വീഡിയോയിൽ യുവാവിന് അപ്പുറവും ഇപ്പുറവും നിന്നുകൊണ്ട് അവനെ കൊണ്ട് കേക്ക് മുറിപ്പിക്കുന്നത് കാണാം. കേക്കിൽ 'ചോർ' എന്ന് എഴുതിയിരിക്കുന്നതും കാണാം.

കഴിഞ്ഞ ദിവസം ദില്ലിയിൽ വിചിത്രമായ ഒരു സംഭവമുണ്ടായി. ഇവിടെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ ഒരു കള്ളൻ കയറി. താമസക്കാരെല്ലാം കൂടി കള്ളനെ പിടികൂടിയപ്പോൾ എങ്ങനെയെങ്കിലും തന്നെ വിടണമെന്ന് കള്ളൻ അവരോട് അപേക്ഷിച്ചു നോക്കി. അതിന് അവന് പറയാൻ ഒരു കാരണവും ഉണ്ടായിരുന്നു. അന്ന് തന്റെ പിറന്നാളാണ്. എന്നാൽ, പിന്നീട്, അവിടുത്തുകാർ ചെയ്തത് തികച്ചും വിചിത്രമായ ഒരു കാര്യമാണ്. 

അന്ന് തന്റെ പിറന്നാളാണ്, അതോർത്തെങ്കിലും തന്നെ വെറുതെ വിടണം എന്ന് യുവാവ് അഭ്യർത്ഥിച്ചതോടെ താമസക്കാർ എല്ലാവരും കൂടി അവന്റെ പിറന്നാൾ ആഘോഷിക്കുകയായിരുന്നു. വെറും ആഘോഷമല്ല, കേക്കൊക്കെ മുറിച്ച് ​ഗംഭീരമായി തന്നെ ആഘോഷിച്ചു. എന്നാൽ, ആ ആഘോഷം അധികം നീണ്ടുനിന്നില്ല. അവർ നേരത്തെ തന്നെ പൊലീസിനെ വിളിച്ചിരുന്നു. ആഘോഷം തീരും മുമ്പേ പൊലീസും എത്തി. 

ഇതിന്റെ ഒരു വീഡിയോയും പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. വീഡിയോയിൽ യുവാവിന് അപ്പുറവും ഇപ്പുറവും നിന്നുകൊണ്ട് അവനെ കൊണ്ട് കേക്ക് മുറിപ്പിക്കുന്നത് കാണാം. കേക്കിൽ 'ചോർ' എന്ന് എഴുതിയിരിക്കുന്നതും കാണാം. മാത്രമല്ല, 'ഹാപ്പി ബർത്ത് ഡേ ചോർ' എന്ന് എല്ലാവരും പാടുന്നതും കേൾക്കാം. കേക്ക് മുറിച്ചപ്പോൾ അതിൽ നിന്നും ഒരു കഷ്ണം അവന്റെ വായിൽ വച്ചു കൊടുക്കുന്നതും വീഡിയോയിൽ കാണാം. 

View post on Instagram

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. മിക്കവാറും ആളുകൾ കമന്റ് ചെയ്തിരിക്കുന്നത് 'ഹാപ്പി ബർത്ത് ഡേ ചോർ' എന്നാണ്. മറ്റൊരാൾ കമന്റ് നൽകിയത്, 'മനുഷ്യത്വം മരിച്ചിട്ടില്ല' എന്നാണ്. വേറൊരാൾ കമന്റ് നൽകിയിരിക്കുന്നത്, അവൻ ചിലപ്പോൾ ഇനി മാറിയേക്കും എന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം