പെൻസിൽവാനിയയിലെ ഹാരിസ്ബർഗ് വിമാനത്താവളത്തിലെ പബ്ലിക് അഡ്രസ് സിസ്റ്റം 'സൈബർ ഇസ്ലാം' എന്ന ഹാക്കർ സംഘം ഹാക്ക് ചെയ്തു. ഏകദേശം 10 മിനിറ്റോളം പലസ്തീനെ അനുകൂലിച്ചും, ട്രംപിനും നെതന്യാഹുവിനെയും അസഭ്യം വിളിച്ചും സന്ദേശം.
പെൻസിൽവാനിയയിലെ ഹാരിസ്ബർഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പൊതു അഭിസംബോധന സംവിധാനം (public address system) ഹാക്ക് ചെയ്തതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. "സൈബർ ഇസ്ലാം" എന്ന് സ്വയം പരിചയപ്പെടുത്തിയ ഹാക്കർ, യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും അഭിസംബോധന ചെയ്യാൻ അസഭ്യ വാക്കുകൾ ഉപയോഗിച്ചു. പിന്നാലെ പലസ്തീന്‍ സ്വതന്ത്രമാക്കണമെന്നും അവകാശപ്പെട്ടു.
10 മിനിറ്റോളം
പബ്ലിക് അഡ്രസ് (പിഎ) സിസ്റ്റത്തിലേക്ക് ആക്‌സസ് ലഭിച്ച ശേഷം, ഹാക്കർ ഏകദേശം 10 മിനിറ്റ് നേരത്തേക്ക് റെക്കോർഡ് ചെയ്‌ത സന്ദേശം പ്ലേ ചെയ്‌തു. ഇത് മുഴുവനും രാഷ്ട്രീയ സന്ദേശങ്ങളും ട്രംപ് വിരുദ്ധ പ്രസ്താവനകളുമായിരുന്നു. ടർക്കിഷ് സൈബർ ഇസ്ലാം എന്ന ഹാക്കറാണ് ഇത് ചെയ്തതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 'പലസ്തീൻ സ്വതന്ത്രമാക്കുക' എന്ന സന്ദേശത്തോടൊപ്പം ട്രംപ് വിരുദ്ധ, ഇസ്രയേല്‍ വിരുദ്ധ സന്ദേശങ്ങൾ ഇയാൾ ഇതുവഴി പ്രക്ഷേപണം ചെയ്തു. "ഫ്രീ പാലസ്തീൻ", "എഫ്**കെ നെതന്യാഹുവും ട്രംപും" തുടങ്ങിയ വാക്കുകൾ സ്പീക്കറിലൂടെ ഹാക്കർ വിളിച്ച് പറഞ്ഞതായി ഔട്ട്‌ലെറ്റ് റിപ്പോർട്ട് ചെയ്യുന്നു. 'ടർക്കിഷ് ഹാക്കർ സൈബർ ഇസ്ലാം ഇവിടെ ഉണ്ടായിരുന്നു' അനധികൃത ഉപയോക്താവ് കൂട്ടിച്ചേർത്തു.
യാത്രക്കാർക്ക് ഭീഷണിയില്ല
ഹാക്കർ യാത്രക്കാരെയോ എയർലൈൻ ജീവനക്കാരെയോ ഒരിക്കൽ പോലും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വിമാനത്താവളം പിന്നീട് പറഞ്ഞു. അപ്രതീക്ഷിതമായ സംഭവത്തെ തുടർന്ന് ഈ സമയം ബോർഡിംഗ് നടത്താനിരുന്ന ഒരു ഡെൽറ്റ വിമാനത്തിൽ എച്ച്ഐഎ ഉദ്യോഗസ്ഥർ സമഗ്രമായ പരിശോധന നടത്തി. പിന്നാലെ അന്വേഷണത്തിനായി പോലീസ് സ്ഥലത്തെത്തിയപ്പോൾ പിഎ സിസ്റ്റം പെട്ടെന്ന് ഓഫാക്കപ്പെട്ടു. കാനഡയിലെ കെലോന വിമാനത്താവളത്തിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഹമാസ് അനുകൂല സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നതിനായി അവിടെ വിമാനത്താവളത്തിലെ സ്‌ക്രീനുകൾ ഹാക്ക് ചെയ്യുകയായിരുന്നു.


