റിപ്പോർട്ടുകൾ പ്രകാരം, ഹിമാനികൾ ഉരുകുന്നത് കാരണം വേറെയും ആളുകളുടെ ഭൗതികാവശിഷ്ടങ്ങളും സമീപ വർഷങ്ങളിൽ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.
സ്വിറ്റ്‌സർലൻഡിലെ പെനൈൻ ആൽപ്‌സ് പർവതനിരകളിൽ 50 വർഷം മുമ്പ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. അടുത്തിടെ മഞ്ഞിനടിയിൽ നിന്നുമാണ് ബ്രിട്ടീഷുകാരനായ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കണക്കുകൾ പ്രകാരം, 1925 മുതൽ സ്വിറ്റ്സർലൻഡിലെ പെനൈൻ ആൽപ്‌സിൽ 300 -ലധികം ആളുകളെയാണ് കാണാതെയായിട്ടുള്ളത്.
2022 സപ്തംബർ അഞ്ചിനാണ് പൊലീസ് സംഘം ഇയാളുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. എന്നാൽ, ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഏകദേശം 32 വയസുള്ള ബ്രിട്ടീഷ് പൗരനാണ് മരിച്ചത് എന്നത് മാത്രമാണ് ഇതുവരെ വെളിപ്പെടുത്തിയിട്ടുള്ളത്.
അതേ സമയം 1974 ഡിസംബർ 31 മുതൽ ഗ്രാൻഡ് കോമ്പിൻ ഏരിയയിൽ നിന്നും ഒരാളെ കാണാതായത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അയാളായിരിക്കാം ഇത് എന്നാണ് ഭൗതികാവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നത് എന്ന് കാന്റൺ പൊലീസ് പറയുന്നു. ഗ്രേറ്റ് ബ്രിട്ടണിലെ പൊലീസുമായി സഹകരിച്ച് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് സൂചന ലഭിച്ചത്.
റിപ്പോർട്ടുകൾ പ്രകാരം, ഹിമാനികൾ ഉരുകുന്നത് കാരണം വേറെയും ആളുകളുടെ ഭൗതികാവശിഷ്ടങ്ങളും സമീപ വർഷങ്ങളിൽ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ ഏജന്റുമാർ വ്യോമസേനയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്, ഇങ്ങനെ ഹിമാനികൾ ഉരുകുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട് എന്നും പൊലീസ് വക്താവ് പറഞ്ഞു.
ഈ കാൽനടയാത്രക്കാരനെ കൂടാതെ, 2017 -ൽ ഒരു സ്വിസ് ദമ്പതികളുടെ മൃതദേഹങ്ങളും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. ഈ ദമ്പതികൾ 1942 -ൽ വീടിനടുത്ത് പുൽമേട്ടിൽ പശുക്കളെ മേയ്ക്കാൻ പോയതായിരുന്നു. എന്നാൽ, പിന്നീട് മടങ്ങിവന്നില്ല. പക്ഷേ, അവരുടെ കുടുംബം അന്വേഷണം തുടർന്നു കൊണ്ടേയിരുന്നു. അവരുടെ ഇളയ മകൾ മാധ്യമങ്ങളോട് പറഞ്ഞത് തങ്ങൾ അവർക്ക് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചിരുന്നില്ല എന്നാണ്.
ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഹൈക്കറെയും സ്വിസ് ദമ്പതികളെയും കൂടാതെ, 17 കാൽനടയാത്രക്കാരെ 2022 ജൂലൈ 4 -ന് കാണാതായതായി ട്രെന്റോ പ്രോസിക്യൂട്ടർ സാന്ദ്രോ റൈമോണ്ടി വെളിപ്പെടുത്തിയിരുന്നു. ഹിമാനിയുടെ ഒരു ഭാഗം തകർന്നു വീണതിനെ തുടർന്നാണ് ഇവരെ കാണാതായത് എന്ന് ഇറ്റാലിയൻ അന്വേഷണ ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു.
