Asianet News MalayalamAsianet News Malayalam

കല്ലറയിൽ നിന്നും പുറത്തേക്ക് നീണ്ട് മുടി, സെമിത്തേരിയിലെ കാഴ്ച കണ്ട് ഞെട്ടി യുവാവ്

ആദ്യം ഇതെന്താണ് എന്ന് മനസിലായില്ലെങ്കിലും സൂക്ഷിച്ച് നോക്കിയപ്പോൾ മനുഷ്യന്റെ മുടി കല്ലറയിൽ നിന്നും പുറത്തേക്ക് വരുന്നതാണ് എന്ന് മനസിലായി എന്ന് ജോയൽ പറയുന്നു. 100 വർഷമെങ്കിലും പഴക്കമുണ്ട് ഈ കല്ലറയ്ക്ക്.

hair poking out of grave
Author
First Published Nov 22, 2022, 3:19 PM IST

ഒരു സെമിത്തേരി സന്ദർശിക്കുകയാണ് നിങ്ങളെന്ന് വയ്ക്കുക. അപ്പോൾ ഒരു ശവക്കല്ലറയിൽ നിന്നും അൽപം മുടി പുറത്തേക്ക് നീണ്ടുവന്നത് കണ്ടാലെന്ത് ചെയ്യും? ആകെ പേടിച്ചു പോകും അല്ലേ? അതുപോലെ ഒരു സംഭവം യഥാർത്ഥത്തിലും ഉണ്ടായി. 

ഇത് കാണിക്കുന്ന ഒരു ടിക്ടോക് വീഡിയോയ്ക്ക് 1.5 മില്ല്യൺ കാഴ്ചക്കാരുണ്ടായി. ജോയൽ മോറിസൺ എന്നയാളാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ആദ്യമായി ആ കാഴ്ച കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി എന്നാണ് ജോയൽ പറഞ്ഞത്. സാക്രമെന്റോയിലെ സെന്റ് ജോസഫ് കാത്തലിക് സെമിത്തേരിയിൽ വച്ചാണ് ഈ കാഴ്ച ജോയൽ കണ്ടത്. കല്ലറയിൽ നിന്നും പുറത്തേക്ക് നീണ്ടുനിൽക്കുന്ന മുടി. 

ആദ്യം ഇതെന്താണ് എന്ന് മനസിലായില്ലെങ്കിലും സൂക്ഷിച്ച് നോക്കിയപ്പോൾ മനുഷ്യന്റെ മുടി കല്ലറയിൽ നിന്നും പുറത്തേക്ക് വരുന്നതാണ് എന്ന് മനസിലായി എന്ന് ജോയൽ പറയുന്നു. 100 വർഷമെങ്കിലും പഴക്കമുണ്ട് ഈ കല്ലറയ്ക്ക്. കാലപ്പഴക്കം കൊണ്ടും മറ്റും പലയിടങ്ങളിലും വിള്ളലുകളും പൊട്ടലുകളും ഉണ്ട്. ആദ്യത്തെ പേടിയും ഞെട്ടലും മാറിയപ്പോൾ താൻ പിന്നെ ആലോചിച്ചത് മരിച്ചവരുടെ കുടുംബക്കാരെ കുറിച്ചാണ്. സെമിത്തേരി ശരിക്ക് പരിപാലിക്കപ്പെടുന്നില്ല. മരിച്ചവരും അവരുടെ കുടുംബവും അതുവഴി അവഹേളിക്കപ്പെടുകയാണ് എന്നാണ് ജോയലിന്റെ പക്ഷം. 

പല മൃ​ഗങ്ങളും അതുവഴി പാഞ്ഞുനടക്കുകയും കല്ലറകൾക്ക് കേടുപാടുകൾ വരുത്തുകയുമാണ് എന്ന് ജോയൽ പറയുന്നുണ്ട്. ഏതായാലും ജോയൽ ടിക്ടോക്കിൽ പങ്കിട്ട വീഡിയോയ്ക്ക് അനേകം പേരാണ് കമന്റുകളുമായി എത്തിയത്. ആകെ പേടിച്ച് പോയി എന്ന് തന്നെയാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. വലിയ മഴയും വെള്ളപ്പൊക്കവും ഉണ്ടായാൽ ഇത് സംഭവിക്കുമെന്നും ശവശരീരം വരെ ഇങ്ങനെ പൊങ്ങിവരും എന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു. 

എന്നാൽ, ജോയലിന്റെ അഭിപ്രായത്തിൽ അതിന്റെ അടുത്തായി വലിയ ഒരു മരം വളരുന്നുണ്ട്. അതിന്റെ വേര് ഇറങ്ങിയപ്പോൾ കല്ലറയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടായിരിക്കാം. അങ്ങനെ ഉണ്ടായ വിടവിലൂടെ അണ്ണാനെപ്പോലുള്ള ജീവികൾ അകത്തോട്ടും പുറത്തോട്ടും ഓടിയിട്ടുണ്ടാവാം. അതുപോലെ ജീവികൾ മുടിയിൽ കൂട് വയ്ക്കാൻ ശ്രമിച്ചിരിക്കാം എന്നും അയാൾ അഭിപ്രായപ്പെട്ടു.

Follow Us:
Download App:
  • android
  • ios