ആ ദിവസം വൈകിയാണ് റെസ്റ്റോറന്റിന് മനസിലായത് ദമ്പതികൾ ആ ടൗണിൽ നിന്നെന്നല്ല, ആ രാജ്യത്ത് നിന്നു തന്നെ മുങ്ങി എന്ന്.

മൂക്കുമുട്ടെ ഭക്ഷണം കഴിച്ചിട്ട് പണമടക്കാതെ മുങ്ങുന്നവർ ലോകത്തിന്റെ എല്ലാ ഭാ​ഗത്തും കാണും. ചിലരൊക്കെ പിടിയിലാവും. ചിലരൊക്കെ രക്ഷപ്പെടുകയും ചെയ്യും. എന്നാലും വിവാഹിതരായതിന് തൊട്ടുപിന്നാലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിട്ട് രാജ്യം തന്നെ വിട്ടാൽ എങ്ങനെയിരിക്കും? അതും 80 അഥിതികൾക്കൊപ്പം. അങ്ങനെ ചെയ്ത ദമ്പതികൾക്ക് വേണ്ടി തിരയുകയാണ് ഇപ്പോൾ പൊലീസ്. 

ഇറ്റലിയിലെ പ്രശസ്തമായ റിസ്റ്റോറന്റേ ലാ റൊട്ടോണ്ട എന്ന റെസ്റ്റോറന്റിലാണ് സംഭവം. എൻസോ ഫാബ്രിസിയുടേതാണ് റെസ്റ്റോറന്റ്. റെസ്റ്റോറന്റ് ഉടമ പറയുന്നത് ദമ്പതികളായ മൊറേനോ പ്രിയോറിറ്റിയും ആന്ദ്രേ സ്വെഞ്ചയും വിവാഹിതരായതിന് തൊട്ടുപിന്നാലെ 80 അതിഥികളും ചേർന്ന് റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചു പിന്നാലെ ബില്ലടയ്ക്കാതെ മുങ്ങി എന്നാണ്. 

വെറും ഭക്ഷണം മാത്രമല്ല, അലങ്കാരങ്ങളും സം​ഗീതവും ഒക്കെയടങ്ങിയ പരിപാടികളായിരുന്നു ഹോട്ടലിൽ ദമ്പതികൾ ബുക്ക് ചെയ്തത്. എന്നാൽ, എല്ലാം കഴിഞ്ഞ് പണം മുഴുവനും അടക്കാതെ തന്നെ ദമ്പതികൾ രാജ്യം വിട്ടു. വിവാഹ ദിനത്തിലെ ഡിന്നർ പാർട്ടി കൂടി കഴിഞ്ഞതോടെ എല്ലാവരും പിരിഞ്ഞു. ആദ്യ പങ്ക് എന്ന നിലയിൽ 3287 യൂറോ വരൻ അടച്ചിരുന്നു. ബാക്കി വിവാഹത്തിന്റെ അന്ന് അടക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ആ വാ​ഗ്ദ്ധാനം പാലിക്കപ്പെട്ടില്ല എന്നാണ് റെസ്റ്റോറന്റ് പറയുന്നത്. 

ആ ദിവസം വൈകിയാണ് റെസ്റ്റോറന്റിന് മനസിലായത് ദമ്പതികൾ ആ ടൗണിൽ നിന്നെന്നല്ല, ആ രാജ്യത്ത് നിന്നു തന്നെ മുങ്ങി എന്ന്. കഴിഞ്ഞ വർഷം ആ​ഗസ്തിലായിരുന്നു ഈ സംഭവം നടക്കുന്നത്. അന്ന് മുതൽ ദമ്പതികളെ പിടികൂടാൻ റെസ്റ്റോറന്റ് ശ്രമിക്കുന്നുണ്ട്. രാജ്യത്ത് നിന്നും മുങ്ങി ജർമ്മനിയിൽ എത്തിയതോടെ അവരുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നു. അവരുടെ മാതാപിതാക്കളെ വിളിക്കുന്ന അവസ്ഥയിലേക്ക് റെസ്റ്റോറന്റ് എത്തി. എന്നിട്ടും പണം കിട്ടിയില്ല.

പിന്നാലെ, പൊലീസിൽ പരാതി നൽകുകയായിരുന്നു റെസ്റ്റോറന്റ് ഉടമ. കഴിഞ്ഞ 40 വർഷങ്ങളായി താൻ റെസ്റ്റോറന്റ് നടത്തുന്നുണ്ട്. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്നാണ് ഉടമ പറയുന്നത്. ഇതോടെ പ്രിയോറിറ്റി ജർമ്മനിയിലെ തന്നെ കുപ്രസിദ്ധനായ വരനായി മാറിയിരിക്കയാണ്. ജർമ്മനിയിലെയും ഇറ്റലിയിലെയും പൊലീസ് ഇയാളെ തിരഞ്ഞു കൊണ്ടിരിക്കയാണ്. എന്തുവന്നാലും വരനെയും വധുവിനെയും വിടില്ലെന്നാണ് റെസ്റ്റോറന്റ് ഉടമ പറയുന്നത്. 

എന്നാൽ, ബുധനാഴ്ച ഒരു വർഷത്തെ മൗനം വെടിഞ്ഞ് വരൻ ഇതിൽ പ്രതികരിച്ചിരിക്കയാണ്. ബാക്കി തുക താൻ തിരിച്ചടച്ചുവെന്നും റെസ്റ്റോറന്റാണ് തനിക്ക് ബാക്കി നൽകാനുള്ള തുക നൽകാത്തത് എന്നുമായിരുന്നു പ്രതികരണം. അതോടെ ഇക്കാര്യത്തിൽ വീണ്ടും വൻ ചർച്ചകളുണ്ടായിരിക്കയാണ്.