എംബിബിഎസ് വിദ്യാർഥിനിയായ നേഹയ്ക്ക് ഹോസ്റ്റൽ സൗകര്യം ലഭിക്കാത്തതിനാൽ യുക്രൈൻ തലസ്ഥാനമായ കീവിൽ ഈ കൺസ്ട്രക്ഷൻ എൻജിനീയറുടെ വീട്ടിൽ മുറി വാടകയ്‌ക്കെടുക്കുകയായിരുന്നു. 

യുദ്ധത്തിൽ തകർന്ന യുക്രൈയിനിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യാനും അഭയാർത്ഥിയായി മറ്റ് രാജ്യങ്ങളിലേക്ക് കടക്കാനും തീവ്രശ്രമം നടത്തുകയാണ്. എന്നാൽ, അതേ സമയത്ത് ഹരിയാന(Haryana)യിൽ നിന്നുള്ള ഒരു മെഡിക്കൽ വിദ്യാർത്ഥിനി(Medical student), യുക്രൈനി(Ukraine)ൽ തന്നെ തുടരാനാണ് തീരുമാനിച്ചത്. 

യുക്രൈനിൽ മെഡിസിന് പഠിക്കുന്ന ഹരിയാനയിൽ നിന്നുള്ള നേഹയ്ക്ക് അവിടെ നിന്നും മാറാൻ അവസരം ലഭിച്ചിട്ടും യുദ്ധത്തിൽ തകർന്ന രാജ്യം വിടാൻ അവൾ വിസമ്മതിക്കുകയായിരുന്നു. വിദ്യാർത്ഥിനിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് ഇതേ കുറിച്ചുള്ള പോസ്റ്റ് ഫേസ്ബുക്കിലിട്ടത്. സുഹൃത്തിന്റെ 17 -കാരിയായ മകൾ യുക്രേനിയൻ കുടുംബത്തോടൊപ്പം ഒരു വീട്ടിലാണ് കഴിയുന്നത് എന്ന് പോസ്റ്റിൽ പറയുന്നു. 

റഷ്യയുമായുള്ള യുദ്ധത്തിൽ രാജ്യത്തെ സേവിക്കാൻ വീടിന്റെ ഉടമ സ്വമേധയാ യുക്രേനിയൻ സൈന്യത്തിൽ ചേർന്നു. വീട്ടിൽ അദ്ദേഹത്തിന്റെ ഭാര്യയും അവരുടെ മൂന്ന് കുട്ടികളും മാത്രമായി. ഈ അവസരത്തിലാണ് അവരോടൊപ്പം തുടരാൻ പെൺകുട്ടി തീരുമാനിച്ചത്. 'ചിലപ്പോൾ ഞാൻ മരിച്ചേക്കാം, ചിലപ്പോൾ ജീവിച്ചിരുന്നേക്കാം. എന്നാൽ, ഇത്തരമൊരു ഘട്ടത്തിൽ ഇവരെ ഉപേക്ഷിച്ച് വരാൻ ഞാൻ തയ്യാറല്ല' എന്നാണ് നേഹ എന്ന പെൺകുട്ടി തന്റെ അമ്മയോട് പറഞ്ഞത്. 

രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ ആർമിയിലായിരുന്ന അച്ഛനെ നേഹയ്ക്ക് നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ വർഷമാണ് അവൾ യുക്രെയ്നിലെ ഒരു മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്. വീട്ടുടമസ്ഥന്റെ ഭാര്യയ്ക്കും മൂന്ന് കുട്ടികൾക്കുമൊപ്പം ബങ്കറിലാണ് ഇപ്പോൾ താമസം. എംബിബിഎസ് വിദ്യാർഥിനിയായ നേഹയ്ക്ക് ഹോസ്റ്റൽ സൗകര്യം ലഭിക്കാത്തതിനാൽ യുക്രൈൻ തലസ്ഥാനമായ കീവിൽ ഈ കൺസ്ട്രക്ഷൻ എൻജിനീയറുടെ വീട്ടിൽ മുറി വാടകയ്‌ക്കെടുക്കുകയായിരുന്നു. 

നേഹയുടെ അമ്മയുടെ അടുത്ത സുഹൃത്തായ സവിത ജാഖർ പറഞ്ഞു, “ഉടമയുടെ കുട്ടികളുമായി നേഹ വളരെ അടുപ്പത്തിലായിരുന്നു. യുദ്ധം ആസന്നമാണെന്ന് തോന്നിയതിനാൽ രാജ്യം വിടാൻ അവൾക്ക് ഉപദേശം ലഭിച്ചു. മകളെ അവിടെ നിന്നും മാറ്റാൻ അമ്മ തീവ്രശ്രമം നടത്തി. ഒടുവിൽ, പെൺകുട്ടിക്ക് റൊമാനിയയിലേക്ക് കടക്കാൻ അവസരവും ലഭിച്ചു. എന്നാൽ, ഈ നിർണായക ഘട്ടത്തിൽ അവൾക്കൊപ്പം താമസിച്ചിരുന്ന സ്നേഹമുള്ള കുടുംബത്തെ ഉപേക്ഷിക്കാൻ അവൾ വിസമ്മതിക്കുകയായിരുന്നു.“ 

"എന്റെ സുഹൃത്ത് അവളെ അവിടെ നിന്ന് മാറ്റാൻ എംബസിയെ ബന്ധപ്പെടാൻ കഠിനമായി ശ്രമിച്ചു. പക്ഷേ, അത്തരം പ്രയാസകരമായ സമയത്ത് ആ മൂന്ന് മക്കളെയും അവരുടെ അമ്മയെയും തനിച്ചാക്കി തിരികെ വരാൻ പെൺകുട്ടി ആഗ്രഹിക്കുന്നില്ല. അമ്മ എത്ര പരിശ്രമിച്ചിട്ടും പെൺകുട്ടി ശാഠ്യത്തിലാണ്. യുദ്ധം അവസാനിക്കുന്നത് വരെ അവിടെയെ നിൽക്കൂ എന്നും പറ‍ഞ്ഞു. ഇത്രയും വിഷമകരമായ സമയങ്ങളിൽ ആ കുടുംബത്തോടൊപ്പം നിൽക്കാൻ ആ കുട്ടിയെ പ്രേരിപ്പിക്കുന്നതെന്താണെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു" -സവിത തന്റെ പോസ്റ്റിൽ കുറിച്ചു.

പോസ്റ്റ് വളരെവേ​ഗം തന്നെ വൈറലായി. നിരവധിപ്പേരാണ് പെൺകുട്ടിയെയും അവളുടെ ആത്മാർത്ഥതയേയും അഭിനന്ദിച്ചത്.