മത്സരത്തിന് യോഗ്യത നേടുന്നതിന്, റോബോട്ടുകൾ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. അവ ചക്രങ്ങളിൽ ചലിക്കുന്നവ ആകാൻ പാടില്ല. പകരം മനുഷ്യനെപ്പോലെ രൂപമുള്ളവയും ബൈപെഡൽ നടത്തം അല്ലെങ്കിൽ രണ്ട് കാലുകളിൽ ചലിക്കാൻ കഴിവുള്ളവയും ആയിരിക്കണം.

റോബോട്ടുകൾ വരെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ദിവസേന എന്ന രീതിയിൽ റോബോട്ടുകളുമായി ബന്ധപ്പെട്ട ഒരു വാർത്തയെങ്കിലും നമ്മുടെ കൺമുമ്പിൽ എത്താറുണ്ട്. ഇപ്പോഴിതാ ഒരു പടി കൂടി കടന്ന് മനുഷ്യനെയും റോബോട്ടുകളെയും ഒരുമിച്ച് പങ്കെടുപ്പിച്ചുകൊണ്ട് ഒരു മാരത്തോൺ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ചൈന. ഇതിലൂടെ മനുഷ്യരും റോബോട്ടുകളും ഒരുമിച്ചു പങ്കെടുക്കുന്ന ആദ്യം മത്സരത്തിന് ആതിഥേയത്വം വഹിക്കുക എന്നതാണ് ചൈന ലക്ഷ്യമിടുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ബെയ്ജിംഗിലെ ഡാക്‌സിംഗ് ജില്ലയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്ന ഹാഫ് മാരത്തൺ മത്സരത്തിൽ ഡസൻ കണക്കിന് ഹ്യൂമനോയിഡ് റോബോട്ടുകളും 12,000 മനുഷ്യകായികതാരങ്ങളും പങ്കെടുക്കും. 21 കിലോമീറ്റർ ദൂരമാണ് മത്സരത്തിനായി നിശ്ചയിച്ചിരിക്കുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് യുഎസുമായുള്ള സാങ്കേതിക മത്സരത്തിൽ മുൻതൂക്കം നേടുന്നതിനായി AI യും റോബോട്ടിക്സും വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ചൈന ശക്തമാക്കുന്നതിനിടയിലാണ് ഇത്തരത്തിൽ ഒരു നീക്കം.

ബെയ്ജിംഗ് ഇക്കണോമിക്-ടെക്‌നോളജിക്കൽ ഡെവലപ്‌മെൻ്റ് ഏരിയ( ഇ-ടൗൺ) സംഘടിപ്പിക്കുന്ന മാരത്തണിൽ 20-ലധികം കമ്പനികളുടെ റോബോട്ടുകൾ ഉണ്ടാകും. ലോകമെമ്പാടുമുള്ള കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ, റോബോട്ടിക്സ് ക്ലബ്ബുകൾ, സർവ്വകലാശാലകൾ എന്നിവയെ മാരത്തണിൽ അവരുടെ ഹ്യൂമനോയിഡുകളെ പങ്കെടുപ്പിക്കുന്നതിനായി ക്ഷണിക്കും എന്നാണ് ഇ-ടൗൺ വ്യക്തമാക്കുന്നത്.

മത്സരത്തിന് യോഗ്യത നേടുന്നതിന്, റോബോട്ടുകൾ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. അവ ചക്രങ്ങളിൽ ചലിക്കുന്നവ ആകാൻ പാടില്ല. പകരം മനുഷ്യനെപ്പോലെ രൂപമുള്ളവയും ബൈപെഡൽ നടത്തം അല്ലെങ്കിൽ രണ്ട് കാലുകളിൽ ചലിക്കാൻ കഴിവുള്ളവയും ആയിരിക്കണം. റോബോട്ടുകൾക്ക് 0.5 മീറ്ററിനും 2 മീറ്ററിനും ഇടയിൽ ഉയരം ഉണ്ടായിരിക്കണമെന്നും ഔദ്യോഗിക മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നുണ്ട്. റിമോട്ട് നിയന്ത്രിതവും പൂർണ്ണമായും സ്വയം നിയന്ത്രിക്കാൻ ശേഷിയുള്ളതുമായ ഹ്യൂമനോയിഡുകൾ യോഗ്യത നേടുമെന്നും ഓട്ടത്തിനിടയിൽ ബാറ്ററികൾ മാറ്റിസ്ഥാപിക്കാൻ അനുവദിക്കുമെന്നും ഔദ്യോഗിക പ്രസ്താവന കൂട്ടിച്ചേർക്കുന്നു.

2030 ആകുമ്പോഴേക്കും ചൈനയിലെ റോബോട്ടിക്സ് വ്യവസായം 400 ബില്യൺ യുവാൻ ആയി വളരുമെന്ന് സ്റ്റേറ്റ് ന്യൂസ് ഏജൻസി സിൻഹുവ കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. 2023 -ൽ, ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് റോബോട്ടിക്‌സിൻ്റെ കണക്കനുസരിച്ച്, ലോകത്തിലെ മൊത്തം റോബോട്ട് കണ്ടുപിടിത്തങ്ങളിൽ 51 ശതമാനം അഥവാ 276,288 റോബോട്ടുകൾ ചൈനയുടേതായിരുന്നു എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം