ഗുണ്ടുവും ഓറിയോയും എപ്പോഴും ഒരുമിച്ച് നടക്കുന്ന നായകളായിരുന്നു. ഗുണ്ടുവായിരുന്നു ഓറിയോയെ പലപ്പോഴും ശ്രദ്ധിച്ചിരുന്നത്. രണ്ടുപേരും ഒരുമിച്ചാണ് കഴിക്കുന്നതും ഉറങ്ങുന്നതും എല്ലാം.
വളർത്തുനായകൾ ഏറ്റവുമധികം മനുഷ്യരോട് വിധേയത്വമുള്ള മൃഗങ്ങളായിരിക്കും. ഉടമകളെ സംരക്ഷിക്കാൻ അവ എന്തും ചെയ്യാൻ തയ്യാറാകും. അതുപോലെ രണ്ട് നായകളുടെ വിയോഗത്തിന്റെ വാർത്തയാണ് ഇപ്പോൾ ആളുകളെ കണ്ണീരണിയിക്കുന്നത്. തിരുവനന്തപുരത്ത് കഴക്കൂട്ടത്താണ് വീട്ടുമുറ്റത്തെത്തിയ മൂർഖൻ പാമ്പിനെ നേരിടുന്നതിനിടയിൽ വീട്ടിലെ വളർത്തുനായകളായ ഗുണ്ടുവിനും ഓറിയോയ്‍ക്കും തങ്ങളുടെ ജീവൻ നഷ്ടപ്പെട്ടത്.
തിരുവനന്തപുരത്തെ വെറ്ററിനറി ഡോക്ടറായ ബി. മോഹനചന്ദ്രന്‍റെ വളർത്തുനായകളാണ് ഗുണ്ടുവും ഓറിയോയും. ഇരുവരും ഒരുമിച്ച് വളർന്നവരാണ്. ഊണിലും ഉറക്കത്തിലും എല്ലാം കൂടെ ഉണ്ടായിരുന്നവർ. എന്നാൽ, ഇപ്പോൾ ഇരുവരും മരണത്തിന് കീഴടങ്ങിയതും ഒരുമിച്ച്. ഡോക്ടർ മോഹനചന്ദ്രന്റെ വീട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് ഒരു മൂർഖൻ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ ഗുണ്ടുവും ഓറിയോയും അതിന് നേരെ ചാടിവീണു. നായകൾ മൂർഖൻ പാമ്പിനെ ഒരുമിച്ച് നേരിടാൻ തുടങ്ങി. നായകളിൽ ഒന്ന് പാമ്പിന്റെ വാലും മറ്റൊന്ന് തലയും കടിച്ചെടുത്തു. എന്നാലും, പാമ്പ് തിരികെ നായകളെയും അക്രമിച്ചു.
അൽപനേരത്തിനകം പാമ്പ് ചത്തു. എന്നാൽ, പാമ്പിന്റെ അക്രമണത്തെ തുടർന്ന് നായകൾ രണ്ടും അവശനിലയിൽ എത്തിയിരുന്നു. ആ സമയത്ത് അവിടേക്കെത്തിയ ബാലചന്ദ്രന്റെ ഭാര്യ മഞ്ജുവാണ് ഈ കാഴ്ച ആദ്യം കാണുന്നത്. അവർ ആകെ ഞെട്ടിപ്പോയി. പിന്നാലെ, ഡോക്ടറുടെ മക്കളായ മിഥുനും വിഷ്ണുമോഹനും ചേർന്ന് ഗുണ്ടുവിനെയും ഓറിയോയെയും കുടപ്പനക്കുന്നിലുള്ള മൾട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചു. ആന്റിവെനം ഉൾപ്പെടെ മരുന്നുകൾ നൽകി. എന്നാൽ ഒന്നും തന്നെ ഫലിച്ചില്ല. രണ്ട് നായകൾക്കും ജീവൻ നഷ്ടമായി.
ഗുണ്ടുവും ഓറിയോയും എപ്പോഴും ഒരുമിച്ച് നടക്കുന്ന നായകളായിരുന്നു. ഗുണ്ടുവായിരുന്നു ഓറിയോയെ പലപ്പോഴും ശ്രദ്ധിച്ചിരുന്നത്. രണ്ടുപേരും ഒരുമിച്ചാണ് കഴിക്കുന്നതും ഉറങ്ങുന്നതും എല്ലാം. അതിനാൽ തന്നെ മറവ് ചെയ്‍തതും ഒരുമിച്ചാണ്. കുടുംബത്തെ തീരാവേദനയിലാഴ്ത്തിയാണ് ഇരു നായകളും വിടവാങ്ങിയത്. നേരത്തെ വീട്ടിലുണ്ടായിരുന്ന പഗ് വിടവാങ്ങിയപ്പോൾ ഒരിക്കലും ഒരു നായയെയും വളർത്തില്ല എന്ന് തീരുമാനിച്ചതാണ് കുടുംബം. എന്നാൽ, ആ വീട്ടിലേക്ക് പ്രതീക്ഷിക്കാതെ ഗുണ്ടു കടന്നുവന്നു. അതോടെ വീട്ടുകാർ തീരുമാനവും മാറ്റി.
ഗുണ്ടു ആ വീട്ടിലേക്ക് തനിയെ കടന്നു വന്ന നായയായിരുന്നു. ഓറിയോയെ മോഹനചന്ദ്രന്റെ മകൻ വഴിയിൽ നിന്നും കൂട്ടിക്കൊണ്ടു വന്നതും. അന്നുമുതൽ ഗുണ്ടുവും ഓറിയോയും പിരിയാത്ത കൂട്ടുകാരായി. ഒടുവിൽ വീട്ടുകാരെയും നാട്ടുകാരെയും വേദനയിലാഴ്ത്തി അന്ത്യയാത്രയിലും അവർ ഒരുമിച്ച്.
