ഒരു റെസിഡൻഷ്യൽ ഹൗസിലാണ് ബാങ്ക് പ്രവർത്തിച്ചിരുന്നത്. അവിടെ സെക്യൂരിറ്റി ​ഗാർഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കാഷ്യറിന്റെയോ ക്ലർക്കിന്റെയോ കാബിനിൽ കാശോ വില പിടിപ്പുള്ള എന്തെങ്കിലുമോ കണ്ടെത്താനോ കള്ളന് സാധിച്ചില്ല.

കള്ളന്മാരുടെ കവർച്ചാ ശ്രമങ്ങൾ പരാജയപ്പെടുന്നത് ഒരു പുതിയ സംഭവമൊന്നുമല്ല. ലോകത്തെല്ലായിടത്തും അങ്ങനെ ചില അബദ്ധങ്ങളൊക്കെ സംഭവിക്കാറുണ്ട്. അതുപോലെ തെലങ്കാനയിലെ മഞ്ചേരിയൽ ജില്ലയിൽ ഒരു കള്ളനും തന്റെ കവർച്ചാ ശ്രമം പരാജയപ്പെട്ടു. പക്ഷേ, അതോടുകൂടി വെറുതെ അങ്ങ് ഇറങ്ങിപ്പോവുകയല്ല കള്ളൻ ചെയ്തത്. വളരെ വ്യത്യസ്തമായ ഒരു സന്ദേശം കൂടി ബാങ്കിൽ എഴുതി വച്ചാണ് കള്ളൻ അവിടെ നിന്നും ഇറങ്ങിപ്പോയത്. 

ബാങ്കിലെ സുരക്ഷാ സംവിധാനമൊക്കെ അടിപൊളിയാണ് എന്നൊരു അഭിനന്ദനക്കുറിപ്പാണ് കള്ളനെഴുതിയത്. ഒപ്പം തന്നെ അന്വേഷിക്കരുത് എന്നും കള്ളൻ പറഞ്ഞിട്ടുണ്ട്. നെനൽ മണ്ഡലിലെ സർക്കാർ റൂറൽ ബാങ്കിന്റെ ശാഖയിലാണ് വ്യാഴാഴ്ച മുഖംമൂടിയൊക്കെ ധരിച്ച് കള്ളൻ എത്തിയത്. പ്രധാന വാതിലിന്റെ പൂട്ട് തകർത്ത ശേഷമാണ് ഇയാൾ അകത്ത് കടന്നത്.

ഒരു റെസിഡൻഷ്യൽ ഹൗസിലാണ് ബാങ്ക് പ്രവർത്തിച്ചിരുന്നത്. അവിടെ സെക്യൂരിറ്റി ​ഗാർഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കാഷ്യറിന്റെയോ ക്ലർക്കിന്റെയോ കാബിനിൽ കാശോ വില പിടിപ്പുള്ള എന്തെങ്കിലുമോ കണ്ടെത്താനോ കള്ളന് സാധിച്ചില്ല. അതോടെ അയാൾ ലോക്കർ തുറക്കാൻ ഒരു ശ്രമം നടത്തി. അതും പരാജയമായിരുന്നു. ലോക്കർ തുറക്കാൻ കള്ളന് സാധിച്ചില്ല. 

അതോടെ ഇയാൾ അവിടെയുണ്ടായിരുന്ന ഒരു പത്രവും മാർക്കർ പേനയും എടുത്തു. പത്രത്തിൽ തെലു​ഗു ഭാഷയിൽ ഇങ്ങനെ കുറിച്ചു, 'ഇവിടെ നിന്നും ഒരു രൂപ പോലും എനിക്ക് കിട്ടിയില്ല. അതുകൊണ്ട് എന്നെ അന്വേഷിക്കണ്ട. എന്റെ വിരലടയാളവും അവിടെ ഇല്ല. ഏതായാലും ബാങ്ക് കൊള്ളാം.' 

എന്തായാലും മോഷണശ്രമം നടന്നതിന് പിന്നാലെ ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു എന്നും അന്വേഷണം നടക്കുകയാണ് എന്നും പൊലീസ് പറഞ്ഞു.