വ്യാഴാഴ്ച രാത്രി 11 മണിയോടെ വിജനമായ റോഡിലൂടെ സൈക്കിളിൽ കറങ്ങിനടക്കുന്ന വിദേശികളെ കണ്ട ഗ്രാമവാസികൾക്ക് അവരുടെ ഭാഷ മനസ്സിലായില്ല.
ഗൂഗിൾമാപ്പിന്റെ സഹായത്തോടെ ദില്ലിയിൽ നിന്ന് നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് യാത്ര തിരിച്ച രണ്ട് ഫ്രഞ്ച് വിനോദസഞ്ചാരികൾ വ്യാഴാഴ്ച ഉത്തർപ്രദേശിലെ ബറേലിയിൽ കുടുങ്ങി. ബ്രയാൻ ജാക്വസ് ഗിൽബെർട്ട്, സെബാസ്റ്റ്യൻ ഫ്രാങ്കോയിസ് ഗബ്രിയേൽ എന്നീ ഫ്രഞ്ച് പൗരന്മാരാണ് വഴിതെറ്റി കുടുങ്ങിപ്പോയത്.
ഗൂഗിൾ മാപ്പ് നിർദേശിച്ച ഒരു കുറുക്കുവഴിയിലൂടെ യാത്ര ചെയ്തതിനെ തുടർന്ന് ബറേലിയിലെ ചുറൈലി ഡാം ഏരിയയിൽ ഇവർ കുടുങ്ങി പോവുകയായിരുന്നു എന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. സൈക്കിളിലായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്.
വ്യാഴാഴ്ച രാത്രി 11 മണിയോടെ വിജനമായ റോഡിലൂടെ സൈക്കിളിൽ കറങ്ങിനടക്കുന്ന വിദേശികളെ കണ്ട ഗ്രാമവാസികൾക്ക് അവരുടെ ഭാഷ മനസ്സിലായില്ല. ഉടൻതന്നെ ഗ്രാമവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ജനുവരി ഏഴിനാണ് ഇവർ ഫ്രാൻസിൽ നിന്ന് വിമാനത്തിൽ ഡൽഹിയിൽ എത്തിയതെന്ന് ബഹേരി സർക്കിൾ ഓഫീസർ അരുൺ കുമാർ സിംഗ് പറഞ്ഞു.
പിലിഭിത്തിൽ നിന്ന് തനക്പൂർ വഴി നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് പോകാനായിരുന്നു ഇവർ ഉദ്ദേശിച്ചിരുന്നത്. ഇതിനായി ഗൂഗിൾ മാപ്പിന്റെ സഹായം തേടിയതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു. ബറേലിയിലെ ബഹേരി വഴി ആപ്പ് അവർക്ക് ഒരു കുറുക്കുവഴി കാണിച്ചുകൊടുത്തു എന്നാൽ വഴിതെറ്റി അവർ എത്തിയത് ചുറൈലി അണക്കെട്ടിൽ ആണെന്നാണ് അരുൺകുമാർ സിംഗ് പറയുന്നത്.
തുടർന്ന് സീനിയർ പോലീസ് സൂപ്രണ്ട് അനുരാഗ് ആര്യ വിഷയത്തിൽ ഇടപെടുകയും ഫ്രഞ്ച് പൗരന്മാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ പോലീസിന് നിർദ്ദേശം നൽകുകയും ചെയ്തു.
'ഹാപ്പി ബർത്ത് ഡേ ചോർ'; കള്ളനെ കയ്യോടെ പിടികൂടി താമസക്കാർ, പിന്നാലെ പിറന്നാളാഘോഷവും
