അടുത്ത ബെഡിലെ രോഗിയുടെ വെന്റിലേറ്ററിന്റെ ശബ്ദം  അലോസരപ്പെടുത്തിയതിനെത്തുടര്‍ന്നാണ് താന്‍ അത് ഓഫ് ചെയ്തതെന്നാണ് ഇവര്‍ ഡോക്ടറോട് പറഞ്ഞത്.

ജര്‍മനിയിലെ കൊവിഡ് വാര്‍ഡില്‍ സഹരോഗിയുടെ വെന്റിലേറ്റര്‍ ഓഫ് ചെയ്ത 79-കാരി അറസ്റ്റില്‍. അടുത്ത ബെഡിലെ രോഗിയുടെ വെന്റിലേറ്ററിന്റെ ശബ്ദം അലോസരപ്പെടുത്തിയതിനെത്തുടര്‍ന്നാണ് താന്‍ അത് ഓഫ് ചെയ്തതെന്നാണ് ഇവര്‍ ഡോക്ടറോട് പറഞ്ഞത്. ഹതുന്‍ സി എന്ന് ജര്‍മ്മന്‍ വനിതയാണ് ഗുരുതരാവസ്ഥയില്‍ കിടന്ന സഹ രോഗിയുടെ വെന്റിലേറ്റര്‍ ഓഫ് ചെയ്തത്. 

മാന്‍ഹൈമിലെ ഡിയാക്കോ ഹോസ്പിറ്റലിലെ കൊവിഡ് വാര്‍ഡില്‍ ആണ് ഈ സംഭവം നടന്നത്. ഹിലല്‍കെ എന്ന 79 -കാരിയുടെ വെന്റിലേറ്റര്‍ ആണ് ഇവര്‍ ഓഫ് ചെയ്തത്. ആദ്യ തവണ വെന്റിലേറ്റര്‍ ഓഫ് ചെയ്തപ്പോള്‍ നേഴ്‌സുമാര്‍ അങ്ങനെ ചെയ്യരുതെന്ന് ഇവര്‍ക്ക് കര്‍ശന നിര്‍ദേശ നല്‍കിയിരുന്നു. ഹിലല്‍കെ യുടെ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ വെന്റിലേറ്ററിന്റെ സഹായം കൂടിയ തീരൂ എന്നും അതിനാല്‍ ഇനി അത് ഓഫ് ചെയ്യാന്‍ പാടില്ല എന്നുമാണ് ജീവനക്കാര്‍ താക്കീത് നല്‍കിയത്. എന്നാല്‍ ഇത് വകവയ്ക്കാതെ അവര്‍ വീണ്ടും വെന്റിലേറ്റര്‍ ഓഫ് ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട ആശുപത്രി ജീവനക്കാര്‍ വീണ്ടും വെന്റിലേറ്റര്‍ സൗകര്യം സജ്ജമാക്കിയെങ്കിലും ഓക്‌സിജന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഹിലല്‍കെ മരണപ്പെടുകയായിരുന്നു.

തുടര്‍ന്ന്, മരണപ്പെട്ട രോഗിയുടെ മകളുടെ പരാതിയിലാണ് സഹരോഗിക്കെതിരെ പൊലീസ് നരഹത്യയ്ക്ക് കേസ് എടുത്തത്. പ്രതിയായ ഹതുന്‍ സിയെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പ്രതി ഇത് ബോധപൂര്‍വ്വം ചെയ്തതല്ല എന്നും മരുന്നുകളുടെ തളര്‍ച്ചയില്‍ കഴിഞ്ഞിരുന്ന അവര്‍ക്ക് വെന്റിലേറ്ററിന്റെ ശബ്ദം തീര്‍ത്തും അലോസരപ്പെടുത്തുന്നതായി അനുഭവപ്പെട്ടതിനാലാണ് ഈ കൃത്യം ചെയ്തതെന്നുമാണ് അവരുടെ മകന്‍ കോടതിയില്‍ പറഞ്ഞത്. 

പ്രായാധിക്യത്തിന്റെതായ നിരവധി രോഗങ്ങള്‍ തന്റെ അമ്മയ്ക്ക് ഉണ്ടെന്നും ഈ അവസ്ഥയില്‍ അവരെ ജയിലില്‍ അടച്ചാല്‍ ജീവഹാനി ഉണ്ടാവാമെന്നും മകന്‍ കോടതിയില്‍ വാദിച്ചു. താന്‍ എന്താണ് ചെയ്യുന്നത് എന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു എന്നും അവര്‍ക്ക് അറിയാവുന്ന ഒരേയൊരു ഭാഷ ടര്‍ക്കിഷ് ആണെന്നും അതുകൊണ്ട് ജര്‍മന്‍ നഴ്‌സ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അവര്‍ക്ക് മനസ്സിലായില്ല എന്നുമാണ് മകന്‍ പറയുന്നത്

ഏതായാലും സംഭവത്തില്‍ അന്വേഷണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.