പാക്കിസ്ഥാനി പൊലീസ് ഹാഫിസ് സയീദിനെ അറസ്റ്റുചെയ്തിരുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും ഒരുപോലെ തേടിക്കൊണ്ടിരിക്കുന്ന ഒരു കൊടും ഭീകരൻ കൂടിയാണ് ഇയാൾ. 2012 -ൽ അമേരിക്ക ഹഫീസ് സയീദിന്റെ തലയ്ക്ക് പ്രഖ്യാപിച്ചിട്ടുള്ള സമ്മാനം, ഒരു കോടി ഡോളറാണ്. അതായത്, ഏകദേശം 65  കോടി രൂപ. എന്നിട്ടും, ഇന്ന് അറസ്റ്റിലാവും വരെ പാകിസ്ഥാന്റെ മണ്ണിൽ സയീദ്  സസുഖം വാഴുകയായിരുന്നു. ഭീകരപ്രവർത്തനത്തിന്റെ പേരിൽ ചില കേസുകളൊക്കെ സയീദിനെതിരെ നിലവിൽ വിചാരണയിലുണ്ട് പാക്കിസ്ഥാനിൽ. അത്തരത്തിൽ ഒരു കേസിന്റെ വിചാരണയ്ക്കായി ഗുജ്റൻവാലയിലെ കോടതിയിലേക്ക് പോവും വഴിയായിരുന്നു അറസ്റ്റ്. പാക്കിസ്ഥാന്റെ കൗണ്ടർ ടെററിസം ഡിപ്പാർട്ട്മെന്റിലെ  ഉദ്യോഗസ്ഥർ, ലാഹോർ പട്ടണത്തിന് 50  കിലോമീറ്റർ വടക്കുള്ള,  കമൊക്കെ ടോൾ പ്ലാസയിൽ വെച്ചാണ് സയീദിനെ അറസ്റ്റുചെയ്യുന്നത്. 

ആരാണ് ഹാഫിസ് സയീദ്? 

പാക്കിസ്ഥാന്റെ കണക്കിൽ ഒരു മതപണ്ഡിതനാണ് ഹാഫിസ് സയീദ്. 'ജമായത്ത് ഉദ് ദാവാ' എന്ന എൻജിഒയുടെ മറവിൽ തീവ്രവാദപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ചുനൽകുന്നു എന്ന ഒരു ആരോപണത്തിന് കോടതിയിൽ വിചാരണ നേരിടുന്ന വ്യക്തി. എന്നാൽ, ഇന്ത്യയുടേയും അമേരിക്കയുടെയും കൊടും ഭീകരരുടെ ലിസ്റ്റിലെ ഒന്നാം പേരുകാരനാണിയാൾ. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും സയീദ് തന്നെയാണ്. സയീദിന്റെ നേതൃത്വത്തിൽ   1990 -ൽ സ്ഥാപിച്ചതാണ് 'ലഷ്കർ-എ-തയിബ' എന്ന തീവ്രവാദസംഘടന. 1994-ൽ അമേരിക്ക സന്ദർശിച്ച് ഹൂസ്റ്റണിലെയും മറ്റും പള്ളികളിൽ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്  സയീദ്. ഇസ്ലാമിക് ഹിസ്റ്ററിയിലും, അറബിയിലും രണ്ടു മാസ്റ്റർ ബിരുദങ്ങൾ സ്വന്തമായുള്ള ഹഫീസ് സയീദ് മുഴുവൻ സമയ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് തിരിയും മുമ്പ് ഒരു എഞ്ചിനീയറിങ്ങ് കോളേജിൽ അറബിഭാഷാധ്യാപകനായിരുന്നു. 

ലഷ്കര്‍ എ തയിബ 2002 -ൽ അത് പാക്കിസ്ഥാനിൽ നിരോധിക്കപ്പെട്ടപ്പോൾ, സയീദ് സ്ഥാപകർ പോലും വിസ്മരിച്ചിരുന്ന മറ്റൊരു സംഘടന പൊടിതട്ടിയെടുത്തു, അതിന്റെ പേരിലായി പിന്നീടങ്ങോട്ടുള്ള പ്രവർത്തനം. അതിന്റെ പേരാണ് ജമായത്ത്-ഉദ്-ദാവാ.   

മുൻകാല അറസ്റ്റുകളുടെ ചരിത്രം 

2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിനു ശേഷം ഹാഫിസ് സയീദ് കസ്റ്റഡിയിൽ എടുക്കപ്പെട്ടിരുന്നു എങ്കിലും, കാര്യമായ നടപടികളൊന്നും ഉണ്ടായില്ല.  ഏകദേശം മൂന്നുമാസത്തോളം കസ്റ്റഡിയിൽ വെച്ച ശേഷം വിട്ടയച്ചു.

2006  -ലെ മുംബൈ ട്രെയിൻ ബോംബിങ്ങുകൾക്ക് ശേഷം ഓഗസ്റ്റിൽ ഒരിക്കൽ കൂടി സയീദ് അറസ്റ്റുചെയ്യപ്പെട്ടു എങ്കിലും, ഒക്ടോബറിൽ വീണ്ടും വെറുതെ വിട്ടയക്കപ്പെട്ടു. 

2009 ഓഗസ്റ്റിൽ ഇന്റർപോൾ സയീദിനെതിരെ ഒരു 'റെഡ് നോട്ടീസ്' പുറപ്പെടുവിച്ചു. അതേത്തുടർന്ന് സെപ്തംബറിൽ വീണ്ടും വീട്ടുതടങ്കലിൽ ആയി. ഒക്ടോബർ 12-ന്  ലാഹോർ ഹൈക്കോടതി ഹഫീസ് സയീദിനെതിരെയുള്ള സകല കേസുകളും അടിസ്ഥാനരഹിതമെന്ന് കണ്ടെത്തി, സയീദിനെ നിരുപാധികം വിട്ടയച്ചു. ജമായത്ത് ഉദ് ദാവയ്ക്ക് പാക്കിസ്ഥാനിൽ നിലനിന്നിരുന്ന സകല നിരോധനങ്ങളും നിയന്ത്രണങ്ങളും കോടതി നീക്കിക്കൊടുക്കുകയും ചെയ്തു. 

2011-ൽ അമേരിക്ക ലഷ്കർ എ തയിബയെ ഒരു 'വിദേശ  ഭീകരവാദ സംഘടന'യായി പ്രഖ്യാപിച്ചു. അടുത്ത വർഷത്തോടെ അറുപത്തഞ്ചു കോടിയുടെ പ്രതിഫലവും പ്രഖ്യാപിച്ചു. അപ്പോഴൊക്കെയും ഹഫീസ് സയീദ് തന്റെ മേൽ ചാർത്തപ്പെട്ടിരുന്ന ആരോപണങ്ങൾ ഒന്നില്ലാതെ നിഷേധിച്ചു. പാകിസ്ഥാനിൽ വന്നു ധൈര്യമുണ്ടെങ്കിൽ തന്നെ അറസ്റ്റു ചെയ്യാൻ അമേരിക്കയെ വെല്ലുവിളിക്കുകയും ചെയ്തുകൊണ്ടിരുന്നു. 

2017 -ൽ ഡോണാൾഡ്‌ ട്രംപിന്റെ ഭാഗത്തുനിന്നുമുണ്ടായ സമ്മർദ്ദം നിമിത്തം ഹാഫിസ് സയീദ് വീട്ടുതടങ്കലിൽ ആവുകയുണ്ടായി. എന്നാലും സയീദിനെതിരെ കൃത്യമായ തെളിവുകളൊന്നും തന്നെ ലഭ്യമല്ലെന്നാണ് പാക്കിസ്ഥാൻ ഇന്ത്യയോടും അമേരിക്കയോടും ഈയടുത്തകാലം വരെയും ആവർത്തിച്ചുപോന്നത്. 

ഇങ്ങനെ പലകുറി അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും, ഹാഫിസ് സയീദിന് ഒരിക്കലും പാക് മണ്ണിൽ ഒരു വിചാരണ നേരിടേണ്ടി വന്നിട്ടില്ല. ഒരിക്കലും സയീദ് മറ്റുരാജ്യങ്ങളിലേക്ക് വിചാരണാർത്ഥം നാടുകടത്തപ്പെടുകയോ ഒന്നും ഉണ്ടായില്ല. അതിനു ശേഷം ഇന്നുവരെ അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ സ്വാധീനം ഉപയോഗിച്ചുകൊണ്ട് ഇന്ത്യയും അമേരിക്കയും നടത്തിക്കൊണ്ടിരുന്ന നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് ഇപ്പോൾ അറസ്റ്റ് വീണ്ടും ഉണ്ടായിരിക്കുന്നത്. 'ഫിനാൻഷ്യൽ ടാസ്ക് ഫോഴ്സി'(FTF)ൽ നിന്നുമുള്ള സമ്മർദ്ദം കാരണമാണ് ഇപ്പോൾ ഇങ്ങനെ ഒരു നടപടി ഉണ്ടായിരിക്കുന്നത് എന്ന് പറയപ്പെടുന്നു. അവർ ഭീകരവാദങ്ങൾക്കുള്ള സാമ്പത്തിക സഹായങ്ങളുടെ പേരിൽ പാകിസ്ഥാനെ തങ്ങളുടെ 'ഗ്രേ ലിസ്റ്റിൽ' പെടുത്തിയതാണ് ഇപ്പോൾ മുഖം രക്ഷിച്ചെടുക്കാൻ വേണ്ടിയുള്ള ഈ അറസ്റ്റിന് വഴിവെച്ചിരിക്കുന്നത്.