Asianet News MalayalamAsianet News Malayalam

ജോലിക്കാര്യത്തിന് വീട്ടിൽനിന്നും മാറിനിന്നു, തിരികെ വന്നപ്പോൾ വീടിരുന്നിടത്ത് ആറുനില കെട്ടിടം

കുടുംബത്തോടൊപ്പം ബെംഗളൂരുവിലേക്ക് മാറിയ ഉടമയ്ക്ക്, ഭാര്യ മരിച്ചതിനുശേഷം സ്ഥലം സന്ദർശിക്കാനോ, വീട് പരിപാലിക്കാനോ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. 

his house replaced by a six-storey building
Author
Chennai, First Published Feb 13, 2021, 10:42 AM IST

നാഗലിംഗമൂർത്തി 1988 -ലാണ് സ്വന്തമായി ഒരു തുണ്ട് ഭൂമി വാങ്ങി അവിടെ ഒരു വീട് പണിതത്. പിന്നീട് 1994 -ൽ ജോലിക്കാര്യത്തിനായി അദ്ദേഹത്തിന് കുടുംബത്തോടൊപ്പം സ്വന്തം വീട് വിട്ട് ബെംഗളൂരുവിലേക്ക് പോകേണ്ടി വന്നു. എന്നാൽ, അടുത്തിടെ ചെന്നൈയിലെ സ്വന്തം വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹത്തിന് ഒട്ടും സുഖകരമല്ലാത്ത ഒരു കാര്യമാണ് കാണേണ്ടി വന്നത്. തന്റെ പ്രിയപ്പെട്ട വീടിരുന്നിടത്ത് ഒരു ബഹുനില കെട്ടിടം ഉയർന്ന് വന്നിരിക്കുന്നു. ആരോ അയാളുടെ ഭൂമി പിടിച്ചെടുത്ത് അനധികൃതമായി ഒരു ആറ് നില കെട്ടിടം പണിതിരിക്കുന്നു.  

തന്റെ ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നു എന്നറിഞ്ഞതോടെയാണ് നാഗലിംഗമൂർത്തി പൊലീസിന് പരാതി നൽകിയത്. സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ എൻട്രസ്റ്റ് ഡോക്യുമെന്റ് ഫ്രോഡ് (ഇഡിഎഫ്) പ്രിവൻഷൻ വിംഗ് ഉടനെ തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, ഒരു സ്വകാര്യ കെട്ടിട നിർമ്മാതാവിന്റെ കീഴിൽ ജോലി ചെയ്യുന്ന 42 -കാരനെയാണ് മദിപാക്കത്തിൽ 2,400 ചതുരശ്ര അടി ഭൂമി കൈയേറിയതിനും, ഉടമസ്ഥന്റെ അറിവില്ലാതെ അവിടെ ആറ് നില കെട്ടിടം നിർമ്മിച്ചതിനും പൊലീസ് അറസ്റ്റ് ചെയ്തത്. മലയമ്പാക്കം നിവാസിയായ കെ രാജമന്നാറാണ് മൂന്നാം കക്ഷി. ഇയാൾ ഭൂവുടമയായി അഭിനയിക്കുകയും, ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറിയതായി വ്യാജ രേഖകൾ ചമക്കുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു.

കുടുംബത്തോടൊപ്പം ബെംഗളൂരുവിലേക്ക് മാറിയ ഉടമയ്ക്ക്, ഭാര്യ മരിച്ചതിനുശേഷം സ്ഥലം സന്ദർശിക്കാനോ, വീട് പരിപാലിക്കാനോ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. രാജമന്നാറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതുപോലെതന്നെ, 65 ലക്ഷം രൂപ വിലമതിക്കുന്ന 2,400 ചതുരശ്രയടി ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറാൻ വ്യാജ രേഖകൾ സമർപ്പിച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. എം കാജാ മൊയ്ദീൻ (32), എം മോഹൻ (46), ജെ രാമയ്യ (53) എന്നിവരാണ് അറസ്റ്റിലായത്. മൂവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇതുപോലെ ഭൂമാഫിയകളുടെ ഇടപെടലിൽ സ്വന്തം ഭൂമിയും കിടപ്പാടവും നഷടമാകുന്നവർ അനവധിയാണ്.  

(ചിത്രം പ്രതീകാത്മകം) 

Follow Us:
Download App:
  • android
  • ios