ദില്ലി:  സുപ്രീം കോടതിയിലെ ഏറ്റവും പ്രശസ്തരായ അഭിഭാഷകരില്‍ ഒരാളാണ് ഹരീഷ് സാൽവെ.  നെതർലാൻഡ്‌സിലെ ഹേഗിലുള്ള ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിൽ ഹരീഷിനെതിരെ പാക്കിസ്ഥാൻ അണിനിരത്തിയത് അവരുടെ തുറുപ്പുചീട്ടായ ഖാവർ ഖുറേഷിയെ ആയിരുന്നു. ചില്ലറക്കാരനല്ല ഖുറേഷി, ലണ്ടനിലെ കേംബ്രിഡ്‌ജ് സർവകലാശാലയിൽ നിന്നും എൽഎൽഎം ബിരുദം നേടിയ ക്വീൻസ് കൗൺസൽ ആണ് അദ്ദേഹം. 

ഹരീഷ് സാൽവെയ്ക്ക് കേംബ്രിഡ്‌ജ് ബിരുദമൊന്നും ഇല്ലെന്നേയുള്ളൂ. അച്ഛന്റെ വഴി പിന്തുർന്ന് ഒരു ചാർട്ടേർഡ് അക്കൗണ്ടന്‍റായി എഴുപതുകളിൽ മുംബൈയിൽ പ്രാക്ടീസ് ചെയ്തിരുന്ന ഹരീഷിന്  അഭിഭാഷകന്റെ കുപ്പായമണിയാനുള്ള മോഹം തോന്നുന്നത് അക്കാലത്തെ ടാക്സ് ലോയിലെ 'മള്ളൂർ' ആയിരുന്ന അഡ്വ. പാൽഖിവാലയുടെ കോടതി മുറിയിലെ മിന്നുന്ന പ്രകടനങ്ങൾ കണ്ടിട്ടാണ്. അദ്ദേഹത്തിന്റെ ജൂനിയർ ആയിട്ടാണ് 1980-ൽ ഹരീഷും എൻറോൾ ചെയ്ത് പ്രാക്ടീസ് തുടങ്ങുന്നത്. 

ഇന്ന് ഇന്ത്യയിൽ കോൺസ്റ്റിട്യൂഷനൽ, ടാക്സേഷൻ, കമേഴ്‌സ്യൽ നിയമങ്ങളിൽ അദ്ദേഹത്തെക്കാൾ അവഗാഹമുള്ള, വാദിക്കാൻ അറിയുന്ന മറ്റൊരു അഭിഭാഷകനില്ല. ഒരൊറ്റ സിറ്റിംഗിന് ആറുമുതൽ പതിനഞ്ചു വരെ ലക്ഷം പ്രതിഫലം വാങ്ങുന്ന സാൽവെ കുൽഭൂഷന്റെ കേസ് വളരെ ശ്രമകരമായിത്തന്നെ ഹേഗിൽ വാദിച്ചത് വെറും ഒരു രൂപ പ്രതിഫലം വാങ്ങിക്കൊണ്ടാണ്. സുഷമാസ്വരാജ് തന്നെയാണ് സാൽവെയുടെ പ്രതിഫല വിവരം ട്വീറ്റിലൂടെ പുറംലോകത്തെ അറിയിച്ചത്. 

 

വൊഡാഫോൺ, റിലയൻസ്, ടാറ്റ, ഐടിസി ഗ്രൂപ്പ്  എന്ന് തുടങ്ങി പിണറായി വിജയനുവേണ്ടി ലാവലിൻ കേസിൽ വരെ സുപ്രീം കോടതിയിൽ വാദിച്ചത് ഇതേ ഹരീഷ് സാൽവെ തന്നെയാണ്. ഗുജറാത്ത് കലാപക്കേസടക്കമുള്ള പല നിർണായക കേസുകളിലും സുപ്രീം കോടതി അമിക്കസ് ക്യൂറിയായും ഹരീഷ് സാൽവെയെ നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ അഭ്യര്‍ത്ഥന മാനിച്ച് ഗുജറാത്തിലെ ബില്‍ക്കിസ് ബാനു ബലാത്സംഗ കേസിലും സാല്‍വെ സുപ്രീംകോടതിയില്‍ ഹാജരായിട്ടുണ്ട്.

പാകിസ്ഥാനുവേണ്ടി ഖുറേഷി, ജാധവിന്റേതെന്ന മട്ടിൽ മുസ്‌ലിം പേരിലുള്ള ഒരു പാസ്‌പോർട്ടും, സൈനികതടവിൽ വെച്ച് റെക്കോര്‍ഡ് ചെയ്ത കുറ്റസമ്മതവീഡിയോയും മറ്റുള്ള രേഖകളും തെളിവുകളായി ഹാജരാക്കിയപ്പോൾ, അവയെല്ലാം വ്യാജമാണെന്ന് തെളിവുസഹിതം തന്നെ ഇന്ത്യക്കുവേണ്ടി സാൽവേയും വാദിച്ചു. ജാധവിനെ തട്ടിക്കൊണ്ടുപോയതിനും, പീഡിപ്പിച്ചതിനുമൊക്കെയുള്ള തെളിവുകളും ഇന്ത്യ ഹാജരാക്കി. കോൺസുലാർ ആക്സസ് വേണമെന്ന് തുടര്‍ന്നും വാദിച്ചു. പാകിസ്താനാകട്ടെ, ജാധവ് ഒരു ചാരനാണെന്നും, കോൺസുലാർ ആക്സസ് ചാരന്മാർക്ക് ബാധകമല്ലെന്നും വാദിച്ചു.

പ്രാഥമികവാദങ്ങൾക്കുശേഷം, 2018 നവംബർ 18 -ന്, കോടതി അന്തിമവിധി വരും വരെ കുൽഭൂഷൺ ജാധവിന്റെ വധശിക്ഷ നടപ്പിലാക്കരുത് എന്ന് പാകിസ്ഥാനോട് ഉത്തരവിട്ടു. ഈ വർഷം ഫെബ്രുവരിയിൽ വാദത്തിന്റെ അവസാനഘട്ടം പുനരാരംഭിച്ചു. തുടക്കത്തിൽ തന്നെ വക്കീലന്മാർ ഇരുവരും തമ്മിൽ കോർത്തു. ഖവർ ഖുറേഷി നടത്തിയ 'ഹംപ്റ്റി-ഡംപ്റ്റി' പരാമർശങ്ങളുടെ പേരിൽ ഹരീഷ് സാൽവെ അദ്ദേഹത്തെ ആക്രമിച്ചു. വാദം രണ്ടു രാഷ്ട്രങ്ങൾ തമ്മിലാവുമ്പോൾ ഭാഷയും അതിനു ചേർന്നതാവണം എന്ന് അദ്ദേഹം ഖുറേഷിയെ ഓർമ്മിപ്പിച്ചു. തുടർന്ന് ഒന്നിനുപിറകെ ഒന്നായി പല ആരോപണങ്ങളും -പാസ്പോർട്ട്, പേരുമാറ്റം തുടങ്ങി പലതും- ഖുറേഷി കുൽഭൂഷൺ ജാധവിനും, തദ്വാരാ ഇന്ത്യൻ ഇന്റലിജൻസിനും നേരെ ഉന്നയിച്ചു. അതിനെ ഒന്നൊന്നായി സാൽവേ പൊളിച്ചടുക്കി. ഒടുവില്‍ വിധി വരുമ്പോള്‍ ഇന്ത്യക്ക് ഒപ്പം ഹരിഷ് സാല്‍വെയ്ക്കും അഭിമാനിക്കാന്‍ ഏറെയുണ്ട്.