമാർക്ക് ബറെലിനെന്ന ഇയാളെ വ്യാഴാഴ്ചയാണ് 475 വർഷത്തെ തടവിന് ശിക്ഷിച്ചത്. 

ഓരോ നായപ്പോരും ശിക്ഷയിൽ അയ്യഞ്ചു വർഷം തടവായി ചേർത്തു, മൃ​ഗപീഡനത്തിന് ഓരോ വർഷവും. അങ്ങനെയാണ് ഇത്രയും നീണ്ട വർഷക്കാലത്തെ തടവിന് ഇയാൾ ശിക്ഷിക്കപ്പെട്ടത്. നായപ്പോരുമായി ബന്ധപ്പെട്ട് ആദ്യമായിട്ടാണ് ഒരാൾക്ക് ഇത്ര നീണ്ട വർഷക്കാലത്തെ ശിക്ഷ ലഭിക്കുന്നത്. 

പോൾഡിംഗ് കൗണ്ടി മൃ​ഗങ്ങളോടുള്ള പീഡനം, പ്രത്യേകിച്ച് നായപ്പോരുമായി ബന്ധപ്പെട്ട അക്രമം പോലുള്ളവ അം​ഗീകരിക്കുന്നില്ല എന്നതിനുള്ള വ്യക്തമായ സന്ദേശമാണ് ഇത് എന്നാണ് ഈ വിധിയെ കുറിച്ച് കേസിൻ്റെ ലീഡ് പ്രോസിക്യൂട്ടർ കെസി പഗ്നോട്ട പറഞ്ഞത്. ഒരു പരിഷ്കൃത സമൂഹം എന്ന നിലയിൽ മൃ​ഗങ്ങൾക്കെതിരായ അതിക്രമത്തിനും ചൂഷണത്തിനും എതിരെ മുന്നിട്ടിറങ്ങേണ്ടുന്ന സമയം കൂടിയാണ് ഇത് എന്നും പ​ഗ്നോട്ട പറഞ്ഞു. 

(ചിത്രം പ്രതീകാത്മകം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം