കൊടും ചൂടുള്ള ദിവസം വൈദ്യുതി മുടക്കം കാരണം ഒറ്റരാത്രികൊണ്ട് തന്റെ കോഴികളെല്ലാം ചത്തതിനെ തുടർന്ന് സിചുവാനിലെ ഒരു കോഴി കർഷകൻ പൊട്ടിക്കരയുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു.
കൊടുംചൂടിൽ വരളുകയാണ് ലോകത്തിലെ പല സ്ഥലങ്ങളും. അതിൽ നിന്നും വിഭിന്നമല്ല ചൈനയുടെ അവസ്ഥയും. ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യകളിൽ താമസിക്കുന്നവർ ഇപ്പോൾ ഈ കടുത്ത ചൂടിനെ നേരിടാൻ ക്രിയാത്മകമായ ചില വഴികളിലേക്ക് തിരിയുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 40C (104F) ആണ് ഇവിടെ താപനില. ചോങ്‌കിംഗിലും അയൽപ്രദേശമായ സിച്ചുവാനിലും ഉള്ളവർ ചൂടിൽ നിന്ന് അഭയം തേടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഭൂഗർഭ ബങ്കറുകളിലേക്കും ഗുഹാ റെസ്റ്റോറന്റുകളിലേക്കും പോകുന്നുവെന്നാണ് പുതിയ റിപ്പോർട്ട്.
ചില വിദഗ്ധർ പറയുന്നത്, ഈ ചൂടിന്റെ തീവ്രത ആഗോള ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായ ഒന്നായി മാറുമെന്നാണ്. ഈ കൊടുംചൂട് ചൈനയിൽ വരൾച്ച രൂക്ഷമാക്കി. പ്രവിശ്യകളിലെ ചില ട്രെയിൻ സ്റ്റേഷനുകൾ വൈദ്യുതി ലാഭിക്കുന്നതിനായി അവരുടെ ലൈറ്റുകൾ പലതും ഡിം ചെയ്യുകയാണ്. ചോങ്‌കിംഗിലെ ഇരുട്ട് നിറഞ്ഞ ട്രെയിനുകളിൽ ഇരിക്കുകയും, ഇരുണ്ട തെരുവുകളിലൂടെ നടക്കുകയും ചെയ്യുന്ന ആളുകളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വൈദ്യുതി ലാഭിക്കുന്നതിനായി, സിചുവാനിലെ സർക്കാർ ഓഫീസുകളോട് എയർ കണ്ടീഷനിംഗ് നില 26C-യിൽ കുറയാതെ നിലനിർത്താൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. അതേസമയം ചോങ്‌കിംഗിലെ അധികൃതർ വ്യാവസായിക സ്ഥാപനങ്ങളോട് കുറഞ്ഞത് വ്യാഴാഴ്ച വരെ അവരുടെ പ്രവർത്തനം നിയന്ത്രിക്കാൻ ഉത്തരവിട്ടിരിക്കയാണ്.
ചില സ്ഥാപനങ്ങൾ തണുപ്പ് നിലനിർത്താനായി വലിയ ഐസ് കട്ടകൾ ഓഫീസിലുപയോഗിക്കുകയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഓഫീസിന് പുറത്ത് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും പലരും ഗുഹകളിലേക്കും ഭൂഗർഭ ബങ്കറുകളിലേക്കും ഒക്കെ മാറ്റിയിരിക്കയാണ്.
നേരത്തേയും വേനൽ കാലത്ത് ഇതുപോലെ ഭൂമിക്കടിയിലെ റെസ്റ്റോറന്റുകൾ പ്രവർത്തിച്ചിരുന്നു. എന്നാൽ, ഇപ്പോഴത് പ്രധാനപ്പെട്ട ഒന്നായി മാറിയിരിക്കുന്നു. ബഹുഭൂരിപക്ഷം ആളുകളും ഇപ്പോൾ അത് ആശ്രയിച്ച് തുടങ്ങിയിരിക്കുന്നു. മറ്റു ചിലർ ഭൂഗർഭ അറകളിൽ അഭയം തേടുകയാണ്. പായയും മറ്റുമായി അവിടെ കഴിയുകയാണ് പലരും.
കാർഷികമേഖലയിൽ പ്രവർത്തിക്കുന്നവരെ ഈ കൊടും ചൂടും വരൾച്ചയും അമ്പേ തകർത്തു കളഞ്ഞിരിക്കയാണ്. കൊടും ചൂടുള്ള ദിവസം വൈദ്യുതി മുടക്കം കാരണം ഒറ്റരാത്രികൊണ്ട് തന്റെ കോഴികളെല്ലാം ചത്തതിനെ തുടർന്ന് സിചുവാനിലെ ഒരു കോഴി കർഷകൻ പൊട്ടിക്കരയുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു.
ചൈനയിലെ നദികളിലെല്ലാം വെള്ളം താഴ്ന്നു കൊണ്ടിരിക്കയാണ്. ഇതോടെ സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായ് ഉൾപ്പെടെ ചൈനയിലെ വിവിധ നഗരങ്ങളിൽ ഊർജം വെട്ടിക്കുറച്ചിരിക്കയാണ്. ലോകമെമ്പാടും കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കയാണ് എന്ന കാര്യത്തിൽ സംശയമേതും ഇല്ല.
