കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ ബാഗ് മൃഗശാലയിൽ പ്രദർശനത്തിനുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം ഒരു സന്ദർശകൻ അതിന്റെ ചിത്രം പകർത്തി അത് ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് ബാഗ് വൈറലായത്. അനധികൃത വന്യജീവി വ്യാപാരത്തെ കുറിച്ച് ചർച്ച ചെയ്യപ്പെടാനും ഇത് കാരണമായി.
ഒരു മൃഗശാലയിൽ നിങ്ങളെന്തെല്ലാം കാണും? പലവിധത്തിലുള്ള മൃഗങ്ങൾ, പക്ഷികൾ ഒക്കെ ഉണ്ടാവും. എന്നാൽ, ZSL ലണ്ടൻ സൂവിൽ പോയിക്കഴിഞ്ഞാൽ നമുക്ക് നാം പ്രതീക്ഷിക്കാത്ത ഒരു കാഴ്ച കാണാനാവും. വംശനാശഭീഷണി നേരിടുന്ന സയാമീസ് മുതലയെ ഓർമ്മിപ്പിക്കുന്ന ഒന്നാണ് മൃഗശാലയിൽ കാണാനാവുക. ലെതറിന്റെ ഒരു ഹാൻഡ് ബാഗ്. അത് ഈ മുതലയുടെ തോലിൽ നിന്നും നിർമ്മിച്ചതാണ്.
2018 -ൽ ലണ്ടൻ വിമാനത്താവളത്തിൽ വച്ച് യുകെ അതിർത്തി ഉദ്യോഗസ്ഥർ പിടിച്ചെടുത്തതാണ് ഈ ബാഗ്. പിന്നീട്, അനധികൃത വന്യജീവി വ്യാപാരം ലോകത്താകമാനം എന്തൊക്കെ ആഘാതങ്ങളുണ്ടാക്കും എന്നതിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി യു കെ അതിർത്തി ഉദ്യോഗസ്ഥർ ഈ ബാഗ് മൃഗശാലയ്ക്ക് കൈമാറി. മൃഗശാലയിൽ ജീവനുള്ള സയാമീസ് മുതലകളൊന്നും തന്നെ ഇല്ല. ആവാസവ്യവസ്ഥ ഇല്ലാതായതും വേട്ടയാടപ്പെടലും കാരണം ഈ ഇനത്തിൽ പെട്ട മുതലകൾ ലോകത്താകമാനമായി ആകെ ശേഷിക്കുന്നത് 500- 1000 എണ്ണം മാത്രമാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ ബാഗ് മൃഗശാലയിൽ പ്രദർശനത്തിനുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം ഒരു സന്ദർശകൻ അതിന്റെ ചിത്രം പകർത്തി അത് ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് ബാഗ് വൈറലായത്. അനധികൃത വന്യജീവി വ്യാപാരത്തെ കുറിച്ച് ചർച്ച ചെയ്യപ്പെടാനും ഇത് കാരണമായി.
ഇങ്ങനെ ഒരു അവബോധം വ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് റെപ്റ്റൈൽ ആൻഡ് ആംഫീബിയൻ ക്യൂറേറ്റർ ഡോ. ബെൻ ടാപ്ലി പറഞ്ഞു. ഇവിടെ ഒരുപാട് മനോഹരങ്ങളായ ജീവികളുണ്ട്. എന്നാൽ ആ ബാഗാണ് എല്ലാവരുടേയും ശ്രദ്ധയെ ആകർഷിക്കുന്നത് എന്നും ഡോ. ബെൻ പറയുന്നു. നമ്മുടെ സന്ദർശകർ ഇതേ കുറിച്ച് ബോധവാന്മാരാകണമെന്ന് നാം കരുതുന്നു. അനധികൃതമായ ഇത്തരം വ്യാപാരങ്ങളെ കുറിച്ച് ചെറിയ ചർച്ചയെങ്കിലും ഉണ്ടായി വന്നാൽ സന്തോഷം എന്നും ഡോ. ബെൻ പറഞ്ഞു.
20 -ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ തോലിന് വേണ്ടി വലിയ തോതിൽ ഈ ഇനത്തിൽ പെട്ട മുതലകളെ വേട്ടയാടിത്തുടങ്ങി. ഇതോടെയാണ് ഇവയുടെ എണ്ണം വ്യാപകമായി കുറഞ്ഞ് തുടങ്ങിയത്.
