Asianet News MalayalamAsianet News Malayalam

ഏഴ് വർഷങ്ങൾക്ക് മുമ്പ് 'മരിച്ച' പെൺകുട്ടി ജീവനോടെ, കൊലക്കുറ്റത്തിന് യുവാവ് ജയിലിൽ കിടന്നത് ഏഴ് വർഷം

എന്നാൽ, വിഷ്ണുവിന്റെ അമ്മ തന്റെ മകൻ നിരപരാധി ആണെന്നും പെൺകുട്ടിയെ കൊന്നിട്ടില്ല എന്നും ഉറച്ച് വിശ്വസിച്ചു. അടുത്തിടെ പെൺകുട്ടി ജീവനോടെയുണ്ട് എന്ന വിവരം അവർക്ക് കിട്ടുകയായിരുന്നു.

girl died seven years ago found alive
Author
First Published Dec 7, 2022, 11:56 AM IST

ഏഴ് വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയ പെൺകുട്ടിയെ കുടുംബവും കുട്ടികളുമൊക്കെയായി ജീവിച്ചിരിക്കുന്നതായി കണ്ടെത്തി. എന്നാൽ, അതിനേക്കാൾ വിചിത്രം പെൺകുട്ടിയെ കൊലപ്പെടുത്തി എന്ന കേസിൽ ഏഴ് വർഷമായി ഒരാൾ‌ തടവ് അനുഭവിച്ചു എന്നതാണ്. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലാണ് സംഭവം നടന്നത്. 

വിഷ്ണു എന്നാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അകത്തുപോയ യുവാവിന്റെ പേര്. ഏഴ് വർഷത്തെ തടവാണ് കോടതി വിഷ്ണുവിന് വിധിച്ചിരുന്നത്. എന്നാൽ, പെൺകുട്ടി ഉത്തർ പ്രദേശിലെ തന്നെ ഹത്രാസ് ജില്ലയിൽ ജീവിച്ചിരിക്കുന്നുണ്ട് എന്നാണ് ഇപ്പോൾ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പെൺകുട്ടി തന്റെ കാമുകനുമായി ഒളിച്ചോടി എന്നും പിന്നീട് വിവാഹിതരായി എന്നും പൊലീസ് പറയുന്നു. പിന്നീട് ദമ്പതികൾ ഹത്രാസ് ജില്ലയിലേക്ക് താമസം മാറി എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

2015 ഫെബ്രുവരിയിലാണ് അന്ന് പത്താം ക്ലാസുകാരിയായിരുന്ന പെൺകുട്ടിയെ കാണാതാവുന്നത്. കേസിലെ പ്രധാന പ്രതിയായി സംശയിച്ചിരുന്നത് വിഷ്ണുവിനെയായിരുന്നു. കുറേ അന്വേഷിച്ചെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. അതിനിടയിൽ ആ​ഗ്രയിൽ നിന്നും ഒരു ശവശരീരം കിട്ടുകയും അത് മകളുടേതാണ് എന്ന് കാണാതായ പെൺകുട്ടിയുടെ പിതാവ് സ്ഥിരീകരിക്കുകയും ചെയ്തു. അതോടെ വിഷ്ണുവിനെതിരെ തട്ടിക്കൊണ്ടുപോകലും കൊലപാതകക്കുറ്റവും ചുമത്തി. 

എന്നാൽ, വിഷ്ണുവിന്റെ അമ്മ തന്റെ മകൻ നിരപരാധി ആണെന്നും പെൺകുട്ടിയെ കൊന്നിട്ടില്ല എന്നും ഉറച്ച് വിശ്വസിച്ചു. അടുത്തിടെ പെൺകുട്ടി ജീവനോടെയുണ്ട് എന്ന വിവരം അവർക്ക് കിട്ടുകയായിരുന്നു. അങ്ങനെ, വിഷ്ണുവിന്റെ അമ്മയായ സുനിത അലിഗഡ് സീനിയർ പൊലീസ് സൂപ്രണ്ട് കലാനിധി നൈതാനിയെ സമീപിച്ചു. 'മരിച്ച' പെൺകുട്ടി ജീവിച്ചിരിപ്പുണ്ടെന്നും, മാത്രമല്ല അവളിപ്പോൾ വിവാഹിതയാണെന്നും സുനിത പൊലീസ് ഉദ്യോഗസ്ഥരോട് പറയുകയും ചെയ്തു. ഇതേ തുടർന്നാണ് സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നതും ഹത്രാസിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുന്നതും. 

ഏതായാലും, പെൺകുട്ടി നേരത്തെ കാണാതായ അതേ പെൺകുട്ടി തന്നെയാണോ എന്ന് തിരിച്ചറിയുന്നതിന് വേണ്ടി ഡിഎൻഎ ടെസ്റ്റ് നടത്തണം എന്ന് ആവശ്യപ്പെട്ട് പൊലീസ് അവളെ അലി​ഗഡ് കോടതിയിൽ ഹാജരാക്കി. പെൺകുട്ടി തന്റെ മകളാണ് എന്ന് പിതാവും തിരിച്ചറിഞ്ഞിട്ടുണ്ട്. 

എന്നാൽ, കേസിൽ പല ചോദ്യങ്ങളും ഇപ്പോഴും ബാക്കിയാവുകയാണ്. അന്ന് കണ്ടെത്തി സംസ്കരിച്ച മൃതദേഹം ആരുടേതായിരുന്നു? എന്തുകൊണ്ട് ഈ പെൺകുട്ടിയെ കണ്ടെത്താനായില്ല. വിഷ്ണു എന്തുകൊണ്ടാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത് താനാണ് എന്ന് സമ്മതിച്ചിട്ടുണ്ടാവുക?

Follow Us:
Download App:
  • android
  • ios