1994 -ൽ മൗയി ദ്വീപിൽ മയക്കുമരുന്ന് ഇടപാട് നടത്തുന്നതിനിടെ തിമോത്തി ബ്ലെയ്‌സ്‌ഡെൽ എന്നയാൾ കൊല്ലപ്പെട്ട കേസിലാണ് ഗോർഡനെ 30 വർഷത്തെ തടവിന് ശിക്ഷിച്ചത്.

ചെയ്യാത്ത കൊലപാതകത്തിന് 30 വർഷം ജയിലിൽ കിടന്ന 51 -കാരൻ്റെ നിരപരാധിത്വം ഒടുവിൽ തെളിഞ്ഞു. ഹവായി സ്വദേശിയായ ഗോർഡൻ കോർഡെയ്‌റോയ്‌ ആണ് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജയിൽമോചിതനാകുന്നത്. 

ഡിഎൻഎ പരിശോധനാ ഫലങ്ങൾ ഉൾപ്പടെയുള്ള പുതിയ തെളിവുകൾ ഗോർഡൻ കോർഡെയ്‌റോയ്‌ക്ക് അനുകൂലമായതിനെ തുടർന്നാണ് ഇപ്പോൾ ഇദ്ദേഹത്തെ കോടതി നിരപരാധിയായി പ്രഖ്യാപിച്ചത്. 21 -ാം വയസ് മുതൽ ജയിൽവാസം അനുഭവിക്കുന്ന ഇദ്ദേഹം ജയിൽ മോചിതനായതും തൻ്റെ അമ്മയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. 

1994 -ൽ മൗയി ദ്വീപിൽ മയക്കുമരുന്ന് ഇടപാട് നടത്തുന്നതിനിടെ തിമോത്തി ബ്ലെയ്‌സ്‌ഡെൽ എന്നയാൾ കൊല്ലപ്പെട്ട കേസിലാണ് ഗോർഡനെ 30 വർഷത്തെ തടവിന് ശിക്ഷിച്ചത്. കൊലപാതകം, കവർച്ച, കൊലപാതകശ്രമം എന്നിവയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയായിരുന്നു കോടതി അന്ന് പരോൾ അനുവദിക്കാത്ത ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജഡ്ജി കിർസ്റ്റിൻ ഹമ്മൻ ആണ് ഇപ്പോൾ അദ്ദേഹത്തെ നിരപരാധിയായി പ്രഖ്യാപിച്ച് ജയിൽ മോചിതനാക്കാൻ ഉത്തരവിട്ടത്.

ഹവായ് ഇന്നസെൻസ് പ്രോജക്റ്റ് ആണ് ഗോർഡൻ്റ കേസ് ഏറ്റെടുത്ത് ഈ നിർണായകവിധി നേടിയെടുക്കാൻ ഇദേഹത്തെ സഹായിച്ചത്. കോടതി പുതിയ വിധി പ്രഖ്യാപിച്ചപ്പോൾ വളരെ വൈകാരിക മുഹൂർത്തങ്ങൾക്കാണ് താൻ സാക്ഷിയായത് എന്ന് ഹവായ് ഇന്നസെൻസ് പ്രോജക്ടിൻ്റെ ഡയറക്ടർ കെന്നത്ത് ലോസൺ പറഞ്ഞു.

വിധി കേട്ടപ്പോൾ ഗോർഡനോടൊപ്പം കോടതി മുറിയിൽ ഉണ്ടായിരുന്ന എല്ലാവരും പൊട്ടിക്കരഞ്ഞതായി അദ്ദേഹം പറഞ്ഞു. ജയിൽമോചിതനായ ഗോർഡൻ തനിക്ക് നീതി ലഭിക്കാൻ കൂടെ നിന്ന എല്ലാവരോടും നന്ദി പറഞ്ഞു. പതിറ്റാണ്ടുകൾക്കപ്പുറം ആണെങ്കിലും തൻ്റെ നിരപരാധിത്വം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം