പക്ഷേ, വിചാരിക്കും പോലെ തീർത്തും മനോഹരമല്ല, ഈ യാത്രകൾ. ചിലപ്പോൾ അപകടങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം പറയുന്നു. തിയോഡോർ റൂസ്‌വെൽറ്റിന്റെ ശവകുടീരം കണ്ടെത്താൻ ഓസ്റ്റർ ബേ സന്ദർശിച്ച സംഭവം അദ്ദേഹം അതിന് ഒരു ഉദാഹരണമായി പറയുന്നു.

നമുക്കെല്ലാവർക്കും ഓരോ ഹോബികൾ കാണും. അതിൽ യാത്രകൾ ഇഷ്ടപ്പെടുന്നവരുമുണ്ടാകും. പുതിയ സ്ഥലങ്ങൾ, രാജ്യങ്ങൾ എല്ലാം ചുറ്റിക്കാണാൻ അക്കൂട്ടർക്ക് വലിയ താല്പര്യമായിരിക്കും. എന്നാൽ, യുകെയിൽ നിന്നുള്ള ഒരു ചെറുപ്പക്കാരന് പോകാൻ ഇഷ്ടം സെമിത്തേരികളിലേക്കാണ്. അതും പ്രശസ്തരുടെ കുഴിമാടങ്ങളിലേക്കാണ് അദ്ദേഹത്തിന്റെ യാത്രകൾ. കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നുമെങ്കിലും, ഏകദേശം ഒരു കോടിയിലധികം രൂപ അദ്ദേഹം ഇതിനായി മുടക്കി കഴിഞ്ഞു.

യുകെയിലെ വോൾവർഹാംപ്ടണിൽ നിന്നുള്ള മാർക്ക് ഡാബ്സാണ് ഈ വ്യത്യസ്തമായ ഹോബിയുടെ ഉടമ. ലോകമെമ്പാടുമുള്ള 700 ശ്മശാനങ്ങൾ അദ്ദേഹം ഇതിനകം സന്ദർശിച്ച് കഴിഞ്ഞു. അതിനായി ഒരു കോടി അമ്പത്തി മൂന്ന് ലക്ഷം രൂപ കാലിയാക്കുകയും ചെയ്തു. സിയാറ്റിലിലുള്ള ബ്രൂസ് ലീയുടെ ശവകുടീരം, ചൈനയിലുള്ള മാവോയുടെ ശവകുടീരം ഒക്കെ അദ്ദേഹം കണ്ടിട്ടുണ്ട്. കൂടാതെ, വാഷിംഗ്ടൺ ഡിസിയിലെ ജോൺ എഫ് കെന്നഡിയുടെയും ലോസ് ഏഞ്ചൽസിലെ മെർലിൻ മൺറോയുടെയും ശവകുടീരങ്ങളും അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. മാർക്കിന് ഇപ്പോൾ 49 വയസ്സാണ്. എന്നിട്ടും തന്റെ യാത്രകൾ അവസാനിപ്പിക്കാൻ അദ്ദേഹത്തിന് ഒട്ടും തന്നെ ഉദ്ദേശമില്ല. സമ്പന്നരും പ്രശസ്തരുമായവരുടെ അന്ത്യവിശ്രമ സ്ഥലങ്ങൾ കണ്ടെത്താൻ മാർക്ക് തന്റെ ജീവിതം മാറ്റി വച്ചിരിക്കയാണ്. പുസ്തകത്തിൽ പഠിപ്പിക്കാത്ത ചരിത്രത്തിന്റെ കാണാ പുറങ്ങൾ തേടിയാണ് തന്റെ ഈ യാത്രകളെന്ന് അദ്ദേഹം പറയുന്നു.

അടക്കം ചെയ്യപ്പെടാത്ത മൂന്ന് പ്രധാനമന്ത്രിമാരൊഴികെ, എല്ലാ പ്രധാനമന്ത്രിമാരുടെയും ശവകുടീരങ്ങൾ താൻ സന്ദർശിച്ചിട്ടുണ്ടെന്ന് മാർക്ക് അവകാശപ്പെടുന്നു. കായികതാരമായ സർ റോജർ ബാനിസ്റ്ററിന്റെ ഓക്‌സ്‌ഫോർഡിലെ ശവകുടീരം, കവി റോബർട്ട് ബേൺസ്, റേസിംഗ് താരം ജിം ക്ലാർക്ക്, പീറ്റർ പാൻ എഴുതിയ ജെ.എം. ബാരി എന്നിവരുടെ സ്കോട്ട്ലൻഡിലെ ശവകുടീരങ്ങൾ, എല്ലാം ചരിത്രത്തിലേക്കുള്ള വാതിലുകളാണ് എന്ന് അദ്ദേഹം പറയുന്നു. ചർച്ചിലിനെയും റൂസ്‌വെൽറ്റിനെയും സന്ദർശിച്ച ശേഷം സ്റ്റാലിനെ കാണാൻ വീണ്ടും മോസ്കോവിൽ പോകാനാണ് അദ്ദേഹം പദ്ധതിയിടുന്നത്. ഈ യാത്രകൾ ശരിക്കും കൗതുകമുണർത്തുന്നവയാണ് എന്നദ്ദേഹം അഭിപ്രായപ്പെടുന്നു.

പക്ഷേ, വിചാരിക്കും പോലെ തീർത്തും മനോഹരമല്ല, ഈ യാത്രകൾ. ചിലപ്പോൾ അപകടങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം പറയുന്നു. തിയോഡോർ റൂസ്‌വെൽറ്റിന്റെ ശവകുടീരം കണ്ടെത്താൻ ഓസ്റ്റർ ബേ സന്ദർശിച്ച സംഭവം അദ്ദേഹം അതിന് ഒരു ഉദാഹരണമായി പറയുന്നു. ശവക്കുഴി കമ്പിയഴികൾക്ക് അകത്തായിരുന്നു. ഗേറ്റുകൾ അടഞ്ഞു കിടന്നതിനാൽ അതിന്റെ അടുത്ത് പോകാൻ സാധിച്ചില്ല. മാർക്ക് എന്ത് ചെയ്തു? അടുത്ത് കിടന്നിരുന്ന ഒരു ഇരുമ്പ് കോണിയിൽ വലിഞ്ഞു കയറി. ഒരു ഫോട്ടോ എടുക്കാനുള്ള ആഗ്രഹത്തിന്റെ പേരിൽ കയറിയതാണ്. എന്നാൽ അടി തെറ്റി കോണിയിൽ നിന്ന് താഴെ വീണു. മണിക്കൂറുകളോളം അദ്ദേഹം അവിടെ കുടുങ്ങി കിടന്നു. ഒടുവിൽ ട്രൈപോഡ് താഴത്തെ പടിയിൽ കൊളുത്തി വച്ച് അദ്ദേഹം അതിൽ വലിഞ്ഞ് പിടിച്ച് പുറത്ത് വരികയായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും, ഈ യാത്രകൾ താൻ ശരിക്കും ആസ്വദിക്കുന്നുണ്ട് എന്ന് മാർക്ക് കൂട്ടിച്ചേർത്തു.