അഞ്ചു വയസ്സുകാരനെ പെരുമ്പാമ്പ് പിടികൂടി, സ്വിമ്മിംഗ് പൂളിലേക്ക് വലിച്ചിട്ടു, രക്ഷകരായി അച്ഛനും മുത്തച്ഛനും
വെള്ളത്തിൽ നിന്ന് കരയിലേക്ക് എടുത്തിട്ടപ്പോഴും പാമ്പ് കുട്ടിയുടെ കാലിൽ നിന്നും പിടിത്തം വിട്ടില്ല. ഉടൻതന്നെ കരയ്ക്ക് ഉണ്ടായിരുന്ന കുഞ്ഞിൻറെ അച്ഛൻ കുട്ടിയുടെ കാലിൽ നിന്ന് വിടുവിച്ചതിന് ശേഷം പാമ്പിനെ ദൂരേക്ക് വലിച്ചെറിഞ്ഞു.

ഓസ്ട്രേലിയയിൽ അഞ്ചുവയസ്സുകാരന് നേരെ പെരുമ്പാമ്പിന്റെ ആക്രമണം. വീടിനു സമീപത്തെ സ്വിമ്മിംഗ് പൂളിന് അരികിൽ വച്ചായിരുന്നു ആക്രമണം. അഞ്ചുവയസ്സുകാരനെ കടിച്ചെടുത്ത പെരുമ്പാമ്പ് കുട്ടിയുമായി നീങ്ങുന്നതിനിടയിൽ സ്വിമ്മിങ് പൂളിൽ വീണു. വെള്ളത്തിൽ വീണിട്ടും കുട്ടിയെ വിടാതിരുന്ന പെരുമ്പാമ്പിൽ നിന്നും ഒടുവിൽ കുട്ടിയെ രക്ഷിച്ചത് അച്ഛനും മുത്തശ്ശനും ചേർന്ന്.
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ബൈറോൺ ബേ ഏരിയയിലെ തന്റെ വീട്ടിലെ കുളത്തിന്റെ അരികിലൂടെ നടക്കുമ്പോഴാണ് അഞ്ച് വയസുകാരനായ ബ്യൂ ബ്ലേക്കിന് നേരെ പെരുമ്പാമ്പിന്റെ ആക്രമണം ഉണ്ടായത്. നീന്തൽ കുളത്തിന് അരികിലൂടെ വെറുതെ നടക്കുമ്പോഴാണ് എവിടെ നിന്നെന്നറിയാതെ പെരുമ്പാമ്പ് കുട്ടിയുടെ കാലിൽ പിടിത്തം ഇട്ടത്. ഈ സമയം കുട്ടിയുടെ അച്ഛനും മുത്തശ്ശനും സമീപത്ത് തന്നെ ഉണ്ടായിരുന്നു. കാലിൽ പിടികൂടിയ പെരുമ്പാമ്പ് കുട്ടിയുമായി വെള്ളത്തിനുള്ളിലേക്ക് വീണു. പക്ഷേ, എന്നിട്ടും പാമ്പ് കുട്ടിയുടെ കാലിലെ പിടിത്തം വിട്ടില്ല. ഉടൻ തന്നെ കുട്ടിയുടെ മുത്തശ്ശൻ വെള്ളത്തിനുള്ളിലേക്ക് ചാടുകയും കുട്ടിയെയും പാമ്പിനെയും ഒരുമിച്ച് കരയിലേക്ക് എടുത്ത് ഇടുകയും ചെയ്തു.
ഏകദേശം മൂന്നു മീറ്ററോളം നീളം ഉണ്ടായിരുന്നു ഈ പാമ്പിന് എന്നാണ് പിന്നീട് കുഞ്ഞിൻറെ അച്ഛൻ പറഞ്ഞത്. അതായത് കുട്ടിയെക്കാൾ രണ്ടിരട്ടി വലിപ്പമുണ്ടായിരുന്നു പാമ്പിന്. വെള്ളത്തിൽ നിന്ന് കരയിലേക്ക് എടുത്തിട്ടപ്പോഴും പാമ്പ് കുട്ടിയുടെ കാലിൽ നിന്നും പിടിത്തം വിട്ടില്ല. ഉടൻതന്നെ കരയ്ക്ക് ഉണ്ടായിരുന്ന കുഞ്ഞിൻറെ അച്ഛൻ കുട്ടിയുടെ കാലിൽ നിന്ന് വിടുവിച്ചതിന് ശേഷം പാമ്പിനെ ദൂരേക്ക് വലിച്ചെറിഞ്ഞു. പാമ്പിന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ കുട്ടി ഇപ്പോൾ നിരീക്ഷണത്തിലാണ്.
ഓസ്ട്രേലിയയിൽ ജനവാസ മേഖലയിൽ പാമ്പുകളെയും മറ്റ് ആക്രമണകാരികളായ മൃഗങ്ങളെയും കാണുന്നത് സാധാരണമാണ്. നിരവധി ആളുകൾക്കാണ് പെരുമ്പാമ്പുകളുടെ ആക്രമണത്തിൽ പരിക്കേൽക്കുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുള്ളത്.