കൊവിഡ് 19 ലോകമാകെ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലെന്നോണം ആഫ്രിക്കയിലെ ഗൊറില്ലാ ടൂറിസം നിര്‍ത്തിവെച്ചു. ഒറാം​ഗുട്ടാനടക്കമുള്ളവയെ കാണുന്നതിനും വിലക്കാണ്. ആള്‍ക്കുരങ്ങുകളെ കൊറോണ വൈറസ് ബാധിക്കുമോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ അങ്ങനെ സംഭവിച്ചേക്കാം എന്ന ആശങ്കയെത്തുടര്‍ന്നാണ് ഇവയുടെ കാര്യത്തില്‍ പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത്. 

ഈ ആഴ്ചയാണ് ബ്രോൺക്സ് മൃഗശാലയിലെ ഒരു കടുവയ്ക്ക് കൊറോണ വൈറസ്  ബാധിച്ചതായി സ്ഥിരീകരണമുണ്ടായത്. അതും ആശങ്ക വര്‍ധിക്കുന്നതിന് കാരണമായി.

ആഫ്രിക്കയില്‍, ആള്‍ക്കുരങ്ങുകളെയും അവയെ പരിചരിക്കുന്നവരെയും സംരക്ഷിക്കുന്നതിനായി പുതിയ ചില നടപടികളും നടപ്പില്‍ വരുത്തുന്നുണ്ട്. റുവാണ്ട, ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്നിവിടങ്ങളിലെ ഗൊറില്ലകൾക്ക് വെറ്ററിനറി പരിചരണം നൽകുന്ന ഗോറില്ല ഡോക്ടർമാരുടെ ചീഫ് വെറ്ററിനറി ഓഫീസറാണ് ഡോ. കിർസ്റ്റൺ ഗിലാർഡി. അദ്ദേഹം പറയുന്നത്, "ഇത് ഗൊറില്ലകളെ ബാധിക്കുമോ എന്ന് ഞങ്ങൾക്ക് അറിയില്ല, അതിനുള്ള തെളിവുകളൊന്നും കിട്ടിയിട്ടുമില്ല. എന്നാൽ, ഈ ഗൊറില്ലകൾക്ക് മനുഷ്യന് ബാധിക്കുന്ന അസുഖങ്ങള്‍ ബാധിക്കാന്‍ സാധ്യതയുണ്ട് എന്ന് ഞങ്ങള്‍ക്കറിയാം.'' എന്നാണ്.

റുവാണ്ട, ഉഗാണ്ട, ഡിആർ കോംഗോ എന്നീ വനങ്ങളിൽ മാത്രം കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന ആള്‍ കുരങ്ങാണ് മൗണ്ടൻ ഗൊറില്ലകള്‍. ഈ മൂന്ന് ഇടങ്ങളിലും കൊറോണ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ പശ്ചത്തലത്തില്‍ കൂടിയാണ് ഗൊറില്ല ടൂറിസം നിലവിൽ നിർത്തിവച്ചിരിക്കുന്നത്. 

സാമൂഹിക അകലം

​ഗൊറില്ലകളുടെ പരിചാരകരടക്കം വളരെയധികം സൂക്ഷ്മതയോടെയാണ് നിലവിലെ സാഹചര്യത്തിൽ മുന്നോട്ടുപോകുന്നത്. സാമൂഹിക അകലമടക്കം മനുഷ്യര്‍ കൊറോണ വൈറസിന്‍റെ വ്യാപനം തടയാന്‍ ചെയ്യുന്നതെല്ലാം ഇവയുടെ കാര്യത്തില്‍ കൂടി നടപ്പിലാക്കാന്‍ ശ്രമിക്കുകയാണവര്‍. 

കൊറോണ പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുതന്നെ, ഗൊറില്ലകളിൽ നിന്ന് ഏഴ് മീറ്റർ അകലെ നിൽക്കാൻ ആളുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) -ൽ നിന്നുള്ള പുതിയ മാർഗ്ഗനിർദ്ദേശമനുസരിച്ച് ഇപ്പോള്‍ ഗൊറില്ലകളില്‍ നിന്ന് കുറഞ്ഞത് 10 മീറ്റർ ദൂരത്തെങ്കിലും നില്‍ക്കാനാണ് ആവശ്യപ്പെടുന്നത്. പരിചാരകടമടക്കമുള്ള മനുഷ്യരുടെ സന്ദർശനങ്ങൾ അവരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിന് മാത്രമാക്കി ചുരുക്കി. അസുഖമുള്ളവരോ, അല്ലെങ്കിൽ കഴിഞ്ഞ 14 ദിവസങ്ങളിൽ ഏതെങ്കിലും രോഗിയുമായി സമ്പർക്കം പുലർത്തിയതായ ഒരു വ്യക്തിയെയും ഗൊറില്ലകളുടെ സമീപത്ത് അനുവദിക്കുന്നുമില്ല. 

വാസനഷ്ടവും വേട്ടയാടലും ഗൊറില്ലകളുടെ നിലനിൽപ്പിന് വലിയ ഭീഷണിയാണ്. പക്ഷേ, അതുപോലെത്തന്നെ വൈറസുകളും ഒരു ആശങ്കയാണ്. ഗൊറില്ലകളടക്കമുള്ള ആൾക്കുരങ്ങുകളെ ബാധിക്കുന്ന ആദ്യ മൂന്ന് ഭീഷണികളുടെ പട്ടികയില്‍ ഇപ്പോള്‍ പകർച്ചവ്യാധിയും ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഗവേഷണങ്ങളിൽ ചിമ്പുകൾക്ക് സാധാരണയായുള്ള ജലദോഷത്തിന് കാരണമാകുന്ന വൈറസ് പിടിപെടാമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എബോള വൈറസ് ആഫ്രിക്കയിലെ ആയിരക്കണക്കിന് ചിമ്പാൻസികളെയും ഗൊറില്ലകളെയും കൊന്നൊടുക്കിയതായും കരുതപ്പെടുന്നു.

യുകെയിലെ ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്‌സിറ്റിയിലെ പ്രൈമേറ്റ് ബയോളജി പ്രൊഫസർ സെർജ് വിച്ച് പറയുന്നത്, നിരവധി സർക്കാരുകൾ ഗൊറില്ലകളുമായി ബന്ധപ്പെട്ട ടൂറിസം അടച്ചിട്ടുണ്ട്. ഗവേഷകരും ഇത്തരം സങ്കേതങ്ങളും കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി അധിക നടപടികൾ സ്വീകരിക്കുന്നുണ്ടെന്നുമാണ്.

"അവർ രോഗബാധിതരാകുകയാണെങ്കിൽ, ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല. പക്ഷേ, കൊറോണ വൈറസ് മനുഷ്യരിൽ എന്തൊക്കെ പ്രശ്നങ്ങളും പ്രത്യാഘാതവുമുണ്ടാക്കുമെന്ന് ഞങ്ങള്‍ കണ്ടതാണ്. ഇത് ഗൊറില്ലകള്‍ക്ക് കൂടി വരാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽ എല്ലാവരുമെടുക്കുന്ന ഈ മുൻകരുതലുകൾ ആ അപകടം കുറയ്ക്കാൻ ശ്രമിക്കുന്നതിനുള്ള ഒരു പ്രധാന ഘട്ടമാണ്" എന്നുകൂടി അദ്ദേഹം പറയുന്നു.

ബോർണിയോ ദ്വീപിലെ സെപിലോക് ഒറാംഗുട്ടാൻ പുനരധിവാസ കേന്ദ്രം ഇങ്ങനെ ഗൊറില്ലകളെ സംരക്ഷിക്കുന്ന സങ്കേതങ്ങളിലൊന്നാണ്. ഒറാംഗുട്ടാൻ അപ്പീൽ യുകെയുടെ സ്ഥാപകയും ചെയർപേഴ്‌സനുമായ സൂസൻ ഷെവാർഡ് പ്രസ്താവനയിൽ പറഞ്ഞത്: “ഇതിനകം തന്നെ ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന ഒറാംഗുട്ടാന് ​​ഈ രോഗം കൂടി വന്നാല്‍ അത് അപകടകരമാണ്. അത് ഞങ്ങൾക്ക് താങ്ങാനാവില്ല. അത് വരില്ലെന്ന് ഉറപ്പാക്കാൻ OAUK ആവുന്നതെല്ലാം ചെയ്യും. സെപിലോക്കിലെ ഒറാംഗുട്ടാനുകള്‍ ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരണം" എന്നാണ്.

ഗൊറില്ലകൾ, ബോണബോസ്, ഒറാംഗുട്ടാൻ, ചിമ്പാൻസികൾ എന്നിങ്ങനെ നാല് തരം ആൾക്കുരങ്ങുകളാണ് ഇന്ന് ജീവിച്ചിരിക്കുന്നത്.