അവയെ ഒരിക്കൽ 'പെറ്റ്' ആയി വളർത്തിയിരുന്നതായിരിക്കാം എന്നും പിന്നീട് കാട്ടിലേക്ക് ഇറക്കിവിട്ടപ്പോൾ അവ ഭീമന്മാരായി വളർന്നതായിരിക്കാം എന്നും കരുതുന്നു.

ഫ്ലോറിഡയിലെ ഒരു വീട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്ന ഒരു ഭീമൻ പല്ലിയുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ആളുകളെ അമ്പരപ്പിക്കുന്നത്. ചിലർ അതിനെ 'ആഹാ കൊള്ളാല്ലോ' എന്ന് പറയുമ്പോൾ മറ്റ് പലരും അതിന്റെ വലിപ്പം കണ്ട് ആകെ പരിഭ്രാന്തിയിൽ ആയിരിക്കയാണ്. 

Joycelyn Penson ആണ് ഇതിന്റെ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഒരു ഭീമൻ പല്ലി ഒരു വീഡിന്റെ ​ഗ്ലാസ് ജനാലകൾ തകർത്ത് വീ‍ടിന്റെ അകത്തേക്ക് കടക്കാൻ ശ്രമിക്കുന്നതാണ് കാണുന്നത്. വീഡിയോ കാണുമ്പോൾ അത് എന്തെങ്കിലും ഭക്ഷണം തിരഞ്ഞ് എത്തിയതാണ് എന്ന് തോന്നും. 

വീഡിയോ തുടങ്ങുമ്പോൾ ഈ ഭീമൻ പല്ലി എങ്ങനെ എങ്കിലും ആ ജനാല തകർത്ത് അകത്ത് കടക്കാൻ ശ്രമിക്കുന്നത് കാണാം. Joycelyn Penson പല്ലിയെ കണ്ട് ആകെ ഭയന്നു പോയി. 'അയ്യോ അതിനെ നോക്കൂ, ആരാണ് വരുന്നതെന്ന് നോക്കൂ' എന്നെല്ലാം അവർ പറയുന്നുണ്ട്. അതിനെ കാണാൻ ​'ഗോഡ്‍സില്ല'യെ പോലുണ്ട് എന്നാണ് അവർ പറയുന്നത്. 

ജപ്പാനീസ്‌ സിനിമയിൽ ഉള്ള ഒരു ഭീകര ജീവിയായ ​ഗോഡ്‍സില്ലയോട് തന്നെയാണ് പലരും ഇതിനെ താരതമ്യപ്പെടുത്തിയിരിക്കുന്നത്. ഫ്ലോറിഡയിൽ കണ്ടെത്തിയിരിക്കുന്ന ഒമ്പത് ഭീമൻ പല്ലിയിനങ്ങളിൽ ഒന്നും തന്നെ ഫ്ലോറിഡയിലെ പ്രാദേശിക ഇനമല്ലെന്ന് ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്‍ലൈഫ് കൺസർവേഷൻ കമ്മീഷൻ (Florida Fish and Wildlife Conservation Commission) പറയുന്നു. 

അവയെ ഒരിക്കൽ 'പെറ്റ്' ആയി വളർത്തിയിരുന്നതായിരിക്കാം എന്നും പിന്നീട് കാട്ടിലേക്ക് ഇറക്കിവിട്ടപ്പോൾ അവ ഭീമന്മാരായി വളർന്നതായിരിക്കാം എന്നും കരുതുന്നു. ഏതായാലും നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. പലരും ഭീമൻ പല്ലിയെ കണ്ട് ഭയന്നു പോയി എന്നാണ് കമന്റ് നൽകിയിരിക്കുന്നത്. അതേ സമയം 'അത് എന്തെങ്കിലും ഭക്ഷണം അന്വേഷിച്ച് വന്നതായിരിക്കും' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്.