Asianet News MalayalamAsianet News Malayalam

'മദ്യം കുടിപ്പിച്ചു, നോ പറഞ്ഞിട്ടും പീഡിപ്പിച്ചു, എന്ന് നീതി കിട്ടും'; ബോംബെയിലെ പെ‍ണ്‍കുട്ടി ചോദിക്കുന്നു

പൊലീസുകാർ എന്നോട് പറഞ്ഞത്, 'ഇതെല്ലാം നടന്നശേഷം നിന്നെ വീട്ടിലെത്തിക്കാനുള്ള ദയവ് അവർ കാണിച്ചല്ലോ' എന്നാണ്.  

he is free Mumbai survivor on being denied justice in rape case rlp
Author
First Published Feb 6, 2024, 11:07 AM IST

ഒരു സ്ത്രീക്കെതിരെ അതിക്രമം നടന്നു കഴിഞ്ഞാൽ ആദ്യം ഈ സമൂഹം അന്വേഷിക്കുന്നത് അവളെ കുറിച്ചാണ്. അല്ലാതെ അവൾക്കെതിരെ അതിക്രമം നടത്തിയ ആളെ കുറിച്ചല്ല. അവളെന്താണ് ധരിച്ചിരുന്നത്, അവളെന്തിനാണ് ആ സമയത്ത് അവിടെ പോയത്, ആരുടെ കൂടെയാണ് പോയത്, അവൾക്ക് പ്രണയമുണ്ടോ, പുരുഷസുഹൃത്തുക്കളുണ്ടോ ഇങ്ങനെ നീളുമത്. അതുപോലെ ഒരനുഭവമാണ് ബോംബെയിൽ നിന്നുള്ള ഈ യുവതിക്കും ഉണ്ടായത്. അവളുടെ അനുഭവം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് ഹ്യുമൻസ് ഓഫ് ബോംബെ ആണ്. 

യുവതിയുടെ അനുഭവം ഇങ്ങനെ:
 
'പീഡനം നടന്നതിന് പിന്നാലെ മൊഴി കൊടുക്കാൻ പോയപ്പോൾ പൊലീസ് ഓഫീസർ എന്നോട് പറഞ്ഞത്, നിന്റെ പരിമിതി നീ മനസിലാക്കണം. അതിനുള്ളിൽ നിന്നു വേണമായിരുന്നു പെരുമാറാൻ' എന്നാണ്. 6 മാസം മുമ്പാണ് എല്ലാത്തിന്റേയും തുടക്കം. ഇൻസ്റ്റ​ഗ്രാമിൽ എനിക്ക് 'ഹേയ്' എന്ന മെസ്സേജാണ് ആദ്യം വന്നത്. അങ്ങനെ ഞങ്ങൾ സുഹൃത്തുക്കളായി. ഒടുവിൽ നേരിൽ കാണാൻ തീരുമാനിച്ചു. 2024 ജനുവരി 13 -ന് എന്നെ അവന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് കൊണ്ടുപോയി. അവിടെ വച്ച് ഞാനവന്റെ സുഹൃത്തുക്കളെ കണ്ടു. 

പക്ഷേ, അവരെയൊന്നും എനിക്ക് പരിചയപ്പെടുത്തിത്തന്നില്ല എന്നത് എനിക്ക് വിചിത്രമായി തോന്നി. ഞങ്ങൾ അവിടെ നിന്നും ഒരുമിച്ച് മദ്യം കഴിച്ചു. പിന്നീട് മറ്റൊരു സുഹൃത്തിന്റെ ക്ലബ്ബിലേക്ക് പോയി. അവിടെ എത്തിയപ്പോഴേക്കും എനിക്ക് ആകെ അസ്വസ്ഥത തോന്നിത്തുടങ്ങി. ഞാനവനോട് കുറച്ച് വെള്ളം ചോദിച്ചു. പക്ഷേ, അവനെന്നെ കൂടുതൽ മദ്യപിക്കാൻ പ്രേരിപ്പിച്ചു. കുറച്ച് മിനിറ്റ് കഴിഞ്ഞപ്പോൾ എനിക്ക് ബോധമില്ലാത്ത അവസ്ഥയായി.

പുലർച്ചെ 5 മണിക്കാണ് ഞാൻ പിന്നെ ഉണരുന്നത്. എന്തോ എന്റെ മേലുള്ള പോലെ എനിക്ക് തോന്നി. അവനെന്നെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. 'ഞാൻ നിന്റെ ബോയ്ഫ്രണ്ടാണ് അപ്പോൾ സെക്സ് ചെയ്യുന്നതിന് കുഴപ്പമില്ലല്ലോ' എന്നാണ് അവൻ പറഞ്ഞത്. ഞാനവനെ എതിർത്തു. അവനെ തള്ളിമാറ്റി. അവനെന്നെ ക്രൂരമായി തല്ലുകയും ഉപദ്രവിക്കുകയും ചെയ്തു. എന്റെ ദേഹം മൊത്തം ചതവുകളായിരുന്നു. പിന്നാലെ അവന്റെ സുഹൃത്തുക്കൾ അകത്തേക്ക് വന്നു. 'എന്റെ അച്ഛൻ ആരാണ് എന്ന് നിനക്കറിയില്ല' എന്നാണ് അതിൽ ഒരാൾ എന്നെ ഭീഷണിപ്പെടുത്തിയത്. 

വീട്ടിലെത്തി കുറച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അവനെനിക്ക് മേസ്സെജ് ആയച്ചു. 'സോറി, അത് ആ സമയത്ത് അങ്ങനെ സംഭവിച്ചു പോയി' എന്നായിരുന്നു മെസ്സേജ്. ഞാൻ കാര്യങ്ങളെല്ലാം എന്റെ അമ്മയോട് പറഞ്ഞു. നിനക്ക് തോന്നുന്നത് പോലെ ചെയ്യൂ എന്നാണ് അമ്മ പറഞ്ഞത്. അങ്ങനെ ഞാൻ പൊലീസ് സ്റ്റേഷനിലെത്തി പീഡനത്തിന് പരാതി നൽകി. 

പൊലീസുകാർ ദിവസേന എന്നെ വിളിപ്പിച്ച് മൊഴി എടുക്കുകയും ടെസ്റ്റുകൾ നടത്താൻ ആശുപത്രിയിലേക്കയക്കുകയും ചെയ്തു. അവന്റെ സുഹൃത്തുക്കളുടെ മൊഴിയെടുത്തപ്പോൾ അത് പരസ്പര സമ്മതപ്രകാരം ആയിരുന്നു എന്നാണ് പറഞ്ഞത്. പൊലീസുകാർ എന്നോട് പറഞ്ഞത്, 'ഇതെല്ലാം നടന്നശേഷം നിന്നെ വീട്ടിലെത്തിക്കാനുള്ള ദയവ് അവർ കാണിച്ചല്ലോ' എന്നാണ്.  

രണ്ട് ആഴ്ചകൾക്ക് ശേഷം ഒരു ഹിയറിം​ഗ് നടന്നു. ഹോസ്പിറ്റലിൽ ആയിരുന്നതിനാൽ എനിക്ക് ചെല്ലാനായില്ല. എന്റെ ആവശ്യപ്രകാരമാണ് എല്ലാം നടന്നത് എന്നാണ് അവൻ പറഞ്ഞത്. എന്റെ കഥ കേൾക്കാതെ തന്നെ അവന് സംരക്ഷണം കിട്ടി. 

അതിനാൽ ഞാൻ നടന്നതെല്ലാം ഓൺലൈനിൽ എഴുതി. പല പെൺകുട്ടികളും അത് വായിച്ച് 'തങ്ങൾക്കും ഇത് തന്നെ സംഭവിച്ചു' എന്നാണ് പറഞ്ഞത്. ചിലർ പറഞ്ഞത് 'ഞാൻ കുടിക്കാൻ പാടില്ലായിരുന്നു' എന്നാണ്. ഞാൻ എന്റെ ഇഷ്ടത്തിന് കുടിച്ചു, എന്റെ ഇഷ്ടത്തിന് അവനോട് സംസാരിച്ചു. എന്നാൽ ഞാൻ അവൻ ചെയ്തതിനോട് 'നോ' പറഞ്ഞിരുന്നു. അപ്പോൾ അവൻ അവിടെ വച്ച് നിർത്തണമായിരുന്നു. 

ഇന്നാണ് കേസിന്റെ അടുത്ത ഹിയറിം​ഗ് നടക്കുന്നത്. എല്ലാ ആളുകളുടെയും പിന്തുണ തനിക്ക് ആവശ്യമുണ്ട്. നോ എന്നാൽ നോ എന്ന് തന്നെയാണ് എന്ന് പറഞ്ഞാണ് പെൺകുട്ടി തന്റെ അനുഭവം പറഞ്ഞവസാനിപ്പിക്കുന്നത്. 

'ഡേറ്റ് റേപ്പ്' ഇന്ന് വളരെ സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഡേറ്റിന് പോകുമ്പോൾ മദ്യപിക്കുകയും, സ്ത്രീകളെ മദ്യപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത ശേഷം ശാരീരികമായി അതിക്രമങ്ങൾ നടക്കുന്ന ഒരുപാട് സംഭവങ്ങൾ നടക്കുന്നുണ്ട്. പലപ്പോഴും പലരും ഭയന്ന് സംഭവം പുറത്ത് പറയാറില്ല. ഇനി അഥവാ പറഞ്ഞാലും പല സ്ത്രീകൾക്കും നീതി കിട്ടാറുമില്ല. 

'നോ' എന്ന് പറഞ്ഞാൽ 'നോ' എന്ന് തന്നെയാണെന്ന് എന്നാണ് ഇനി നമ്മുടെ സമൂഹം പഠിക്കുക? 

Follow Us:
Download App:
  • android
  • ios